ഈ വർഷം അറഫ ദിനം കഅ്ബയെ പുതപ്പിച്ച കിസ്‌വ മാറ്റില്ല. പുതിയ കിസ്‌വ അണിയിക്കുന്നത് മുഹറം 1ന്
മക്ക: സാധാരണയായി എല്ലാ വർഷങ്ങളിലും ഹജ്ജ് തീർഥാടകർ അറഫയിൽ സമ്മേളിക്കുന്ന അറഫാദിനത്തിലാണ് കഅ്ബയെ പുതപ്പിച്ച കറുത്ത കിസ്‌വ അഴിച്ചുമാറ്റി പുതിയ കിസ്‌വ അണിയിക്കാറുള്ളത്. വർഷങ്ങളായി നടന്ന് വരുന്ന ഈ രീതിക്ക് ഈ വർഷം മാറ്റം വരികയാണ്. ഇത്തവണ അറഫ ദിനം കഅബയുടെ കിസ്‌വ മാറ്റുകയില്ല. പകരം അടുത്ത ഹിജറ വർഷാരംഭമായ മുഹറം 1നാണ് കഅബയെ പുതിയ കിസ്‌വ അണിയിക്കുകയെന്ന് ഇരുഹറം കാര്യാലയം അറിയിച്ചു.
ദുൽഹജ്ജ് 10 അഥവാ ബലിപ്പെരുന്നാൾ ദിവസം സൌദി ഭരണാധികാരി കഅബയുടെ സൂക്ഷിപ്പുകാരന് പുതിയ കിസ്‌വ കൈമാറും. മുൻ വർഷങ്ങളിൽ ദുല്‍ഹജ്ജ് ഒന്നിനായിരുന്നു കിസ്‌വ കൈമാറിയിരുന്നത്. എന്നാൽ ഈ വർഷം അത് ദുൽഹജ്ജ് 10 ലേക്ക് മാറ്റി.
കഅബയുടെ പവിത്രത കണക്കിലെടുത്താണ് എല്ലാ വർഷവും കഅബയെ പുതിയ കിസ്‌വ അണിയിക്കുന്നതെന്ന് ഇരുഹറം കാര്യാലയം മേധാവി ശൈഖ് അബ്ദുൽ റഹ്മാൻ അൽ സുദൈസ് പറഞ്ഞു. ഈ വർഷം കഅബയെ കിസ്‌വ കൊണ്ട് മൂടാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ എന്ത് കൊണ്ടാണ് ഇത്തവണ തിയതികളിൽ മാറ്റം വരുത്തിയത് എന്ന കാര്യം വ്യക്തമല്ല.
പ്രകൃതിദത്തമായ പട്ട് ഉപയോഗിച്ചാണു കിസ്‌വ നിര്‍മിക്കുന്നത്. കിസ്‌വയുടെ ഉയരം 14 മീറ്ററാണ്. മുകളില്‍ നിന്നുള്ള മൂന്നിലൊന്നു ഭാഗത്ത് 95 സെന്റീമീറ്റര്‍ വീതിയുള്ള ബെല്‍റ്റുണ്ട്. ചതുരാകൃതിയിലുള്ള 16 കഷ്ണങ്ങള്‍ അടങ്ങിയ ബെല്‍റ്റിന്റെ ആകെ നീളം 47 മീറ്ററാണ്. കിസ്‌വയുടെ ഉള്‍വശത്തു വെളുത്ത കട്ടി കൂടിയ കോട്ടന്‍ തുണിയുണ്ടാകും. അഞ്ചു കഷ്ണങ്ങള്‍ അടങ്ങിയതാണ് കിസ്‌വ. കഅ്ബാലയത്തിന്റെ ഓരോ ഭാഗത്തുമായി ഓരോ കഷ്ണങ്ങള്‍ തൂക്കും. അഞ്ചാമത്തെ കഷ്ണം വാതിലിനു മുന്നില്‍ തൂക്കുന്ന കര്‍ട്ടണാണ്. കര്‍ട്ടണ് 6.32 മീറ്റര്‍ നീളവും 3.30 മീറ്റര്‍ വീതിയുമുണ്ട്. ഇവ പിന്നീട് പരസ്പരം തുന്നിച്ചേര്‍ക്കുകയാണു ചെയ്യുക. 700 കിലോയോളം പട്ടും 120 കിലോ വെള്ളി, സ്വര്‍ണ നൂലുകളും ഉപയോഗിച്ചാണ് കിസ്‌വ നിര്‍മിക്കുന്നത്. നിര്‍മാണത്തിന് എട്ടു മുതല്‍ ഒന്‍പതു മാസം വരെ എടുക്കും.
പ്രത്യേക പട്ടില്‍ തയാറാക്കിയ കിസ്‌വ, ഉമ്മുജൂദ് ഡിസ്ട്രിക്ടിലെ കിംഗ് അബ്ദുൽ അസീസ് കോംപ്ലക്‌സിലെ പ്രത്യേക ഫാക്ടറിയിലാണു നെയ്‌തെടുക്കുന്നത്. 1972ല്‍ ഭരണാധികാരിയായിരുന്ന ഫൈസല്‍ രാജാവാണ് ഇതിനായി പ്രത്യേകം ഫാക്ടറി സ്ഥാപിച്ചത് കഅ്ബയുടെ പരിപാലകനായ വ്യക്തിയുടെ നേതൃത്വത്തിലാണു പുതിയ കിസ്‌വ കഅ്ബയെ പുതപ്പിക്കുന്നത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക