വീട്ടുകാർ ഗൾഫിലേക്ക് പോയതിന് പിന്നാലെ വീടിന് തീപിടിച്ചു; വീട്ടുപകരണങ്ങൾ കത്തി നശിച്ചു

കണ്ണൂർ: വീട്ടുകാർ വിദേശത്തേക്ക് പോയതിന് പിന്നാലെ വീടിന് തീപിടിച്ചു. തളിപ്പറമ്പിലെ കാബാലി കുളങ്ങരയിൽ  പുഴക്കുളങ്ങര പി.വി.ജയന്റെ വീടിനാണ് തീ പിടിച്ചത്. ജയൻ ദുബായിലാണ് ജോലി ചെയ്യുന്നത്. കുടുംബ സമേതമാണ് ജയൻ ദുബായിയിൽ കഴിയുന്നത്.

ജയന്റെ മാതാവ് ലക്ഷ്മി ഇന്നലെ ഉച്ചക്ക് വീട് പൂട്ടി ദുബായിയിലേക്ക് പോയിരുന്നു. അതിന് ശേഷം വൈകുന്നേരമാണ് വീടിനുള്ളിൽ തീപടരുന്നതായി കണ്ടത്. അയൽവാസികളാണ് വീടിന്റെ മുകൾ നിലയിൽ നിന്ന് പുക ഉയരുന്നതായി കണ്ടത്.

തുടർന്ന് നാട്ടുകാരിൽ ചിലർ ജനൽ ഗ്ലാസുകൾ തുറന്നു നോക്കിയെങ്കിലും അകത്ത് കറുത്ത പുകപടർന്നിരുന്നതിനാൽ ഒന്നും കാണാൻ പറ്റാത്ത അവസ്ഥയായിരുന്നു. തുടർന്ന് അയൽവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് തളിപ്പറമ്പ് അഗ്നിരക്ഷാ സേന എത്തി തീ നിയന്ത്രണവിധേയമാക്കി. ഒരു മണിക്കൂറിലേറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് അഗ്നിരക്ഷാ സേനക്ക് തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചത്. ഷോട്ട് സർക്ക്യൂട്ടാണ് തീ പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാരും രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായി.

അയൽവാസികളിൽ നിന്ന് വീടിന്റെ താക്കോൽ വാങ്ങി അകത്ത് കടന്നു. വീടിൻ്റെ മുകൾ നിലയിലെ കിടപ്പ് മുറിയിലാണ് തീ പടർന്നു പിടിച്ചതെന്ന് കണ്ടെത്തി. ഇവിടെയുണ്ടായിരുന്ന ഫർണിച്ചറുകൾ, വൈദ്യുത ഉപകരണങ്ങൾ, കിടക്ക എന്നിവയും കത്തി നശിച്ചു.

വീടിനുള്ളിൽ കനത്ത പുക നിറ‍ഞ്ഞതിനാൽ ശ്വസനോപകരണം ഉപയോഗിച്ചാണ് അഗ്നിരക്ഷാസേന അകത്തു കടന്നത്. തളിപ്പറമ്പ് അഗ്നിരക്ഷാ സേന അസി. സ്റ്റേഷൻ ഓഫിസർ ടി.അജയൻ, ഗ്രേഡ് അസി. ഓഫിസർ കെ.വി.സഹദേവൻ, ഫിലിപ്പ് മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള 2 യൂണിറ്റ് എത്തിയാണ് തീ കെടുത്തിയത്. പുകയേറ്റ് വീടിനുള്ളിലെ മറ്റു സാധനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!