35 ലക്ഷം രൂപയോളം വാടക കുടിശ്ശിക മലയാളിയായ ജോലിക്കാരൻ്റെ പേരിലാക്കി മലയാളി തൊഴിലുടമ യുഎഇയിൽ നിന്ന് മുങ്ങി
ഇന്ത്യൻ അതിർത്തികളിൽ വെടിയുണ്ടകൾക്ക് നേരെ അചഞ്ചലനായി നിന്ന തോമസ് കുട്ടി ഐസക് എന്ന സൈനികൻ പക്ഷേ, സ്വന്തം തൊഴിലുടമയുടെ ചതിക്ക് മുൻപിൽ പതറിപ്പോയിരിക്കുന്നു. ഷാർജയിൽ ജോലി ചെയ്തിരുന്ന കമ്പനിയുടെ തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിന്റെ വാടക കരാർ കൊല്ലം സ്വദേശിയായ തോമസ് കുട്ടിയുടെ പേരിലാക്കി മലയാളിയായ ഉടമ യുഎഇയിൽ നിന്ന് മുങ്ങിയപ്പോൾ രോഗിയായ 54 കാരന്റെ പേരിൽ വന്നു ചേർന്ന ബാധ്യത 1,62,000 ദിർഹം (35 ലക്ഷത്തോളം രൂപ)!. അതു അടച്ചുതീർക്കാതെ യുഎഇയിൽ നിന്ന് മടങ്ങാനാകാത്തതിനാൽ, ജോലിയോ ശമ്പളമോ ഇല്ലാത്ത ഇദ്ദേഹം നിത്യദുരിതത്തിലാണ്. തോമസ് കുട്ടിയെ രക്ഷപ്പെടുത്താൻ ഇന്ത്യൻ ഭരണാധികാരികൾക്കും യുഎഇയിലെ സമ്പന്നരായ മനുഷ്യസ്നേഹികൾക്കും നിവേദനം നൽകിയെങ്കിലും ഇതുവരെ യാതൊരു ഫലവും ഉണ്ടായിട്ടില്ല.
രണ്ടു പതിറ്റാണ്ടിലേറെ ഭാരതമണ്ണിന് കാവൽനിന്നു, ഒടുവിൽ…
22 വർഷം ഇന്ത്യൻ അതിർത്തികളിൽ ഭാരതമണ്ണിന് കാവൽ നിന്ന തോേമസ് കുട്ടി സൈനിക ജീവിതത്തില്‍ നിന്ന് വിരമിച്ച ശേഷം ഉപജീവനത്തിനായാണ് 2015 ഡിസംബർ 10ന് യുഎഇയിലെത്തിയത്. അവിടെ തുടങ്ങുന്നു, ഇദ്ദേഹത്തിന്‍റെ ജീവിതത്തിലെ ദുരിതകാലം. തുടക്കം അത്ര പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലാതെ കടന്നുപോയി. ഷാര്‍ജയില്‍ ഒരു സ്ക്രാപ് കമ്പനിയിലായിരുന്നു ആദ്യം ജോലി ലഭിച്ചത്. മാസങ്ങളോളം അവിടെ ജോലി ചെയ്തു. നാട്ടിൽ ഭാര്യയും കുട്ടിയുമടങ്ങുന്ന കുടുംബം സന്തോഷത്തിലായി. എന്നാൽ, ജോലിചെയ്തിരുന്ന സ്ക്രാപ് കമ്പനി ഉടമ തൃശൂര്‍ സ്വദേശി ഷൈജു ഇദ്ദേഹത്തിന്റെ അറിവില്ലായ്മയെ വളരെ ആസൂത്രിതമായി ചൂഷണം ചെയ്യുകയായിരുന്നു.
