ലോകകപ്പ് കാണാൻ കണ്ണൂരിൽ നിന്ന് സ്വന്തമായി ജീപ്പോടിച്ച് ‘ഓള്’ ഖത്തറിലേക്ക് പുറപ്പെട്ടു

ഖത്തർ ലോകകപ്പ് കാണാൻ കണ്ണൂരിൽ നിന്നും ഒറ്റക്ക് വാഹനമോടിച്ച് ഖത്തറിലേക്ക് യാത്ര തിരിച്ച മലയാളി യുവതി ശ്രദ്ധേയമാകുന്നു. മാഹി സ്വദേശിയായ നാജി നൗഷി എന്ന മുപ്പത്തിരണ്ടുകാരിയാണ് സ്വന്തമായി വാഹനമോടിച്ച് റോഡ് മാർഗം ഖത്തറിലേക്ക് പുറപ്പെട്ടത്. അഞ്ചുമക്കളുടെ അമ്മയായ ഈ യുവതിക്ക് പക്ഷേ ഇത് വലിയ പുതുമയുളള കാര്യമല്ല. ഹിച്ച് ഹൈക്കിങ്ങിലൂടെ നേപ്പാളിലേക്ക് ഒറ്റക്ക് യാത്രചെയ്ത ഈ പെൺപുലിക്ക് ജീവിതത്തിലെ അനന്തമായ സഞ്ചാരപഥങ്ങളിൽ ഒന്ന് മാത്രമാണിത്.

പ്ലസ്ടുവരെ മാത്രം വിദ്യാഭ്യാസമുള്ള സാധാരണ പെൺകുട്ടിയായിരുന്ന നാജി അഞ്ചുദിവസം മാത്രമെടുത്ത് എവറസ്റ്റ് ബേസ് ക്യാംപ് കയറിച്ചെന്ന ആദ്യമലയാളി വനിതയെന്ന റെക്കോർഡിനും ഉടമയാണ്.

‘ഓള്’ എന്നെഴുതിയ താർ ജീപ്പിലാണ് നാജി എന്ന മാഹിക്കാരി ഖത്തറിലേക്ക് പുറപ്പെട്ടത്. നാജിയുടെ ലോകകപ്പ് പ്രണയത്തിലേക്കുള്ള യാത്ര കണ്ണൂരിൽ ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു ഫ്‌ളാഗ് ഓഫ് ചെയ്തു.

കടുത്ത അർജന്റീനിയൻ ആരാധികയായ നാജി നൗഷി മുംബൈ വരെ റോഡ് മാർഗം യാത്ര ചെയ്ത ശേഷം അവിടെ നിന്ന് ജീപ്പ് ഉൾപെടെ കപ്പലിൽ ഒമാനിലേക്ക് തിരിക്കും. ഒമാനിൽ നിന്ന് യു.എ.ഇ,കുവൈത്ത് എന്നിവ പിന്നിട്ട് സൗദി വഴി ഖത്തറിൽ പ്രവേശിക്കും.

ഖത്തർ പതാക കൊണ്ട് അലങ്കരിച്ച വാഹനത്തിൽ ഡിസംബർ ആദ്യ വാരം ഖത്തറിലെ സ്റ്റേഡിയത്തിനരികിൽ ചെന്നിറങ്ങാമെന്നാണ് ഈ യുവതിയുടെ കണക്കുകൂട്ടൽ.

അത്യാവശ്യം ഭക്ഷണമുണ്ടാക്കാനുള്ള സൗകര്യങ്ങളും പുറത്തു കിടന്നുറങ്ങാനുള്ള ടെന്റുമെല്ലാം നാജിയുടെ വാഹനത്തിലുണ്ട്. ഒമാനിൽ ഹോട്ടൽ മേഖലയിൽ ജോലി ചെയ്യുന്ന നൗഷാദ് ആണ് നാജിയുടെ ഭർത്താവ്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!