അതിരുകളില്ലാത്ത സ്‌നേഹം; പ്രവാസിയുടെ വിവാഹ പാര്‍ട്ടിയുടെ എല്ലാ ചെലവുകളും വഹിച്ച് സൗദി സ്‌പോണ്‍സര്‍ – വീഡിയോ

ദേശങ്ങള്‍ക്കും ഭാഷകള്‍ക്കും അപ്പുറം മനുഷ്യസ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പുതിയ നിര്‍വചനമാകുകയാണ് സൗദി അറേബ്യയിലെ ഒരു സ്വദേശി സ്‌പോണ്‍സര്‍. തന്റെ തൊഴിലാളിയുടെ വിവാഹ വിരുന്നിന്റെ ചെലവുകള്‍ വഹിച്ചും വിരുന്ന് കെങ്കേമമാക്കിയുമാണ് സ്‌പോണ്‍സര്‍ തൊഴിലാളിയോടുള്ള സ്‌നേഹം പ്രകടിപ്പിച്ചത്.

സുഡാന്‍ പൗരനായ തൊഴിലാളിയുടെ വിവാഹ പാര്‍ട്ടിയാണ് സ്‌പോണ്‍സര്‍ ഏറ്റെടുത്ത് നടത്തിയത്. സൗദിയുടെ വടക്കുള്ള അല്‍ ജൗഫ് മേഖലയിലാണ് സഭവം നടന്നതെന്ന് ‘അല്‍ ഇക്ബാരിയ’ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. സുഡാനി തൊഴിലാളിയുടെ വിവാഹ പാര്‍ട്ടിക്കെത്തുന്നവരെ സ്വീകരിക്കുകയും സന്തോഷം പങ്കുവെക്കുകയും ചെയ്യുന്ന സ്‌പോണ്‍സറുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

തന്റെ വിവാഹ ചടങ്ങ് സൗദിയില്‍ വെച്ച് നടത്താന്‍ സുഡാന്‍ പൗരന്‍ തീരുമാനിച്ചതോടെ അതിന്റെ ചെലവുകള്‍ വഹിക്കാന്‍ സ്‌പോണ്‍സര്‍ തയ്യാറാവുകയായിരുന്നു. സുഡാന്‍ പൗരനായ മുഹമ്മദ് ജമാലിനെ എല്ലാവര്‍ക്കും ഇഷ്ടമാണെന്നും കൂടെ ജോലി ചെയ്യുന്നവര്‍ ഇത് സാക്ഷ്യപ്പെടുത്തുമെന്നും സൗദി പൗരനും സ്‌പോണ്‍സറുമായ മൂസ അല്‍ ഖാദിബ് പറഞ്ഞു.

ഏഴു വര്‍ഷത്തിലേറെയായി എഞ്ചി. മൂസ അല്‍ ഖാദിബിനൊപ്പം ജോലി ചെയ്യുകയാണെന്നും അദ്ദേഹവുമായുള്ള ബന്ധം തൊഴില്‍പരമായി മാത്രം നിര്‍വചിക്കാനാവില്ലെന്നും സുഡാന്‍ പൗരനായ മുഹമ്മദ് ജമാല്‍ പറഞ്ഞു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

വീഡിയോ കാണാം..

 

Share
error: Content is protected !!