വൈദ്യുതി ചെലവ് കൂടിയ പഴയ വിൻഡോ എസി മാറ്റി പുതിയതെടുക്കാം; പഴയ എ.സിക്ക് സർക്കാർ വക 1000 റിയാൽ ഡിസ്‌കൗണ്ട്
സൌദി അറേബ്യയിൽ പഴയ വിന്റോ എ.സികൾ മാറ്റാൻ അവസരം നൽകുന്ന പ്രത്യക പദ്ധതി സർക്കാർ ആരംഭിച്ചു. സൌദി എനർജി എഫിഷ്യൻസി സെൻ്റർ ‘കഫാഅ’ എന്നപേരിലാണ് പദ്ധതി ആരംഭിച്ചത്.
പൗരന്മാരെ അവരുടെ പഴയ വിൻഡോ എ.സി കൾ മാറ്റി പുതിയതും കൂടുതൽ കാര്യക്ഷമവുമായവ സ്ഥാപിക്കാൻ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി. വൈദ്യുതി ഉപഭോഗം കുറക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
നാഷണൽ ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് ആന്റ് ലോജിസ്റ്റിക്‌സ് പ്രോഗ്രാമിൻ്റെ ഭാഗമായി ബന്ധപ്പെട്ട സർക്കാർ ഏജൻസികളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
പഴയ വിൻഡോ എ.സികൾ മാറ്റി വൈദ്യുതി ഉപഭോഗം കുറഞ്ഞ പുതിയ എ.സികൾ വാങ്ങുന്നവർക്ക് പുതിയ എ.സിയുടെ വിലയിൽ 1000 റിയാൽ സർക്കാർ വകയായി ഡിസ്‌കൗണ്ട് ലഭിക്കും.
കൂടാതെ പുതിയ എ.സി ഡെലിവറിയും ഫിറ്റിംഗ്‌സും സൗജന്യമായി നൽകുകയും ചെയ്യും. പദ്ധതിയിൽ പങ്കാളിത്തം വഹിക്കുന്ന വ്യാപാര സ്ഥാപനങ്ങളെ സമീപിച്ച് നേരിട്ട് പുതിയ എ.സികൾ വാങ്ങിയും ഓൺലൈൻ വഴി പുതിയ എ.സികൾക്ക് ഓർഡർ നൽകിയും പദ്ധതി പ്രകാരമുള്ള പ്രത്യേക ഇളവ് പ്രയോജനപ്പെടുത്താൻ സാധിക്കും.
ആദ്യ ഘട്ടത്തിൽ റിയാദ് നഗരത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. റിയാദിലെ 60 ലേറെ വ്യാപാര സ്ഥാപനങ്ങൾ പദ്ധതിയിൽ പങ്കാളിത്തം വഹിക്കുന്നുണ്ട്.
പൗരന്മാർക്കാണ് പദ്ധതി ആനൂകൂല്യം പ്രഖ്യാപിച്ചിട്ടുളളതെങ്കിലും, പ്രവാസികൾക്കും കട്ടിട ഉടമകളിലൂടെ ആനൂകൂല്യം നേടാനായേക്കുമെന്നാണ് റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്നവർ അഭിപ്രായപ്പെടുന്നത്.
നേരത്തെ കഫാഅ പദ്ധതിക്ക് കീഴിൽ ഉയർന്ന ക്ഷമതയുള്ള എയർകണ്ടീഷണറുകൾ വിതരണം ചെയ്തിരുന്നു. 1,25,000 പൌരന്മാർക്ക് ഇതിലൂടെ പ്രയോജനം ലഭിച്ചിരുന്നതായി അധികൃതർ അറിയിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക