ഗ്യാൻവാപി മസ്ജിദിൽ ശിവലിംഗം കണ്ടെന്ന് അഭ്യൂഹം; സീൽ ചെയ്യാൻ കോടതി ഉത്തരവ്
മഥുരയിലെ കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേർന്നുള്ള ഗ്യാൻവാപി മസ്ജിദിന്റെ വീഡിയോ സർവേ പൂർത്തിയായി. ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തിലെ കുളത്തിൽ നിന്ന് ശിവലിംഗം കണ്ടെത്തിയെന്ന അഭ്യൂഹങ്ങള്‍ക്കിടെ, കിണറുള്ള ഭാഗം സീല്‍ ചെയ്യാന്‍ വാരാണസി ജില്ലാ കോടതി ഉത്തരവിട്ടു.
മസ്ജിദില്‍ നടത്തിയ സര്‍വ്വേയ്ക്കിടെ മസ്ജിദിനുള്ളിലെ കുളത്തിൽ നിന്നും ശിവലിംഗം കണ്ടെത്തിയെന്ന അവകാശവാദവുമായി പരാതിക്കാരനായ സോഹന്‍ലാല്‍ ആര്യ രംഗത്തു വന്നിരുന്നു. ഇതിനു പിന്നാലെ ഇതേ വാദവുമായി അഭിഭാഷകൻ പരാതിയുമായെത്തി. ഇതിനെ തുടർന്നാണ് കോടതി ഉത്തരവ്. സീൽ ചെയ്ത ഭാഗത്തേക്ക് ആരെയും കടത്തി വിടരുതെന്നും സുരക്ഷയ്ക്കായി സിആര്‍പിഎഫിനെ നിയോഗിക്കണമെന്നും കോടതി നിർദ്ദേശിച്ചു
വീഡിയോ സർവേക്കെത്തിയ കമ്മീഷൻ മസ്ജിദിൽ അംഗസ്നാനം നടത്താൻ ഉപയോഗിച്ചിരുന്ന കുളത്തിലെ വെള്ളം വറ്റിച്ചിരുന്നു. ഈ സമയം ഇവിടെ ശിവലിംഗം കണ്ടെത്തി എന്നാണ് അഭിഭാഷകനായ വിഷ്ണു ജയിന്റെ വാദം. ശിവലിംഗം സംരക്ഷിക്കാൻ കോടതിയെ സമീപിച്ചിട്ടുള്ളതായി അഭിഭാഷകൻ അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സര്‍വ്വേ റിപ്പോര്‍ട്ട് ചൊവ്വാഴ്ച കോടതി പരിഗണിക്കും. സര്‍വ്വേയുടെ തുടര്‍ നടപടികള്‍ തടയണമെന്നാവശ്യപ്പെട്ട് മസ്ജിദ് പരിപാലന സമിതി നല്‍കിയ ഹര്‍ജി സുപ്രീംകോടതിയും ചൊവ്വാഴ്ച പരിഗണിക്കും.
മസ്ജിദിനുമേൽ അവകാശം ഉന്നയിക്കുന്ന വിഭാഗത്തിന്റെ അഭിഭാഷകനായ മദൻ മോഹൻ യാദവും ശിവലിംഗം കണ്ടെത്തിയതായി പ്രതികരിച്ചു. എന്നാൽ, കമീഷൻ അംഗങ്ങൾ ഇതുവരെ വെളിപ്പെടുത്തലുകൾ നടത്തിയിട്ടില്ല. അതേസമയം, സർവേയെ രാഷ്ട്രീയമായി മുതലെടുക്കാനുള്ള ശ്രമങ്ങൾക്കും ബി.ജെ.പി തുടക്കമിട്ടിട്ടുണ്ട്.
ഉത്തർ പ്രദേശ് ഉപ മുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയാണ് പ്രതികരണവുമായി രംഗത്തെത്തിയത്. ‘ബുദ്ധപൂർണിമ നാളിൽ തന്നെ ഗ്യാൻ വാപിയിൽ ബാബ മഹാദേവന്റെ വിഗ്രഹം കണ്ടെത്തിയത് രാജ്യത്തിന്റെ ശാശ്വതമായ ഹൈന്ദവ പാരമ്പര്യത്തിന്റെ പുരാണ സന്ദേശത്തിന് ഉദാഹരണമാണ്’ എന്ന് -മൗര്യ ട്വീറ്റ് ചെയ്തു.