പ്രവാസി മലയാളികളെ കണ്ണീരിലാഴ്ത്തി പിഞ്ചു ബാലികക്ക് സ്‌കൂൾ ബസിൽ ദാരുണാന്ത്യം; മരണം നാലം ജന്മദിനത്തിൽ

ജന്മദിനത്തിൽ സ്കൂളിലേക്ക് പുറപ്പെട്ട നാലു വയസ്സുകാരിയെ സ്കൂള്‍ ബസിനുള്ളില്‍ മരിച്ചനിലയിൽ കണ്ടെത്തി. ചിങ്ങവനം കൊച്ചുപറമ്പിൽ അഭിലാഷ് ചാക്കോയുടെയും സൗമ്യയുടെയും രണ്ടാമത്തെ മകള്‍ മിന്‍സ മറിയം ജേക്കബ് ആണ് മരിച്ചത്. ഞായാറാഴ്ച രാവിലെയാണ് സംഭവം.

ഞായറാഴ്ച രാവിലെ സ്കൂളിലേക്ക് പോയ കുട്ടി ബസിനുള്ളില്‍ ഉറങ്ങിപ്പോയതറിയാതെ ഡ്രൈവര്‍ ഡോര്‍ ലോക്കുചെയ്ത് പോവുകയായിരുന്നു. പതിനൊന്നരക്ക് ഡ്യൂട്ടി തുടരാൻ വേണ്ടി ബസ്സിലെത്തിയ ജീവനക്കാരാണ്  അബോധാവസ്ഥയിൽ മിൻസയെ ബസ്സിനുള്ളിൽ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബസ്സിൽ ഉറങ്ങിപ്പോയ മിൻസ ബസ്സ് സ്‌കൂളിൽ എത്തിയിട്ടും ബസിൽ നിന്ന് ഇറങ്ങാത്തത്  ശ്രദ്ധയിൽപ്പെടാതെ ജീവനക്കാർ ബസ്സ് തുറസ്സായ സ്ഥലത്തെ വെയിലത്ത് പാർക്ക് ചെയ്ത് വാതിലുകൾ ലോക്ക് ചെയ്യുകയായിരുന്നു.ഇതാണ് അപകടത്തിന് ഇടയാക്കിയത്.

ദോഹ അല്‍ വക്റയിലെ സ്പ്രിങ് ഫീല്‍ഡ് കിന്‍ഡര്‍ഗര്‍ട്ടന്‍ കെ.ജി വിദ്യാര്‍ഥിനിയാണ് മിന്‍സ. നാലാം പിറന്നാള്‍ ദിനത്തിലായിരുന്നു കുട്ടിയുടെ ദാരുണാന്ത്യം. ഖത്തറില്‍ ഡിസൈനിങ് മേഖലയില്‍ ജോലി ചെയ്യുകയാണ് ചിങ്ങവനം കൊച്ചുപറമ്ബില്‍ വീട്ടില്‍ അഭിലാഷ് ചാക്കോ.

മാതാവ് സൗമ്യ ഏറ്റുമാനൂര്‍ കുറ്റിക്കല്‍ കുടുംബാംഗമാണ്. മിഖയാണ് സഹോദരി. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

സമാനമായ സംഭവത്തിൽ നിരവധി തവണ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടും സ്കൂൾ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥയിൽ രക്ഷിതാക്കളുടെ ഭാഗത്ത് നിന്ന് പ്രതിഷേധം ശക്തമായിട്ടുണ്ട്.

അതേസമയം,വിദ്യാർത്ഥിയുടെ മരണത്തിൽ വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി, ഉത്തരവാദപ്പെട്ടവരുമായി ചേർന്ന് സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share