ഏക മകൻ്റെ അവഗണന: വൃദ്ധരായ മാതാപിതാക്കൾ ദുരിതത്തിൽ; വയോധികന് മഹാത്മയില്‍ അഭയം

തിരുവല്ല ആലംതുരുത്തി, തുരുത്തിക്കാട് വീട്ടില്‍ രാജേഷിനെ (65) അടൂർ മഹാത്മ ജനസേവന കേന്ദ്രം ഏറ്റെടുത്തു.  ഏകമകന്റെ അവഗണനയെ തുടര്‍ന്ന് പട്ടിണിയിലും രോഗദുരിതങ്ങളിലും അവശതയിലുമായിരുന്നു രാജേഷ്. തിരുവല്ല ആര്‍.ഡി.ഒ കെ. ചന്ദ്രശേഖരന്‍നായരുടെ നിർദേശത്തെ തുടര്‍ന്നാണ് വയോധികാനയ രാജേഷിനെ മഹാത്മ ജനസേവന കേന്ദ്രം ഏറ്റെടുത്തത്.

വിവാഹ ശേഷം ഏക മകനായ ലാല്‍രാജ് എന്ന രാഹുൽ ഭാര്യാസമേതം തിരുവനന്തപുരത്തേക്ക് താമസം മാറിയതോടെ മാതാപിതാക്കള്‍ തനിച്ചാവുകയായിരുന്നു.

കൂലി വേല ചെയ്തായിരുന്നു രാജേഷ് കുടുംബം പോറ്റിയിരുന്നത്. വാര്‍ധക്യസഹജമായ രോഗങ്ങള്‍ കടുത്തതോടെ രാജേഷിന് ജോലിക്ക് പോകാൻ കഴിയാതായി. ഇതോടെ നിത്യവൃത്തിയും വഴിമുട്ടി. പട്ടിണിയും ഏക മകനിൽ നിന്നുളള അവഗണനയും നാൾക്കുനാൾ വർധിച്ചതോടെ രേജേഷിൻ്റെ ഭാര്യയുടെ മാനസിക നില തെറ്റുകയും, മാനസിക വെല്ലുവിളി നേരിടുന്ന അവസ്ഥയിലാവുകയും ചെയ്തു. ഇതേ തുടർന്ന് പൊതുപ്രവര്‍ത്തകരും സാമൂഹികനീതി വകുപ്പും ഇടപെട്ട് ഇവരെ സീതത്തോട്ടിലെ മരിയന്‍ അഗതിമന്ദിരത്തിലാക്കിയിരുന്നു.

അതിന് ശേഷം പൊതുപ്രവര്‍ത്തകരുടെ സംരക്ഷണയിലായിരുന്നു വയോധികനായ രാജേഷ്. അങ്ങിനെ തുടരുന്നതിനിടെ രാജേഷിൻ്റെ രോഗാവസ്ഥ മൂർച്ഛിക്കുകയും, പരസഹായമില്ലാതെ ദിനചര്യകൾ പോലും ചെയ്യാനാകാത്ത അവസ്ഥയിലെത്തുകയും ചെയ്തു.

ഈ സാഹചര്യത്തിൽ മാതാ പിതാക്കളെ സംരക്ഷിക്കുന്നില്ലെന്ന് കാണിച്ച് മകനായ ലാൽരാജിനെതിരെ സേവാഭാരതി പ്രവര്‍ത്തകരായ ടി.ജി. ശിവദാസന്‍, ബിനു എന്നിവര്‍ ആര്‍.ഡി.ഒക്ക് പരാതി നല്‍കുകയും ആർ.ഡി.ഒ മകനെതിരെ നിയമ നടപടി ആരംഭിക്കുകയും ചെയ്തു.

സേവാഭാരതി പ്രവര്‍ത്തകരാണ് രാജേഷിനെ അടൂരിലെ മഹാത്മ ജനസേവന കേന്ദ്രത്തില്‍ എത്തിച്ചത്. മോശമായ ആരോഗ്യനിലയിലാണ് ഇദ്ദേഹമെന്നും അടൂര്‍ ജനറല്‍ ആശുപത്രിയില്‍നിന്ന് ചികിത്സ ലഭ്യമാക്കിയെന്നും മഹാത്മ ജനസേവന കേന്ദ്രം ചെയര്‍മാന്‍ രാജേഷ് തിരുവല്ല അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!