കടകളില്‍ ഇന്നു മുതല്‍ പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പണം ഈടാക്കിത്തുടങ്ങി

ഷാര്‍ജയിലെ കടകളില്‍ പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പണം ഈടാക്കിത്തുടങ്ങി. ഇന്നു മുതല്‍ ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്ന ഓരോ പ്ലാസ്റ്റിക് ബാഗിനും 25 ഫില്‍സ് വീതമായിരിക്കും ഈടാക്കുക. ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ബാഗുകള്‍ എമിറേറ്റില്‍ നിരോധിക്കുന്നതിന് മുന്നോടിയായാണ് അവയ്ക്ക് പണം ഈടാക്കുന്നത്. ഇത് സംബന്ധിച്ച് നേരത്തെ തന്നെ അധികൃതര്‍ അറിയിപ്പ് നല്‍കിയിരുന്നു.

2024 ജനുവരി ഒന്ന് മുതല്‍ ഒറ്റവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ബാഗുകളുടെയും സമാനമായ മറ്റ് സാധനങ്ങളുടെയും ഉത്പാദനം, വ്യാപാരം, ഇറക്കുമതി എന്നിവയും വിതരണവും പൂര്‍ണമായി നിരോധിക്കും. ഒറ്റവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പകരമായി പലതവണ ഉപയോഗിക്കാവുന്ന തരത്തിലുള്ള പ്രകൃതി സൗഹൃദ ബദല്‍ സംവിധാനങ്ങള്‍ വ്യാപാര സ്ഥാപനങ്ങള്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കണമെന്നും ഷാര്‍ജ എക്സിക്യൂട്ടീവ് കൗണ്‍സില്‍ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

പ്ലാസ്റ്റിക് മലിനീകരണം കൊണ്ടുണ്ടാകുന്ന ദൂഷ്യവശങ്ങള്‍ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാന്‍ ലക്ഷ്യമിട്ടാണ് ഒറ്റവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നത്. പൂര്‍ണമായ നിരോധനം കൊണ്ടുവരുന്നതിന് മുമ്പ് ഇത്തരം ഉത്പന്നങ്ങളുടെ ഉപയോഗം കുറച്ചുകൊണ്ടുവന്ന് അതുമായി താദാത്മ്യം പ്രാപിക്കാന്‍ ഉപഭോക്താക്കളെ പ്രാപ്തമാക്കുന്ന തരത്തിലായിരിക്കും നിരോധം ഏര്‍പ്പെടുത്തുക.

ഒറ്റവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പകരമായി കൊണ്ടുവരുന്ന മറ്റ് ബാഗുകളുടെ ഉപയോഗം നിര്‍ണിത മാനദണ്ഡങ്ങള്‍ പ്രകാരമാണെന്ന് അധികൃതര്‍ ഉറപ്പുവരുത്തും. ഇത്തരം ബാഗുകള്‍ മുനിസിപ്പല്‍കാര്യ വകുപ്പ് അംഗീകരിക്കുന്ന സാങ്കേതിക മാനദണ്ഡങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കും. ഓരോ വ്യാപര സ്ഥാപനത്തിലുമെത്തുന്ന ഉപഭോക്താക്കളോട് ഒറ്റവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ബാഗുകള്‍ക്ക് 25 ഫില്‍സ് വീതം ഈടാക്കുമെന്നും അതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും വ്യാപാര സ്ഥാപനങ്ങള്‍ വിവരിച്ചുകൊടുക്കണം. ഇത്തരം ബാഗുകളുടെ ഉപയോഗം സ്റ്റോറുകളും നിയന്ത്രിക്കണം.

നിരോധനം നടപ്പാക്കാനാവശ്യമായ മാനദണ്ഡങ്ങളും നിബന്ധനകളും തയ്യാറാക്കാന്‍ മുനിസിപ്പല്‍കാര്യ മന്ത്രാലയത്തോട് ഷാര്‍ജ എക്സിക്യൂട്ടീവ് കൗണ്‍സില്‍ ആവശ്യപ്പെട്ടു. ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കും. ഷാര്‍ജ ഭരണാധികാരിയും യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നിര്‍ദേശപ്രകാരമാണ് ഒറ്റവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം കൊണ്ടുവരുന്നത്.

അബുദാബിയില്‍ ജൂണ്‍ ഒന്ന് മുതലും ദുബൈയില്‍ ജൂലൈ ഒന്ന് മുതലും ഒറ്റവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനം പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. നിലവില്‍ ഇവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിലവില്‍ ഒറ്റവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ബാഗുകള്‍ക്ക് 25 ഫില്‍സ് വീതം ഈടാക്കുന്നുണ്ട്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!