എയര്‍ ഇന്ത്യ എക്‌സ്പ്രസ് കൂടുതൽ സർവ്വീസുകൾ റദ്ദാക്കുന്നു; കോഴിക്കോട് നിന്നുള്ള രണ്ട് ഷെഡ്യൂളുകൾ നിർത്തലാക്കി; ടിക്കറ്റ് നിരക്ക് ഇനിയും ഉയരുമെന്ന് സൂചന
എയര്‍ ഇന്ത്യ എക്‌സ്പ്രസ് കേരളത്തിൽ നിന്നും ഗൾഫ് സെക്ടറുകളിലേക്കുള്ള കൂടുതൽ സർവ്വീസുകൾ റദ്ദാക്കുന്നു. ദിവസങ്ങൾക്ക് മുമ്പ് കേരളത്തിലെ വിവിധ വിമാനത്താവളത്തിൽ നിന്ന് ഒമാനിലേക്കുള്ള നിരവധി സർവ്വീസുകൾ എയർ ഇന്ത്യ റദ്ധാക്കിയിരുന്നു. അതിന് പിറകെയാണ് ഇപ്പോൾ കോഴിക്കോട്-കുവൈത്ത് സെക്ടറില്‍ രണ്ട് ഷെഡ്യൂളുകള്‍ നിര്‍ത്തലാക്കുന്നതായി എയർ ഇന്ത്യ എക്സപ്രസ് അറിയിച്ചത്. ഒക്ടോബറില്‍ ഞായര്‍, ചൊവ്വ ദിവസങ്ങളിലെ ഷെഡ്യൂളുകളാണ് നിര്‍ത്തലാക്കുന്നത്. നിലവില്‍ ശനി, ഞായര്‍, തിങ്കള്‍, ചൊവ്വ, വ്യാഴം എന്നിങ്ങനെ ആഴ്ചയില്‍ അഞ്ചു ദിവസമാണ് കോഴിക്കോടേക്ക് സര്‍വീസുള്ളത്.
പുതിയ ഷെഡ്യൂളില്‍ ഇത് ആഴ്ചയില്‍ മൂന്ന് ദിവസമാകും. ഒക്ടോബര്‍ മാസം ഞായര്‍, ചൊവ്വ ദിവസങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ മറ്റ് ദിവസങ്ങളിലേക്ക് മാറ്റണമെന്ന് നിര്‍ദ്ദേശമുള്ളതായി ട്രാവല്‍ ഏജന്‍സികള്‍ അറിയിച്ചു. ടിക്കറ്റ് റദ്ദാക്കുന്നവര്‍ക്ക് തുക മടക്കി നല്‍കും.
നിലവില്‍ കോഴിക്കോടേക്ക് കുവൈത്തില്‍ നിന്ന് നേരിട്ട് സര്‍വീസുള്ളത് എയര്‍ ഇന്ത്യ എക്‌സ്പ്രസിനാണ്. അതിനാല്‍ സര്‍വീസുകള്‍ ചുരുക്കുന്നത് മറ്റ് ദിവസങ്ങളില്‍ തിരക്ക് കൂടാന്‍ കാരണമാകും. ടിക്കറ്റ് ലഭ്യതയെയും ടിക്കറ്റ് നിരക്കിനെയും ഇത് ബാധിക്കും.
ദിവസങ്ങൾക്ക് മുമ്പാണ് ഒമാനില്‍ നിന്ന് കേരളത്തിലേക്കുള്ള നിരവധി സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കിയത്. കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ എന്നിവടങ്ങളിലേക്കും തിരിച്ചുമുളള സര്‍വീസുകളാണ് റദ്ദാക്കിയത്. മംഗലാപുരത്തു നിന്നുള്ള സര്‍വീസും റദ്ദാക്കി.തിങ്കള്‍, ബുധന്‍, ഞായര്‍ ദിവസങ്ങളിലെ കോഴിക്കോട്- മസ്‌കത്ത്-കോഴിക്കോട് വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്.
വ്യാഴാഴ്ച മസ്‌കത്തില്‍ നിന്ന് കണ്ണൂരിലേക്കും വെള്ളിയാഴ്ച കണ്ണൂരില്‍ നിന്നും മസ്‌ക്കത്തിലേക്കുമുള്ള സര്‍വീസ് റദ്ദാക്കിയിരുന്നു. വ്യാഴം, തിങ്കള്‍ ദിവസങ്ങളിലെ കൊച്ചി- മസ്‌കത്ത്- കൊച്ചി സര്‍വീസുകളും റദ്ദാക്കി. തിരുവനന്തപുരത്തുനിന്നുള്ള സര്‍വീസില്‍ സമയത്തിൽ മാറ്റം വരുത്തി.
വിവിധ ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവ്വീസുകൾ റദ്ധാക്കുന്നത് മറ്റു ഗൾഫ് രാജ്യങ്ങളിലേക്ക് തിരക്ക് വർധിക്കുവാനും അത് വഴി ടിക്കറ്റ് നിരക്ക് ഉയരുവാനും വഴിയൊരുക്കുമെന്നാണ് ട്രാവൽ ഏജൻസികൾ നൽകുന്ന സൂചന.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക