കടയുടെ പേര് ‘അധോലോകം’, വിൽക്കുന്നത് സ്ത്രീകൾക്ക് ആവശ്യമായ സാധനങ്ങൾ; റെയ്ഡിൽ പിടികൂടിയത് ലഹരി മരുന്ന്

തിരുവനന്തപുരം: പഴയകാല സിനിമയെ ഓർമിപ്പിക്കുന്ന തരത്തിൽ കടയ്ക്ക് അധോലോകം എന്ന് പേരിട്ടു. അതിനുള്ളിൽ പേരുപോലെ തന്നെ മയക്കുമരുന്ന് കച്ചവടവും. ആന്റി നർക്കോട്ടിക് സെൽ നടത്തിയ പരിശോധനയിലാണ് കടയിൽ നിന്ന് മയക്കുമരുന്ന് പിടികൂടിയത്.

എം.സി. റോഡിൽ വെമ്പായം ജങ്‌ഷനു സമീപം, സ്ത്രീകളുടെ വസ്ത്രങ്ങൾ കച്ചവടം നടത്തിയിരുന്ന കടയിലാണ് ചൊവ്വാഴ്ച പുലർച്ചെ 2 മണിയോടെ ആന്റി നർക്കൊട്ടിക് സെൽ സ്പെഷ്യൽ ടീമും, വെഞ്ഞാറമൂട് പോലീസും ചേർന്ന് പരിശോധന നടത്തിയത്. നർക്കോട്ടിക്ക് സെൽ ഡിവൈ.എസ്.പി.ക്ക് കിട്ടിയ രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. 2.1 ഗ്രാം എം.ഡി.എം.എ.യും, 317 ഗ്രാം കഞ്ചാവും, കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന 60 പാക്കറ്റോളം ഒ.സി.ബി. പേപ്പറുമായി നാലുയുവാക്കളെ അറസ്റ്റു ചെയ്യുകയായിരുന്നു. വെമ്പായം സ്വദേശി റിയാസ് (38), തേമ്പാംമൂട് സ്വദേശി സുഹൈൽ (25), വെമ്പായം സ്വദേശി ബിനു (37), പിരപ്പൻകോട് സ്വദേശി ഷംനാദ് (40) എന്നിവരാണ് പിടിയിലായത്.

അന്യസംസ്ഥാനത്തുനിന്നു വാഹനത്തിൽ വസ്ത്രക്കെട്ടുകളിൽ മയക്കുമരുന്ന് ഒളിപ്പിച്ച് കടയിലെത്തിച്ച് വില്പന നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വസ്ത്രവില്പനയുടെ മറവിലായിരുന്നു മയക്കുമരുന്നു കച്ചവടം. കടയിലെത്തുന്ന യുവാക്കളെ ലക്ഷ്യമിട്ടായിരുന്നു കച്ചവടം. രണ്ടാഴ്ചയിലേറെ നിരീക്ഷണം നടത്തിയശേഷമായിരുന്നു പോലീസ് കടയ്ക്കുള്ളിൽ പരിശോധന നടത്തിയത്. കട പോലീസ് അടപ്പിച്ചു.

 

ലക്ഷ്യം വിദ്യാർഥികൾ

കൗമാരപ്രായക്കാരെയും സ്കൂൾ കുട്ടികളെയും കേന്ദ്രീകരിച്ചായിരുന്നു വിൽപ്പന. ഇവരുടെ വലയിൽ ധാരാളം കൗമാരക്കാർ അകപ്പെട്ടതായി സംശയമുണ്ട്.

വെമ്പായം, കന്യാകുളങ്ങര, വട്ടപ്പാറ എന്നിവിടങ്ങളിൽ നിന്നുള്ള സ്കൂൾ കുട്ടികൾ ഇവരുടെ കേന്ദ്രത്തിൽ എത്തിയിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഇതിനു സംശയമുണ്ടാകുന്നതരത്തിലുള്ള സംഭവങ്ങൾ സ്കൂളുകളിൽ കേന്ദ്രീകരിച്ച് നടന്നതായും റിപ്പോർട്ടുകൾ ഉണ്ട്.

സ്ത്രീകൾക്ക് ആവശ്യമായ സാധനങ്ങൾ കച്ചവടം നടത്തിയിരുന്ന കടയായതിനാൽ സ്ത്രീകൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന അന്വേഷണവും നടക്കുന്നുണ്ട്.

 

നിരീക്ഷണം; ഒടുവിൽ പരിശോധന

ആഴ്ചകൾ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് പ്രതികളെ പോലീസ് പിടികൂടുന്നത്. സ്ഥലത്ത് രണ്ടാഴ്ചയോളം ഷാഡോയിൽ കടയ്ക്കു സമീപം ആന്റി നാർക്കോട്ടിക് സെൽ സ്പെഷ്യൽ ഉദ്യോഗസ്ഥർ നിരീക്ഷണം നടത്തിയിരുന്നു.

തിങ്കളാഴ്ച കട അടച്ചിരുന്നില്ല. രാത്രിയിലും കട തുറന്നുപ്രവർത്തിക്കുകയായിരുന്നു. ഇതിനിടയിലാണ് ചൊവ്വാഴ്ച വെളുപ്പിന് പോലീസ് റെയ്ഡ് ആരംഭിച്ചത്. തുണികൾക്ക് ഇടയിൽനിന്നു മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു. വെളുപ്പിന് നാലുമണിയോടെ റെയ്ഡ് അവസാനിച്ചു. ആറ്റിങ്ങൽ ഡാൻസാഫ് ടീമും, വെഞ്ഞാറമൂട് സി.ഐ. സൈജുനാഥും, നെടുമങ്ങാട് ഡാൻസാഫ് എസ്.ഐ. ഷിബു, സജു എന്നിവരും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!