സൗദി ദേശീയ ദിനത്തിൽ ഹറമൈൻ ട്രെയിനിൽ ഒമ്പത് റിയാലിന് യാത്ര ചെയ്യാം
സൗദി അറേബ്യയുടെ 92-ാമത് ദേശീയദിനം പ്രമാണിച്ച് സെപ്റ്റംബര്‍ 23-ന് ഹറമൈൻ ട്രെയിനിൽ 9.2 റിയാലിന് ടിക്കറ്റ്. ജിദ്ദ സുലൈമാനിയ റെയില്‍വെ സ്റ്റേഷനും മക്ക സ്റ്റേഷനും ഇടയിലുള്ള സര്‍വീസിന് ടിക്കറ്റ് നിരക്ക് 9.2 റിയാലായി കുറച്ചതായി കസ്റ്റമര്‍ സര്‍വീസ് സെക്ടര്‍ അറിയിച്ചു.
ദേശീയ ദിനത്തിൽ രാജ്യത്തെ ജനങ്ങളുടെ ആഹ്ലാദങ്ങളിൽ പങ്കുചേരുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അന്ന് മാത്രമേ ഈ ഓഫര്‍ നിലവിലുണ്ടാവകയുള്ളൂവെന്നും അധികൃതർ വ്യക്തമാക്കി. ജിദ്ദയിലെ സുലൈമാനിയ സ്റ്റേഷനും മക്ക സ്റ്റേഷനും ഇടയിലുള്ള പ്രതിദിന ഹറമൈൻ ട്രെയിൻ സർവിസുകളുടെ എണ്ണം വർധിപ്പിക്കുമെന്ന് ഏതാനും ദിവസം മുമ്പ് അധികൃതർ അറിയിച്ചിരുന്നു.
ഉംറ തീർഥാടകരുടെ മക്കയിലേക്കുള്ള യാത്ര സുഗമമാക്കുകയാണ് ലക്ഷ്യം. ഇരുവശങ്ങളിലേക്കും പ്രതിദിനം 32 ട്രിപ്പുകളായാണ് ഹറമൈൻ ട്രെയിൻ സർവിസുകളുടെ എണ്ണം ഉയർത്തുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ജിദ്ദയിൽ നിന്ന് മക്കയിലേക്കുള്ള യാത്രക്ക് ഒരുവശത്തേക്ക് 32 റിയാൽ ആണ് സാധാരണ ടിക്കറ്റ് നിരക്ക്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക