യു.എ.ഇ പ്രസിഡണ്ടിൻ്റെ മൃതദേഹം സംസ്‌കരിച്ചു; ഇന്ന് ലോക നേതാക്കളെത്തും. ഇന്ത്യയിലും ഇന്ന് ദുഃഖാചരണം – ചിത്രങ്ങൾ

യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന് രാജ്യം കണ്ണീരോടെ യാത്രാമൊഴി നൽകി. വെള്ളിയാഴ്ച രാത്രി അബൂദബിയിലെ ഷൈഖ് സുൽത്താൻ ബിൻ സാഇദ് മസ്ജിദിൽ നടത്തിയ മയ്യിത്ത് നിസ്കാരത്തിന് ശേഷം, ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാനും മറ്റു പ്രമുഖരും ചേർന്ന് മൃതദേഹം ബതീൻ ഖബർസ്ഥാനിലേക്ക് കൊണ്ടുപോയി സംസ്കരിച്ചു.

ബതീൻ സുൽത്താൻ മസ്ജിദിൽ നടന്ന മയ്യിത്ത് നമസ്‌കാരത്തിലും നൂറുകണക്കിനാളുകൾ ഭാഗഭാക്കായി. രാജ്യത്തെ എല്ലാ പള്ളികളിലും മയ്യിത്ത് നിസ്‌കാരവും പ്രത്യേക പ്രാർഥനകളും നടന്നിരുന്നു.  യുഎ.ഇയിലെ മറ്റു ഭരണാധികാരികളും നേതാക്കളും സംസ്‌കാര ചടങ്ങിൽ സംബന്ധിച്ചു.

യു.എ.ഇയിൽ നാൽപതും മറ്റു ഗൾഫ് രാജ്യങ്ങളിൽ മൂന്ന് ദിവസവും ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചുട്ടുണ്ട്. വിടവാങ്ങിയ നേതാവിനോടുള്ള ആദര സൂചകമായി ഇന്ത്യയിലും ഇന്ന് ദുഃഖാചരണമാണ്.

2004 മുതൽ യു എ ഇയുടെ പ്രസിഡന്റും സർവ സൈന്യാധിപനും അബൂദബി എമിറേറ്റിന്റെ ഭരണാധികാരിയുമായിരുന്നു ശൈഖ് ഖലീഫ ബിൻസായിദ് അൽ നഹ്‌യാൻ.  പ്രസിഡന്റിന്റെ നിര്യാണത്തിൽ അനുശോചിച്ച് യുഎഇയിലെ എല്ലാ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്കും ഇന്ന് മുതൽ മൂന്ന് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇനി ചൊവ്വാഴ്ചയാണ് സ്ഥാപനങ്ങളും മറ്റും തുറന്നു പ്രവർത്തിക്കുക.

ശൈഖ് ഖലീഫയുടെ വിയോഗത്തിൽ ലോകനേതാക്കളുടെയും രാഷ്ട്രതലവൻമാരുടേയും അനുശോചന സന്ദേശങ്ങൾ പ്രവഹിക്കുകയാണ്. അമേരിക്ക,ചൈന, റഷ്യ, യൂറോപ്യൻ യൂനിയൻ നേതാക്കളും ശൈഖ് ഖലീഫയുടെ വിയോഗത്തിൽ ദു:ഖം രേഖപ്പെടുത്തി.

ശൈഖ് ഖലീഫയുടെ വിയോഗത്തിലൂടെ ഇന്ത്യക്ക് പ്രിയപ്പെട്ട നേതാവിനെയാണ് നഷ്ടമായതെന്ന് അനുശോചന സന്ദേശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. അറബ് ലീഗ്, ജി.സി.സി, ഒ.ഐ.സി കൂട്ടായ്മകളും അനുശോചനം നേർന്നു.

അബൂദബിയിലെ കൊട്ടാരത്തിൽ കിരീടാവകാശിയും ശൈഖ് ഖലീഫയുടെ സഹോദരൻ കൂടിയായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ഇന്ന് ലോകനേതാക്കളെ സ്വീകരിക്കും. ദുഃഖാചരണം പൂർത്തിയാകുന്നതോടെയാകും ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ യു.എ.ഇയുടെ പുതിയ പ്രസിഡന്റായി ചുമതലയേൽക്കുക.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

സംസ്കാര ചടങ്ങുകളുടെ ചിത്രങ്ങൾ കാണാം

 

 

 

 

 

 

 

 

 

 

 

Share
error: Content is protected !!