ലോക്സഭയിൽ നാടകീയ രംഗങ്ങൾ; സോണിയ ഗാന്ധിയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും തമ്മിൽ വാഗ്വാദം

കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി രാഷ്ട്രപതി ദ്രൗപതി മുർമുവിനെ “രാഷ്ട്രപത്നി” എന്ന് വിളിച്ചതിന്റെ പേരിൽ ഇന്ന് നാടകീയ സംഭവങ്ങൾക്ക് പാർലമെൻ്റ് സാക്ഷിയായി. “രാഷ്ട്രപത്നി” പരാമർശത്തിൻ്റെ പേരിൽ സോണിയാ ഗാന്ധിക്കും അധീർ രഞ്ജൻ ചൗധരിക്കും എതിരെ ബി.ജെ.പി എം.പിമാരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് നിർത്തിവെച്ച ലോക്‌സഭയുടെ ഇടവേളയ്ക്കിടെ രൂക്ഷമായ വാക്പോരാണ്  നടന്നത്.

ലോക്സഭയിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും തമ്മിൽ അതി ശക്തമായ വാഗ്വാദം തന്നെ ഉണ്ടായി. എന്നോട് സംസാരിക്കരുതെന്ന് സോണിയ സ്മൃതി ഇറാനിയോട് പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്.

അധിർ രഞ്ജൻ ചൗധരി രാഷ്ട്രപതി ദ്രൗപതി മുർമുവിനെ ‘രാഷ്ട്രപത്നി’ എന്ന് വിളിച്ചിരുന്നതാണ് ബിജെപി യുടെ പ്രതിഷേധത്തിന് കാരണമായത്. എന്നാൽ സംഭവത്തിൽ ബിജെപിയിലെ മുതിർന്ന അംഗം രമാദേവിയോട് അധീർ രഞ്ജൻ ചൗധരി മാപ്പ് പറഞ്ഞിരുന്നു.

സഭയിലുണ്ടായിരുന്ന സോണിയ ഗാന്ധി മടങ്ങിപ്പോകാനൊരുങ്ങവെ, ബിജെപി അംഗങ്ങൾ അവർക്കെതിരെ മുദ്രാവാക്യം വിളിച്ചു. ഇതോടെ തിരിച്ചു നടുത്തളത്തിലേക്ക് ഇറങ്ങിവന്ന സോണിയ ഭരണപക്ഷത്തേക്കു ചെന്നു. സോണിയയുടെ കൂടെ രണ്ടു കോൺഗ്രസ് എംപിമാരും ഉണ്ടായിരുന്നു. ബിജെപിയിലെ മുതിർന്ന അംഗം രമാദേവിയോട് അധീർ രഞ്ജൻ ചൗധരി മാപ്പു പറഞ്ഞിട്ടും എന്തിനാണ് തന്നെ അധിക്ഷേപിക്കുന്നത് എന്ന് സോണിയ ചോദിച്ചു. ഇരുവരും സംസാരിക്കുന്നതിനിടെ മന്ത്രി സ്മൃതി ഇറാനി മുന്നോട്ടു കുതിച്ചെത്തി. ബിജെപി എംപിമാരെ ഭീഷണിപ്പെടുത്താനാണോ ശ്രമം എന്ന് സ്മൃതി സോണിയയോടു ചോദിച്ചു.

സോണിയ കടുത്ത സ്വരത്തിൽ തിരിച്ചടിച്ചതോടെ ബഹളമായി. കോൺഗ്രസ്, ഡിഎംകെ, തൃണമൂൽ കോൺഗ്രസ് അംഗങ്ങളും ബിജെപി അംഗങ്ങളും മുഖാമുഖം നിന്നതോടെ സഭാ ഉദ്യോഗസ്ഥരും സുരക്ഷാ ഉദ്യോഗസ്ഥരും ഇടയ്ക്കു കയറി. പിന്നീട് എൻസിപി നേതാവ് സുപ്രിയ സുളെ, തൃണമൂൽ നേതാവ് മഹുവ മൊയ്ത്ര തുടങ്ങിയവർ സോണിയയെ പുറത്തേക്കു കൊണ്ടുപോയി.

ബഹളം നടക്കുന്നതിനിടെ പാർലമെന്ററികാര്യ മന്ത്രി പ്രൽഹാദ് ജോഷി ബിജെപി എംപിമാരെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.

അതേ സമയം ‘രാഷ്ട്രപത്നി’ പരാമർശം നടത്തിയ കോൺഗ്രസ് എംപി അധീർ രഞ്ജൻ ചൗധരി, പ്രസിഡന്റ് ദ്രൗപാനി മുർമുവിനെ നേരിട്ട് കാണുമെന്നും അവർക്ക് വിഷമം തോന്നിയാൽ ക്ഷമ ചോദിക്കുമെന്നും പറഞ്ഞു.

എന്തിനാണ് പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിയെ വിവാദത്തിലേക്ക് വലിച്ചിഴക്കുന്നതെന്നും അധീർ ചോദിച്ചു. രാഷ്ട്രപതിയെ അപമാനിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും വയ്യ.അത് ഒരു തെറ്റ് മാത്രമാണ്. രാഷ്ട്രപതിക്ക് വിഷമം തോന്നിയാൽ ഞാൻ നേരിട്ട് കണ്ട് മാപ്പ് പറയും. അവർക്ക് വേണമെങ്കിൽ എന്നെ തൂക്കിലേറ്റാം. ഞാൻ ശിക്ഷിക്കപ്പെടാൻ തയ്യാറാണ് പക്ഷേ എന്തിനാണ് സോണിയ ഗാന്ധിയെ ഇതിലേക്ക് വലിച്ചിഴക്കുന്നതെന്നും അധീർ രഞ്ജൻ ചൗധരി ചോദിച്ചു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!