കെ.എം.സി.സി ഹജ്ജ് സേവനം അന്തർ ദേശീയ സമൂഹത്തിൽ ഇന്ത്യക്കഭിമാനം – അബ്ബാസലി തങ്ങൾ – വീഡിയോ
ജിദ്ദ: വിശുദ്ധ ഹജ്ജ് കർമ്മം നിർവഹിക്കാൻ വിവിധ രാജ്യങ്ങളിൽ നിന്ന് പുണ്യഭൂമിയിലെത്തിയ ഹാജിമാരെ സഹായിക്കുവാനായി ജിദ്ദ കെ.എം.സി.സി.സെൻട്രൽ കമ്മിറ്റിയിൽ റജിസ്ട്രർ ചെയ്ത വളണ്ടിയർമാരുടെ മഹാ സംഗമം ജിദ്ദയിൽ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്തു. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷങ്ങളിലും വിദേശ രാജ്യങ്ങളിൽ നിന്ന് തീർഥാടകരെത്തിയിരുന്നല്ല. ഇക്കാരണത്താൽ രണ്ട് വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും കെ.എം.സി.സി ഹജ്ജ് വളണ്ടിയർ സേവന രംഗത്ത് സജീവമാകുന്നത്.
ജന സേവനം കൊണ്ട് ലോക ശ്രദ്ധ നേടിയ കെ.എം.സി.സി.യുടെ ഹജ്ജ് വളണ്ടിയർ സേവനത്തിൻ്റെ മഹത്വം ത്യാഗോജ്ജ്വലമാണ്. ഭാഷ ദേശ വർണ്ണ വൈജാത്യങ്ങൾക്കപ്പുറം ഉന്നതമായ മാനവീകതയുടെ മാനങ്ങളുള്ള ഹജ്ജ് വേളയിലെ സേവനം സേവന മേഖലയിലെ ഉദാത്തമായ സമർപ്പണമാണെന്ന് പാണക്കാട് അബ്ബാസലി തങ്ങൾ പറഞ്ഞു. അന്തർദേശീയ സമൂഹത്തിൻ്റെ മുന്നിൽ ഇന്ത്യൻ ദേശീയ പതാക ഉയർത്തി പിടിച്ച് കെ.എം.സി.സി. നടത്തുന്ന സന്നദ്ധ സേവനം രാജ്യത്തിന് തന്നെ അഭിമാനകരമാണെന്നും ഉൽഘാടന പ്രസംഗത്തിൽ തങ്ങൾ കൂട്ടിച്ചേർത്തു.
അബ്ദുസ്സമദ് പൂക്കോട്ടൂർ ഹജ്ജിൻ്റെ ആത്മീയതയും സേവനത്തിൻ്റെ മാനവീകതയും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. അലി ശാക്കിർ മുണ്ടേരി ഹജ്ജിൻ്റെ ത്യാഗ സന്ദേശവും സേവന സമർപ്പണവും എന്ന വിഷയത്തിൽ ഉൽബോധന പ്രസംഗം നടത്തി. സേവനം ആരാധനയാക്കാം എന്ന വിഷയം ബഷീർ ഫൈസി ദേശ മംഗലം അവതരിപ്പിച്ചു.
ഉൽഘാടന സമ്മേളനത്തിൽ വെച്ച് പ്രമുഖ സൗദി പൗരൻ ബൻന്തർ ബിൻ മുഹമ്മദ് അൽ ഖൽത്താനിക്ക് കെ.എം.സി.സിയുടെ ആദരപത്രം അബ്ബാസലി തങ്ങൾ കൈമാറി. പ്രസിഡൻറ് അഹമ്മദ് പാളയാട്ട് അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര സ്വാഗതം പറഞ്ഞു. സൗദി കെ.എം.സി.സി.ട്രഷർ കുഞ്ഞിമോൻ കാക്കിയ JNH മാനേജിംഗ് ഡയറക്ടർ വി.പി.മുഹമ്മദാലി,മദീന കെ.എം.സി.സി.നേതാവ് സൈയ്തലവി മൂന്നിയൂർ മൊറയൂർ പഞ്ചായത്ത് ബോർഡ് വൈസ് പ്രസിഡൻറ് ജലീൽ ഒഴുകൂർ പ്രസംഗിച്ചു.
സൗദി കെ.എം.സി.സി.ഹജ്ജ് സെൽ ക്യാപ്റ്റൻ ഉമ്മർ അരിപ്രാമ്പ്ര മിന മേപ് റീഡിംഗിന് നേതൃത്വം നൽകി.ജിദ്ദ ക്യാപ്റ്റൻ ശിഹാബ് താമരക്കുളം മിനയിലെ സേവന പ്രവർത്തനങ്ങൾ വിശദീകരിച്ചു. വളണ്ടിയർ കോഡിനേറ്റർ ചെമ്പൻ മുസ്തഫ വളണ്ടിയർ മാർക്ക് നിർദേശങ്ങൾ നൽകി.
വളണ്ടിയർ ക്യാമ്പിലെ വിവിധ സെഷനുകൾക്ക് ഭാരവാഹികളായ വി.പി.മുസ്തഫ, സി.കെ.എ.റസാഖ് മാസ്റ്റർ.ഇസ്മായീൽ മുണ്ടക്കുളം, വി.പി.അബ്ദു റഹ്മാൻ വെള്ളിമാട്കുന്ന്, ലത്തീഫ് മുസ്ലിയാരങ്ങാടി, ഇസ്ഹാഖ് പൂണ്ടോളി, നാസർ മച്ചിങ്ങൽ, എ.കെ.മുഹമ്മദ് ബാവ ,ഷൗക്കത്ത് ഞാറക്കോടൻ, എന്നിവർ നേതൃത്വം നൽകി. സയ്യിദ് ഉബൈദുള്ള തങ്ങൾ മേലാറ്റൂർ, നാസർ എടവനകാട്, മജീദ് പുകയൂർ, സീതി കൊളക്കാടൻ, ലത്തീഫ് കളരാന്തിരി എന്നിവർ ആശംസകൾ നേർന്നു. ജംഷീദ് മൂന്നിയൂർ ഖിറാഅത്ത് നടത്തി കോവിഡ് മഹാമാരിക്ക് ശേഷം വീണ്ടും ഹജ്ജ് സേവനത്തിനുള്ള അവസരം കൈവന്നപ്പോൾ ഹരാസാത്തിലെ വിശാലമായ ഹല കൺവെൻഷൻ സെൻറർ കോമ്പൗണ്ടിൽ നൂറ് കണക്കിന് വളണ്ടിയർമാർ പച്ച തൊപ്പിയും ഇന്ത്യൻ ദേശീയ പതാക ഉല്ലേഖനം ചെയ്ത ഇളം പച്ച ജാക്കറ്റും അണിഞ്ഞ് പട്ടാള ചിട്ടയോടെ അടിവെച്ച് നീങ്ങിയ വളണ്ടിയർ മാർച്ചും വളണ്ടിയർ പരേഡും പ്രവാസ ലോകത്തിന് കൗതുകമായി .
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വളണ്ടിയർ സംഘമത്തിൻ്റേയും പരേഡിൻ്റേയും വീഡിയോ കാണാം: