മക്കയിലെ ഹറം പള്ളിയിൽ എലിസബത്ത് രാജ്ഞിക്ക് വേണ്ടി ഉംറ നിർവഹിക്കാൻ ബാനർ പ്രദർശിപ്പിച്ച വിദേശി അറസ്റ്റിൽ – വീഡിയോ

മക്കയിലെ ഹറം പള്ളിയിൽ ബാനർ പ്രദർശിപ്പിച്ച വിദേശിയെ ഹറം സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു. ഇഹ്റം വേഷത്തിലെത്തിയ ഉംറ തീർഥാടകനാണ് അറസ്റ്റിലായത്. ഇയാൾ യെമൻ പൌരനാണെന്ന് അധികൃതർ സ്ഥിരീകരിച്ചു.

ഉംറ നിർവഹിക്കാനായി ഇഹ്റാം വസ്ത്രത്തിലാണ് ഇയാൾ ഹറം പള്ളിയിലെത്തിയത്. നേരത്തെ തയ്യാറാക്കി കൈവശം വെച്ചിരുന്ന ബാനർ ഹറമിലെത്തിയപ്പോൾ പ്രദർശിപ്പിക്കുകയായിരുന്നു. കൂടാതെ ഇത് വീഡിയോയിൽ ചിത്രീകരിച്ച് പ്രചരിപ്പിക്കുകയും ചെയ്തു.

അന്തരിച്ച ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിക്ക് വേണ്ടി ഉംറ നിർവഹിക്കാൻ എത്തിയതാണെന്ന് അറിയിക്കുന്ന വിഡിയോ ആയിരുന്നു ഇയാൾ പ്രചരിപ്പിച്ചിരുന്നത്. ഇത് സൗദിയിൽ വ്യാപകമായി പ്രചരിക്കുകയും നിരവധി പേർ ഇയാൾക്കെതിരെ നടപടിയാവശ്യപ്പെട്ട് രം​ഗത്തെത്തുകയും ചെയ്തു. ഇതിനു പിന്നാലെയാണ് അറസ്റ്റ്.

തിങ്കളാഴ്ച മക്കയിലെ മസ്ജിദുൽ ഹറമിലെത്തി ഇയാൾ വിഡിയോ ഷൂട്ട് ചെയ്തിരുന്നു. “അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ ആത്മാവിനു വേണ്ടിയുള്ള ഉംറ. സത്യവിശ്വാസികൾക്കൊപ്പം അവരെയും സ്വർ​ഗത്തിൽ പ്രവേശിപ്പിക്കാൻ ദൈവത്തോട് അപേക്ഷിക്കുന്നു” എന്നെഴുതിയ ബാനർ പിടിച്ചുകൊണ്ടായിരുന്നു വിഡിയോ ചിത്രീകരണം.

മരണപ്പെട്ട മുസ്‌ലിങ്ങൾക്കു വേണ്ടി ഉംറ നിർവഹിക്കാറുണ്ട്. എന്നാൽ, അന്തരിച്ച എലിസബത്ത് രാജ്ഞി ലോകമെമ്പാടുമുള്ള ആംഗ്ലിക്കൻ സമുദായങ്ങളുടെ മാതൃസഭയായ ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ പരമോന്നത ഗവർണർ കൂടിയായിരുന്നു.

ഹറമുകളിൽ ബാനറുകൾ പ്രദർശിപ്പിക്കുന്നതിനും, മുദ്രാവാക്യങ്ങൾ വിളിക്കുന്നതിനും കർശനമായ വിലക്കുണ്ട്. ഇത്തരം വിലക്കുകൾ ലംഘിച്ചുകൊണ്ടുള്ള ഇത്തരം കൃത്യങ്ങൾ നിയമവിരുദ്ധവും ഉംറ ചട്ടങ്ങളുടെ ലംഘനവുമാണെന്ന് അധികൃതർ വ്യക്തമാക്കി. അറസ്റ്റിലായ വിദേശിയെ തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയാതായും അധികൃതർ വ്യക്തമാക്കി.

അതേ സമയം ഇരുഹറമുകളും പരിശുദ്ധ ഭവനങ്ങളാണെന്നും അവ ദൈവത്തിന് മാത്രമുള്ള ആരാധനാലയങ്ങളാണെന്നും നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും ലംഘിക്കുന്ന മുദ്രാവാക്യങ്ങൾ ഉയർത്തുന്നതിനോ ബാനറുകൾ ഉയർത്തുന്നതിനോ ഉള്ളതല്ലെന്നും ഇരുഹറം കാര്യാലയം മേധാവി ഡോ. ഷെയ്ഖ് അബ്ദുൽ റഹ്മാൻ അൽ സുദൈസ് വിശ്വാസികളെ ഓർമ്മിപ്പിച്ചു.

രണ്ട് വിശുദ്ധ മസ്ജിദുകൾക്ക് അവയുടെതായ പവിത്രതയുണ്ട്.  ഇത് കണക്കിലെടുക്കുകയും മഹത്വവൽക്കരിക്കുകയും ചെയ്യണം. യഥാർത്ഥ ഇസ്‌ലാമിക മതത്തിന് പുറത്തുള്ള മുദ്രാവാക്യങ്ങളോ വാക്യങ്ങളോ സ്വീകരിക്കരുതെന്നും അൽ സുദൈസ് വിശ്വാസികളോടഭ്യർത്ഥിച്ചു.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

വീഡിയോ കാണുക..

Share
error: Content is protected !!