തോമസ് കുട്ടിക്ക് വീസ എടുക്കുന്നതിനുള്ള നിയമപരമായ രേഖകകളുടെ കൂട്ടത്തിൽ വാടക കരാർ രേഖ കമ്പനി ഉടമ തൃശൂർ സ്വദേശി ഷൈജു തിരുകിവച്ച് കബളിപ്പിച്ചു തോമസ് കുട്ടിയുടെ ഒപ്പ് നേടുകയായിരുന്നു. തൊഴിലാളികൾക്ക് താമസിക്കാനുള്ള കമ്പനി വക ഫ്ലാറ്റ് എടുക്കാനുള്ള കരാറായിരുന്നു അത്. തന്റെ പേരിൽ ഇങ്ങനെ ഒരു കരാർ ഉണ്ടെന്നോ, അതിന്റെ ഉത്തരവാദിത്തം തന്നിലാണെന്നോ ഉള്ള യാതൊരു വിവരവും അദ്ദേഹത്തിന് ഇല്ലായിരുന്നു. കമ്പനി നഷ്ടത്തിലാണെന്ന് പറഞ്ഞ് 2016ൽ വീസ റദ്ദാക്കി തോമസ് കുട്ടിയെ നാട്ടിലേയ്ക്കു പറഞ്ഞയച്ചു. 2017ൽ വീണ്ടും അബുദാബിയിലേയ്ക്ക് തിരികെ വന്നു, ചെറിയ ജോലികൾ ചെയ്തു കഴിഞ്ഞുകൂടി. വീണ്ടും സാധാരണ ഗതിയിൽ ജീവിതം മുന്നോട്ടു പോയിത്തുടങ്ങി.
എന്നാൽ, പലവിധ രോഗങ്ങൾ അലട്ടിയതിനാൽ ചികിത്സയ്ക്കായി കുറച്ച് ദിവസത്തേയ്ക്ക് നാട്ടിലേയ്ക്ക് പോകാനായി ഇൗ വർഷം ഫെബ്രുവരി 27ന് ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് അദ്ദേഹത്തിന് യാത്രാ വിലക്ക് (ട്രാവൽ ബാൻ) ഉണ്ടെന്ന വിവരം അറിയുന്നത്. തുടർന്നുള്ള അന്വേഷണങ്ങളിൽ പഴയ കമ്പനി ഉടമ തന്റെ പേരിൽ ഷാർജയിൽ ഫ്ലാറ്റ് വാടകയ്ക്ക് എടുത്തിട്ടുണ്ടെന്നും ആ ഫ്ലാറ്റിന്റെ മാസവാടക കഴിഞ്ഞ മൂന്നു വർഷമായി അടക്കാതെ ഇരുന്നതിനാൽ ഷാർജ മുനിസിപ്പാലിറ്റി തനിക്കെതിരെ കേസ് ഫയൽ ചെയ്തിട്ടുണ്ടെന്നുമുള്ള സത്യം തിരിച്ചറിഞ്ഞതോടെ അദ്ദേഹം മാനസികമായി തകർന്നു. പിഴത്തുക1,62,000 ദിർഹത്തിന് മുകളിൽ അടച്ചാൽ മാത്രമേ ഈ ഒരു ദുരവസ്ഥയിൽ നിന്ന് അദ്ദേഹത്തിന് കരകയറുവാൻ സാധിക്കുകയുള്ളുവെന്ന് തോമസ് കുട്ടിക്ക് നിയമപരമായ സഹായങ്ങൾ നൽകുന്ന അഭിഭാഷകയും സാമൂഹിക പ്രവർത്തകയുമായ പ്രീത ശ്രീറാം മാധവ് പറഞ്ഞു.
യാതൊരു ജോലിയും ചെയ്യാൻ സാധിക്കാതെ മുറിക്കുള്ളില്‍ ഭയത്തോടെ ജീവിക്കേണ്ടുന്ന അവസ്ഥയിലാണ് തോമസ് കുട്ടി ഇപ്പോൾ. ആദ്യകാലത്ത് എന്താണ് ചെയ്യേണ്ടതെന്നറിയാതെ ഒറ്റയ്ക്ക് പ്രശ്നപരിഹാരത്തിന് ശ്രമിച്ചു. തുടർന്ന് അഡ്വ. പ്രീത അദ്ദേഹത്തെ നിയമപരായി സഹായിക്കാന്‍ മുന്നിട്ടിറങ്ങുകയായിരുന്നു. തോമസ് കുട്ടി തികച്ചും ഈ കെണിയിൽ ഇരയാക്കപ്പെട്ടതാണെന്ന് അവർ പറയുന്നു. തന്റേതല്ലാത്ത കാരണത്താൽ അദ്ദേഹത്തിനു മേൽ ചുമത്തപ്പെട്ടിരിക്കുന്നത് സാധാരണക്കാരന് ചിന്തിക്കാൻ പോലും കഴിയാത്തത്ര ഭീമൻ പിഴയും. പിടിക്കപ്പെട്ടാൽ ജീവിതത്തിലെ നല്ലൊരു ഭാഗം ജയിലഴിക്കുള്ളിൽ കഴിയേണ്ടി വരും.
