പ്രവാചക നിന്ദ: നൂപുർ ശർമ രാജ്യത്തോട് മാപ്പുപറയണമെന്ന് സുപ്രീംകോടതി

പ്രവാചകനിന്ദ നടത്തിയ ബി.ജെ.പി മുന്‍ വക്താവ് നുപൂര്‍ ശര്‍മ രാജ്യത്തോട് മാപ്പ് പറയണമെന്ന് സുപ്രിംകോടതി. നുപൂറിന്റെ പരാമർശം രാജ്യത്ത് കലാപം സൃഷ്ടിച്ചെന്ന് സുപ്രിംകോടതി വിലയിരുത്തി. പാർട്ടി വക്താവ് എന്നുള്ളത് എന്തും വിളിച്ചുപറയാനുള്ള ലൈസൻസല്ല. ഉദയ്പൂർ കൊലപാതകം നടന്നത് പോലും നുപൂറിന്‍റെ പ്രസ്താവന കാരണമാണെന്ന് കോടതി വിലയിരുത്തി.

‘ചാനൽ ചർച്ചയിൽ നൂപുർ ശർമ എങ്ങനെയാണ് പ്രകോപനം സൃഷ്ടിച്ചതെന്ന് ഞങ്ങൾ കണ്ടതാണ്. ഇതെല്ലാം പറഞ്ഞിട്ടും പിന്നീട് അവർ താനൊരു അഭിഭാഷകയാണെന്ന് പറയുന്നത് അപമാനകരമാണ്. രാജ്യത്തോട് മുഴുവനും അവർ മാപ്പുപറയേണ്ടിയിരിക്കുന്നു’ -ജസ്റ്റിസ് സൂര്യകാന്ത മിശ്ര ചൂണ്ടിക്കാട്ടി.

“നുപൂര്‍ ഭീഷണി നേരിടുകയാണോ അതോ സുരക്ഷാ ഭീഷണിയായി നുപൂര്‍ മാറിയോ? രാജ്യത്തുടനീളം നുപൂര്‍ വികാരങ്ങൾ ആളിക്കത്തിച്ചു. രാജ്യത്ത് സംഭവിക്കുന്ന കാര്യങ്ങൾക്ക് ഈ സ്ത്രീ ഉത്തരവാദിയാണ്”- ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.

നൂപുർ ശർമക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന് അവരുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.

ഈ മാസമാദ്യം ‘ടൈംസ് നൗ’ ചാനലിൽ ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ നടന്ന ചർച്ചയ്ക്കിടെയായിരുന്നു നൂപുർ ശർമയുടെ വിവാദ പരാമർശം. പ്രവാചകൻ മുഹമ്മദ് നബിയെയും അദ്ദേഹത്തിന്‍റെ ഭാര്യയെയും സംബന്ധിച്ചായിരുന്നു അപകീർത്തി പരാമർശം. അറബ് ലോകത്തുനിന്നടക്കം വൻ പ്രതിഷേധം ഉയർന്നതോടെ ബി.ജെ.പി വിവാദ പരാമർശത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു. നൂപുറിനെയും വിവാദ വിഡിയോ ട്വിറ്ററിലടക്കം പ്രചരിപ്പിച്ച ഡൽഹി ഘടകം മാധ്യമ വിഭാഗം തലവൻ നവീൻ കുമാർ ജിൻഡാലിനെയും പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. പിന്നാലെ ക്ഷമാപണവുമായി നൂപുർ രംഗത്തെത്തുകയും ചെയ്തിരുന്നു.

മുംബൈ പൊലീസും ഹൈദരാബാദ് പൊലീസും നുപൂർ ശർമയ്‌ക്കെതിരെ സമുദായങ്ങൾക്കിടയിൽ വിദ്വേഷം വളർത്തിയതിനും മതവികാരം വ്രണപ്പെടുത്തിയതിനും കേസെടുത്തിരുന്നു. എന്നാല്‍ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

തനിക്കെതിരെയുള്ള എല്ലാ എഫ്‌.ഐ.ആറുകളും ഡൽഹിയിലേക്ക് മാറ്റണമെന്ന നൂപുർ ശർമ്മയുടെ ഹരജിയിലാണ് സുപ്രീം കോടതിയുടെ പ്രതികരണം.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!