റിയാദിൽ നിന്ന് കാണാതായ മലയാളിയെ ബുറൈദയിൽ നിന്ന് കണ്ടെത്തി; തട്ടികൊണ്ട് പോയതല്ലെന്നും ഒളിച്ചോടിയതാണെന്നും ബന്ധുക്കൾ

ഈ മാസം 14 മുതൽ റിയാദിൽനിന്ന് കാണാതായ മലപ്പുറം അരിപ്രയിലെ മാമ്പ്ര സ്വദേശി ഹംസത്തലിയെ ബുറൈദയിൽ കണ്ടെത്തി. റിയാദിലെ നസീമിലുള്ള ഒരു ബഖാലയിൽ ജോലി ചെയ്തു വരികയായിരുന്ന ഹംസത്തലി ഉച്ചക്ക് കടയടച്ച് പോയ ശേഷമായിരുന്നു കാണാതായത്. അതിന് ശേഷം വ്യാപകമായി അന്വേഷണം നടത്തിയെങ്കിലും കാണാനായിരുന്നില്ല. ഉച്ചക്ക് കടയടച്ച് പുറത്തുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. രണ്ട് തവണ വീട്ടിലേക്ക് വിളിച്ചിരുന്നതായും ഭാര്യയോടും ഉമ്മയോടും തന്നെ കവർച്ചാ സംഘം തട്ടികൊണ്ടുപോയെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

 

സംഭവത്തിൽ സ്പോൺസർ പൊലീസിൽ പരാതി നൽകുകയും റിയാദ് കെ.എം.സി.സി വെല്‍ഫയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍ ഇന്ത്യന്‍ എംബസിയുടെ അനുമതിയോടെ പൊലീസിലും മറ്റും അന്വേഷണം നടത്തിവരികയുമായിരുന്നു. ഗൾഫ് മാധ്യമം ഉൾപ്പെടെ മാധ്യമങ്ങളിൽ വാർത്ത വരികയും ചെയ്തിരുന്നു.

അതിനിടയിലാണ് കഴിഞ്ഞദിവസം ഒരു സുഡാൻ പൗരന്റെ ഫോണിൽനിന്ന് യുവാവ് റിയാദിലുള്ള മറ്റൊരു മലയാളിയെ വിളിച്ചത്. മാധ്യമങ്ങളിലൂടെ ഹംസത്തലിയെ കാണാതായ കാര്യം അറിഞ്ഞ ചിലർ യുവാവ് റിയാദിലുള്ള സുഹൃത്തിനെ വിളിച്ചതായി സിദ്ധീക്ക് തുവ്വൂരിനെ അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഈ മൊബൈൽ നമ്പർ പ്രവർത്തിക്കുന്നത് ബുറൈദയിലാണെന്ന് കണ്ടെത്തി. ഇതിനിടെ അന്വേഷണത്തിനായി ഹംസത്തലിയുടെ സഹോദരീ ഭർത്താവായ അഷ്റഫ് ഫൈസി മക്കരപ്പറമ്പ് ജോർദാനിൽനിന്ന് എത്തിയിരുന്നു.

 

ഇദ്ദേഹവും സിദ്ദീഖ് തുവ്വൂരും ഉടൻ തന്നെ ബുറൈദയിലേക്ക് പുറപ്പെട്ടു. മൊബൈൽ ഉടമയായ സുഡാൻ പൗരനെ അവിടെയുള്ള ഒരു പെട്രോൾ സ്റ്റേഷനിൽ ജോലി ചെയ്യുന്നതായി കണ്ടെത്തി. സി.ഐ.ഡിയുടെ സഹായത്തോടെ ആ പ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് വരികയായിരുന്നു.

 

ഇതിനിടെ അവിടെ പ്രവർത്തിക്കുന്ന കഫ്ത്തീരിയയിലെ മലയാളി ജീവനക്കാരന് ഹംസത്തലിയുടെ ഫോട്ടോ കാണിച്ച് കൊടുത്ത് അന്വേഷിച്ചെങ്കിലും ഫലം കണ്ടില്ല. ഇവർ ഹംസത്തിലക്കായുള്ള അന്വേഷണം നടത്തിവരുന്നതിനിടെ വ്യാഴാഴ്ച കഫ്തീരിയ ജീവനക്കാരനായ മണ്ണാർക്കാട് സ്വദേശി ഹംസത്തലി പള്ളിയിൽനിന്ന് ഇറങ്ങിവരുന്നത് കാണുകയും, കൂടെ കൂട്ടുകയും ചെയ്തു. തുടർന്ന് സിദ്ദീഖ് തുവ്വൂരിനെ വിളിച്ച് ഇക്കാര്യം അറിയിച്ചു. അദ്ദേഹം ഉടൻ തന്നെ അൽഖസീം സി.ഐ.ഡി ഓഫീസിലും ഉനൈസ കെ.എം.സി.സി പ്രവർത്തകരെയും വിവരമറിയിച്ചു. ഉടൻ തന്നെ സ്ഥലത്തെത്തിയ സി.ഐ.ഡി ഹംസത്തലിയെ അവരുടെ ഓഫീസിലേക്ക് കൊണ്ടുപോയി. ശേഷം സിദ്ദീഖ് തുവ്വൂരിന്റെയും സഹോദരി ഭർത്താവിന്റെയും ഉത്തരവാദിത്വത്തിൽ ഹംസത്തലിയെ കൈമാറി.

 

ഇവർ യുവാവിനെ റിയാദിലെ നസീം പൊലീസ് സ്റ്റേഷനിലെത്തിക്കും. തുടർനടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മാത്രമേ ഹംസത്തലിയെ വിട്ടു നൽകുകകയുള്ളൂ. റിയാദിൽനിന്ന് ഒളിച്ചോടിയ ഹംസത്തലി ഒരു ടാക്സിയിൽ ഏകദേശം 350 കിലോമീറ്റർ ദൂരെയുള്ള ബുറൈദയിലെത്തുകയായിരുന്നു. അവിടെ ആദ്യ മൂന്ന് ദിവസങ്ങളിൽ ചില പള്ളികളിൽ കഴിച്ച് കൂട്ടി. പിന്നീട് രണ്ട് ദിവസം ഒരു മരത്തിന് താഴെയായിരുന്നു കിടന്നുറങ്ങിയിരുന്നത്. അതിന് ശേഷം ഒരു പെട്രോൾ സ്റ്റേഷനോട് ചേർന്നുള്ള പള്ളിയിൽ കഴിഞ്ഞുകൂടുകയായിരുന്നു. ഇവിടെ വെച്ചാണ് മലയാളിയായ കഫ്തീരിയ ജീവനക്കാരൻ ഹംസത്തലിയെ തിരിച്ചറിയുന്നത്.

 

സാമ്പത്തിക പ്രതിസന്ധിമൂലമുണ്ടായ മാനസിക പ്രയാസങ്ങളാണ് ഹംസത്തിലെ ഒളിച്ചോടാൻ പ്രേരിപ്പിച്ചതെന്ന് ബന്ധുക്കൾ മീഡിയവണ്ണിനോട് പറഞ്ഞു. ഇത്തരം സാമ്പത്തിക പ്രയാസങ്ങളുണ്ടാകുമ്പോൾ അടുത്ത സുഹൃത്തുക്കളോടോ ബന്ധുക്കളോടോ പങ്കുവെക്കണമെന്നും, ഈ രാജ്യത്തെ സംവിധാനങ്ങളും സൗകര്യങ്ങളും ദുരുപയോഗം ചെയ്യരുതെന്നും സമൂഹിക പ്രവർത്തകനായ സിദ്ദീക്ക് തുവ്വൂർ ഓർമിപ്പിച്ചു. ഹംസത്തലിയെ കണ്ടെത്താൻ റിയാദ് ഇന്ത്യൻ എംബസിയും സൗദി പൊലീസും സി.ഐ.ഡി വിഭാഗവും റിയാദ്, ഉനൈസ കെ.എം.സി.സി പ്രവർത്തകരും ഏറെ സഹായിച്ചതായും സിദ്ദീഖ് തുവ്വൂർ പറഞ്ഞു.

 

(മാധ്യമം പ്രസിദ്ധീകരിച്ചത്)

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Share
error: Content is protected !!