കമ്പനിയുടമയെ കാണാനില്ല
തോമസിനെ കുടുക്കിയ കമ്പനി ഉടമ ഷൈജു ഇപ്പോള്‍ ഒമാനില്‍ ആണുള്ളത് എന്നു പറയപ്പെടുന്നു. ഇയാൾ വിചാരിച്ചാൽ തോമസിനെ രക്ഷപ്പെടുത്താൻ സാധിച്ചേക്കും. ഒരിക്കൽ ഷൈജുവിനെ ബന്ധപ്പെട്ട് തോമസ് കുട്ടി തന്റെ ദുരവസ്ഥ വിവരിച്ച് സഹായം അഭ്യർഥിച്ചെങ്കിലും തനിക്ക് ഇക്കാര്യത്തിൽ യാതൊരു ഉത്തരവാദിത്തവുമില്ലെന്ന് പറഞ്ഞ് ഒഴിയുകയും ഫോൺ ബ്ലോക്ക് ചെയ്യുകയുമാണുണ്ടായത്. മുൻ സൈനികന്റെ ദുരിതാവസ്ഥ സംബന്ധിച്ച് ഇന്ത്യൻ പ്രധാനമന്ത്രി, കേരള മുഖ്യമന്ത്രി എന്നിവർക്ക് നേരത്തെ നിവേദനം നൽകിയിരുന്നു. തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് നോർക്ക റൂട്സിനു വിവരം കൈമാറുകയും വേണ്ട നടപടികൾ സ്വീകരിക്കാൻ നിർദേശിക്കുകയും ചെയ്തു. എന്നാൽ, നോർക്കയിൽ നിന്ന് യാതൊരു നടപടിയും ഈ കാര്യത്തിൽ ഉണ്ടായിട്ടില്ല. മാത്രമല്ല, കേസിൽ ഇടപെടാൻ സാധിക്കില്ലെന്ന മറുപടിയാണ് പിന്നീട് ഫോണിലൂടെ ലഭിച്ചത്. അതേസമയം, പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള മറുപടിക്കായി കാത്തിരിക്കുന്നു.
മനുഷ്യസ്നേഹികൾ വിചാരിച്ചാൽ…
തോമസ് കുട്ടിയെ സഹായിക്കാൻ സമ്പന്നരായ മനുഷ്യസ്നേഹികൾ ആരെങ്കിലും മുന്നോട്ട് വന്നാൽ വളരെയെളുപ്പം തീരാവുന്ന പ്രശ്നമാണിത്. പല വഴികളും പരീക്ഷിച്ചുവെങ്കിലും ആരും സഹായഹസ്തം നീട്ടിയില്ലെന്ന് അഡ്വ.പ്രീത പറഞ്ഞു. ഇന്ത്യൻ എംബസി, വിദേശകാര്യ മന്ത്രാലയം എന്നിവർക്കും ഒട്ടുമിക്ക രാഷ്ട്രീയ നേതാക്കന്മാർക്കും വിവരം കൈമാറിയെങ്കിലും ഇൗ മുൻസൈനികന് വേണ്ടി എന്തെങ്കിലും ചെയ്യാൻ ആരുടെ ഭാഗത്ത് നിന്നും നീക്കമുണ്ടായില്ല. നാട്ടിൽ നിന്ന് തോമസ് കുട്ടിയുടെ ഭാര്യയും ഭരണാധികാരികൾക്ക് ഇതുസംബന്ധിച്ച് നിവേദനം നൽകിയെങ്കിലും ഫലമുണ്ടായില്ല. എങ്കിലും, എത്രയും വേഗം കേസിൽ നിന്നൊഴിവായി ചികിത്സയ്ക്ക് നാട്ടിലേയ്ക്ക് പോകാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് തോമസ് കുട്ടി. ഫോണ്‍:+971 50 142 4228. +971 52 731 8377 (അഡ്വ. പ്രീത).
(സാദിഖ് കാവിൽ, മനോരമ പ്രസിദ്ധീകരിച്ചത്)
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക