റോഡ് ഉപരോധം; പ്രവാസികളുൾപ്പെടെ 55 പേര്‍ക്ക് വിമാനയാത്ര മുടങ്ങി

വിഴിഞ്ഞം തുറമുഖവിരുദ്ധ സമരക്കാര്‍ തലസ്ഥാനത്തെ എട്ട് കേന്ദ്രങ്ങളില്‍ നടത്തിയ റോഡ് ഉപരോധത്തില്‍ 55 പേര്‍ക്ക് വിമാനയാത്ര മുടങ്ങിയെന്ന് പ്രാഥമിക കണക്ക്. ആഭ്യന്തര യാത്രക്കാരാണ് യാത്ര മുടങ്ങിയവരുടെ പട്ടികയില്‍ കൂടുതലുമെന്നാണ് വിമാനത്താവള അധികൃതര്‍ പറയുന്നത്. ചാക്ക അടക്കമുള്ള വിമാനത്താവളത്തിലേക്കു പോകുന്ന പ്രധാന റോഡില്‍ ഉപരോധ സമരം നടക്കുമെന്നു നേരത്തെ സമരക്കാര്‍ പ്രഖ്യാപിച്ചിരുന്നതാണെങ്കിലും യാത്രക്കാര്‍ക്ക് കൃത്യമായ ബദല്‍ പാതയൊരുക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടതോടെ യാത്രക്കാര്‍ വലഞ്ഞു.

ആറ്റിങ്ങല്‍, കഴക്കൂട്ടം, സ്റ്റേഷന്‍കടവ്, ചാക്ക, തിരുവല്ലം, വിഴിഞ്ഞം, പൂവാര്‍, ഉച്ചക്കട എന്നിവിടങ്ങളില്‍ രാവിലെ എട്ടരയോടെയാണ് ഉപരോധം ആരംഭിച്ചത്. വൈകിട്ട് മൂന്നുവരെ പ്രതിഷേധം നീണ്ടു. ഇതോടെ അത്യാവശ്യ കാര്യങ്ങള്‍ക്കായി ജില്ലയ്ക്ക് പുറത്തുനിന്ന് എത്തിയ യാത്രക്കാരാണ് കൂടുതലും വലഞ്ഞത്. വിമാനത്താവളത്തിലേക്കുള്ള യാത്രക്കാര്‍ വിവിധയിടങ്ങളില്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങി. ഗതാഗതക്കുരുക്ക് മറികടന്ന് മറ്റ് വഴികളിലൂടെ എത്താന്‍ ശ്രമിച്ചെങ്കിലും പലരും മണിക്കൂറുകള്‍ വിമാനത്താവളത്തിലേക്കുള്ള യാത്രയില്‍ വഴിയില്‍ കുടുങ്ങി. ഇതോടെ ഇവര്‍ ടിക്കറ്റെടുത്ത വിമാനങ്ങളില്‍ കയറാന്‍ സാധിക്കാതെവന്നു.

ഇന്ത്യയ്ക്ക് പുറത്ത് വിദേശത്തേക്ക് പോകണ്ടിയിരുന്നവരുള്‍പ്പെടെയുള്ളവര്‍ക്കാണ് സമരം മൂലം യാത്ര മുടങ്ങിയത്. ഇന്‍ഡിഗോ വിമാനത്തില്‍ ചെന്നൈ, ബെംഗളൂരു, കണ്ണൂര്‍ എന്നിവിടങ്ങളിലേക്കു പോകേണ്ടിയിരുന്ന 40 പേര്‍ക്കും വിസ്താര എയര്‍ലൈന്‍സില്‍ പോകേണ്ട 11 പേര്‍ക്കും മസ്‌ക്കറ്റിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസില്‍ പോകേണ്ടിയിരുന്ന മൂന്ന് പേര്‍ക്കും ശ്രീലങ്കയിലേക്കു പോകേണ്ടിയിരുന്ന ഒരാള്‍ക്കുമാണ് യാത്ര മുടങ്ങിയത്.

അതേസമയം, വിവിധ ഇടങ്ങളില്‍ നടന്ന സമരത്തില്‍ പൊതുജനം നന്നായി ബുദ്ധിമുട്ടി. ചിലയിടങ്ങളില്‍ കാല്‍നടയാത്രക്കാരേപ്പോലും തടയുന്ന തരത്തില്‍ സമരക്കാര്‍ റോഡുകള്‍ ഉപരോധിച്ചത് വിമര്‍ശനങ്ങളുയര്‍ത്തിയിട്ടുണ്ട്. ആറ്റിങ്ങലില്‍ രോഗിയുമായി പോയ ആംബുലന്‍സ് സമരക്കാര്‍ തടഞ്ഞത് സംഘര്‍ഷത്തിന് കാരണമായി.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Share
error: Content is protected !!