പ്ലസ് വൺ വിദ്യാർഥിനി സ്കൂൾ ടോയിലറ്റിൽ പ്രസവിച്ചു, പേന ഉപയോഗിച്ച് പൊക്കിൾക്കൊടി മുറിച്ചു, ശേഷം ക്ലാസിലേക്ക് മടങ്ങി; കുഞ്ഞ് മരിച്ചു

വ്യാഴാഴ്ചയാണ് സർക്കാർ സ്‌കൂളിലെ ടോയ്‌ലറ്റിനു സമീപം നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തിയത്. തമിഴ്‌നാട്ടിലെ കടലൂർ ജില്ലയിലെ ചിദംബരത്താണ് സംഭവം. ടോയ്ലറ്റിന് സമീപം നവജാതശിശുവിന്റെ മൃതദേഹം കണ്ടതായി സ്‌കൂൾ അധികൃതർ ഭുവനഗരി പൊലീസിൽ അറിയിക്കുകയായിരുന്നു. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കുമുണ്ടെന്നാണ് നിഗമനം.

പൊലീസ് അന്വേഷണത്തിൽ കുഞ്ഞിനെ പ്ലസ്‍വൺ വിദ്യാർഥിനി പ്രസവിച്ചതാണെന്ന് കണ്ടെത്തി. സ്കൂൾ ടോയ്‍ലറ്റിൽ പ്രസവിച്ച ശേഷം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സഹായത്തിനാരുമില്ലാതെ പ്രസവിച്ചതിനാൽ പേന ഉപയോഗിച്ച് പെൺകുട്ടി സ്വയം പൊക്കിൾക്കൊടി മുറിക്കുകയായിരുന്നു. മൃതദേഹം കണ്ടെത്തി നാല് ദിവസത്തിന് ശേഷമാണ് ഞെട്ടിക്കുന്ന സത്യം പുറത്തുവന്നത്.  ക്ലാസിലിരിക്കവെ പ്രസവവേദന അനുഭവപ്പെട്ടതായും ടോയ്‍ലറ്റിൽ പോയി പ്രസവിച്ചതായും 16 വയസ്സുകാരി സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

പ്രസവസമയത്ത് കുഞ്ഞിന് ജീവനുണ്ടായിരുന്നില്ലെന്നാണ് പെണ് കുട്ടി പറഞ്ഞതെങ്കിലും, പ്രസവ സമയത്ത് വിദഗ്ധ സഹായം ലഭിക്കാത്തതാണ് കുഞ്ഞിന്റെ മരണത്തിന് ഇടയാക്കിയതെന്നാണ് കരുതപ്പെടുന്നത്. കുട്ടിയുടെ പ്രാഥമിക മൊഴിയനുസരിച്ച് പെൺകുട്ടി പ്രസവശേഷം ക്ലാസ് മുറിയിലേക്ക് മടങ്ങിയതായി പൊലീസ് പറഞ്ഞു.

സംഭവത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭിണിയാക്കിയ പ്രതിയെ പിടികൂടാൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധ​​പ്പെട്ട് പ്രദേശവാസികളും പെൺകുട്ടിയുടെ ബന്ധുക്കളും ഉൾപ്പെടെ ചിലരെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

പെൺകുട്ടിയെ വെള്ളിയാഴ്ച തന്നെ തിരിച്ചറിഞ്ഞിരുന്നതായി പൊലീസ് പറയുന്നു. മരിച്ച കുഞ്ഞ് തന്റെതാണെന്ന് സമ്മതിച്ച പെൺകുട്ടി, താൻ ഗർഭിണിയായ കാര്യം കുടുംബത്തിൽ ആർക്കും അറിയില്ലായിരുന്നുവെന്നും പൊലീസിനോട് പറഞ്ഞു. പ്രസവശേഷം മതിയായ വൈദ്യസഹായം ലഭിക്കാതെ ശാരീരിക അസ്വസ്ഥത അനുഭവ​പ്പെട്ട കുട്ടിയെ പൊലീസ് ഇടപെട്ട് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Share