ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ: മുഖ്യമന്ത്രിക്കും ഭാര്യക്കും മകള്‍ക്കുമെതിരെ സ്വപ്ന സുരേഷ്

സ്വര്‍ണക്കടത്ത് കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്വപ്‌ന സുരേഷ്. ജീവന് ഭീഷണിയുള്ളതിനാലാണ് ഇപ്പോള്‍ രഹസ്യമൊഴി നല്‍കിയതെന്നും കേസുമായി ബന്ധമുള്ളവരില്‍നിന്നാണ് ഭീഷണിയുള്ളതെന്നും സ്വപ്‌ന പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല, മകള്‍ വീണ, മുന്‍ മന്ത്രി കെ.ടി. ജലീല്‍ എന്നിവരടക്കമുള്ളവര്‍ക്കെതിരേ രഹസ്യമൊഴി നല്‍കിയതായും സ്വപ്‌ന മാധ്യമങ്ങളോടു പറഞ്ഞു.

എനിക്കെതിരെയുള്ള കേസിൽ ഉൾപെട്ടിട്ടുള്ള എം. ശിവശങ്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ വിജയൻ, മുഖ്യമന്ത്രിയുടെ ഭാര്യ, സി.എം.രവീന്ദ്രൻ, കെ.ടിജലീൽ, നളിനി നെറ്റോ എന്നിവരുടെ കേസിലെ പങ്കാളിത്തം എന്താണെന്ന് മൊഴിയിൽ വിശദമായി പറഞ്ഞിട്ടുണ്ട്. 2016ൽ മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യമായി ഗൾഫിൽ പോയപ്പോഴാണ് ശിവശങ്കർ ആദ്യമായി തന്നെ ബന്ധപ്പെടുന്നത്.

മുഖ്യമന്ത്രി എത്തുന്നതുമായി ബന്ധപ്പെട്ട പ്രോട്ടോകോൾ പരിശോധിക്കുന്നതിനും വിമാനത്താവളത്തിൽ വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിനുമാണ് വിളിച്ചത്. പിന്നീട് മുഖ്യമന്ത്രി അടിയന്തരമായി ഒരു ബാഗ് മറന്നുവച്ചെന്നും അത് എത്രയും പെട്ടെന്ന് എത്തിക്കണമെന്നും ശിവശങ്കർ അറിയിച്ചു. കോണ്‍സുലേറ്റിലെ ഡിപ്ലോമാറ്റിന്റെ കൈവശമാണ് ആ ബാഗ് കൊടുത്തുവിട്ടത്. അതില്‍ കറന്‍സിയായിരുന്നു. കോണ്‍സുലേറ്റിലെ സ്‌കാനിങ് മെഷീനില്‍ ആ ബാഗ് സ്‌കാന്‍ ചെയ്തിരുന്നു. അങ്ങനെയാണ് കറന്‍സിയാണെന്ന് മനസിലാക്കിയത്. അങ്ങനെയാണ് ഇതെല്ലാം തുടങ്ങുന്നത്.

കൂടാതെ നിരവധി തവണ കോണ്‍സുല്‍ ജനറലിന്റെ വീട്ടില്‍നിന്ന് ശിവശങ്കറിന്റെ നിര്‍ദേശപ്രകാരം ബിരിയാണി പാത്രങ്ങള്‍ ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്. അതില്‍ ബിരിയാണി മാത്രമല്ല, ലോഹവസ്തുക്കളും ഉണ്ടായിരുന്നു. എന്റെ മൊഴികളില്‍ ഒന്നും വ്യത്യസ്തമായി പറഞ്ഞിട്ടില്ല. ആരെയും വലിച്ചിഴക്കാനോ മറ്റോ എനിക്ക് അജന്‍ഡയില്ല. അന്വേഷണം കാര്യക്ഷമമാകണം. ഇവരുടെ ഇടപെടല്‍ എല്ലാം കോടതിയാണ് തീരുമാനിക്കേണ്ടത്. ഞാന്‍ എവിടെയും പോകുന്നില്ല, എല്ലാം നിങ്ങളുടെ മുന്നില്‍വന്ന് പറയും. രഹസ്യമൊഴിയിലെ കൂടുതല്‍കാര്യങ്ങള്‍ വെളിപ്പെടുത്താനാകില്ല. കോടതിയെ ബഹുമാനിക്കണം. നിങ്ങളല്ലേ സ്വപ്ന സുരേഷിനെ സ്വപ്ന സുരേഷ് ആക്കിയത്. ബാക്കി നിങ്ങള്‍ അന്വേഷിക്കൂ’- സ്വപ്‌ന പറഞ്ഞു.

സ്വർണക്കടത്തു കേസിൽ കൂടുതൽ വിവരങ്ങൾ ഇനിയും പുറത്തു വരാനുണ്ട്. കേന്ദ്ര അന്വേഷണ ഏജൻസികൾക്കു വിശദമായി മൊഴി നൽകിയിട്ടും പല കാര്യങ്ങളും വേണ്ടവിധം അന്വേഷിച്ചിട്ടില്ലെന്നും സ്വപ്ന പറഞ്ഞു. അറസ്റ്റിലായ ശേഷം കേന്ദ്ര അന്വേഷണ ഏജൻസികളായ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), കസ്റ്റംസ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) എന്നിവർ സ്വപ്നയുടെ മൊഴികൾ വിശദമായി രേഖപ്പെടുത്തിയിരുന്നു.

 

കൂടുതൽ തൊഴിൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!