സലാം എയർ കോഴിക്കോട്ടേക്ക് ആഴ്ചയിൽ രണ്ട് പുതിയ സർവീസുകൾകൂടി പ്രഖ്യാപിച്ചു
ഒമാന്റെ ബജറ്റ് വിമാന കമ്പനിയായ സലാം എയർ കോഴിക്കോട്ടേക്ക് പുതിയ സർവീസ് പ്രഖ്യാപിച്ചു. ഒമാനിലെ സുഹാറിൽ നിന്ന് കോഴിക്കോട്ടേക്കാണ് പുതിയ സർവീസ്. സുഹാറിൽനിന്ന് കോഴിക്കോട്ടേക്ക് നേരിട്ടുള്ള ആദ്യ വിമാന സർവീസ് എന്ന പ്രത്യേകതയും ഇതിനുണ്ട്.
ജൂലൈ 22നാണ് സർവീസ് ആരംഭിക്കുക. ആഴ്ചയിൽ ചൊവ്വ, വെള്ളി ദിവസങ്ങളിൽ രണ്ട് വീതം സർവിസ് നടത്തും. രാത്രി 12.25ന് സുഹാറിൽനിന്ന് പുറപ്പെടുന്ന വിമാനം രാവിലെ 5.30ന് കോഴിക്കോട്ട് എത്തും. ഇവിടെനിന്ന് രാവിലെ 6.20ന് പുറപ്പെടുന്ന വിമാനം ഒമാൻ സമയം 8.15ന് സുഹാറിൽ എത്തും.
നേരത്തെ ഷാർജ ആസ്ഥാനമായ എയർ അറേബ്യ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് കണക്ഷൻ സർവിസ് നടത്തിയിരുന്നെങ്കിലും മാസങ്ങൾക്കുമുമ്പ് സർവിസ് അവസാനിപ്പിക്കുകയായിരുന്നു. അന്ന് രണ്ടുമുതൽ നാലുമണിക്കൂർവരെ ഷാർജ എയർപോർട്ടിൽ കാത്തുകിടക്കേണ്ടിവന്നിരുന്നുവെങ്കിലും ഈ മേഖലയിൽ ഉള്ളവർക്ക് വലിയ ആശ്വാസമായിരുന്നു എയർ ആറേബ്യയുടെ സർവിസ്.
സലാം എയർ സുഹാറിൽ നിന്ന് കോഴിക്കോട്ടേക്ക് പ്രഖ്യാപിച്ചിട്ടുള്ള പുതിയ സർവീസിനെ ഏറെ പ്രതീക്ഷയോടെയാണ് മലയാളികൾ കാത്തിരിക്കുന്നത്. മസ്കത്തിൽനിന്ന് കോഴിക്കോട്ടേക്കുള്ള നിരക്കിനേക്കാൾ കുറവാണ് സുഹാറിൽനിന്നുള്ളതെന്ന് ട്രാവൽ ഏജൻസികളും വ്യക്തമാക്കി. ബുറൈമി, ബാത്തിന മേഖലയിലെ മലയാളികൾക്ക് ഏറെ സന്തോഷം നൽകുന്നതും ആശ്വാസകരവുമാണ് സലാം എയറിൻ്റെ പുതിയ സർവീസ്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക