വിദേശ ജോലിക്ക് ഇനി മുതൽ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകില്ലെന്ന് ഡി.ജി.പി

വിദേശ രാജ്യങ്ങളിലെ ജോലി ആവശ്യത്തിനോ മറ്റു കാര്യങ്ങൾക്കോ ഇനി മുതൽ സംസ്ഥാന പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാൻ പാടില്ലെന്ന് ഡിജിപി ഉത്തരവിറക്കി. സ്വഭാവം നല്ലതാണെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള അവകാശം കേന്ദ്രത്തിന് മാത്രമാണെന്ന് കഴിഞ്ഞ ദിവസം ഹൈകോടതി ഉത്തരവിറിക്കിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന പൊലീസ് മേധാവി ഇതുസംബന്ധിച്ച് സര്‍ക്കുലര്‍ പുറത്തിറക്കിയത്. പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് പകരം ‘കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടില്ല’ എന്ന സര്‍ട്ടിഫിക്കറ്റാകും ഇനി മുതൽ സംസ്ഥാന പൊലീസ് നല്‍കുക. അതു സംസ്ഥാനത്തിനകത്തുള്ള ജോലിക്കോ മറ്റാവശ്യങ്ങള്‍ക്കോ മാത്രമായിരിക്കും.

വിദേശ ജോലിക്കോ വിസ ആവശ്യങ്ങള്‍ക്കോ ഉള്ള സര്‍ട്ടിഫിക്കറ്റ് റീജനൽ പാസ്‌പോര്‍ട്ട് ഓഫിസര്‍മാകും നല്‍കുകയെന്നാണ് കേന്ദ്രം മാസങ്ങൾക്കു മുമ്പ് ഹൈകോടതിയെ അറിയിച്ചിരുന്നത്. അതിന്‍റെ അടിസ്ഥാനത്തിൽ ചില ജില്ല പൊലീസ് മേധാവികൾ സ്വന്തം നിലക്ക് സർക്കുലർ പുറത്തിറക്കിയിരുന്നു. എന്നിട്ടും ആശയക്കുഴപ്പം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഡി.ജി.പിയുടെ സർക്കുലർ.

സർട്ടിഫിക്കറ്റ് ലഭിക്കാനുള്ള അപേക്ഷ എസ്പി ഓഫിസിലോ ബന്ധപ്പെട്ട സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫിസർക്കോ നൽകണം. അപേക്ഷിക്കുന്ന ആൾ തന്നെ അപേക്ഷ തയാറാക്കുന്നതായിരിക്കും ഉചിതം. അതിനു സാധിക്കാത്ത സാഹചര്യത്തിൽ അപേക്ഷകർ എഴുതി നൽകുന്ന സമ്മതപത്രം ഹാജരാക്കിയാൽ മറ്റുള്ളവർക്കും അപേക്ഷ സമർപിക്കാം. സർട്ടിഫിക്കറ്റ് വാങ്ങാൻ അപേക്ഷകൻ നേരിട്ടു ഹാജരാകണമെന്ന് നിർബന്ധമില്ല.

അപേക്ഷകൻ രേഖാമൂലം ചുമതലപ്പെടുത്തുന്ന ആൾക്ക് തിരിച്ചറിയൽ രേഖകൾ ഹാജരാക്കി സർട്ടിഫിക്കറ്റ് വാങ്ങാം. 500 രൂപയാണ് സർട്ടിഫിക്കറ്റിന്റെ ഫീസ്. തുണ സിറ്റിസൺ പോർട്ടൽ വഴിയും പൊലീസിന്റെ ആപ് വഴിയും സൈറ്റിലൂടെയും ഫീസടച്ച് സർട്ടിഫിക്കറ്റ് വാങ്ങാം. അപേക്ഷകന് ഏഴു ദിവസത്തിനകം സർട്ടിഫിക്കറ്റ് നൽകണം. ക്രിമിനൽ കേസിൽ പ്രതിയാണെങ്കിൽ സർട്ടിഫിക്കറ്റ് നൽകില്ല. ഇക്കാര്യം അപേക്ഷകനെ കേസ് നമ്പർ സഹിതം അറിയിക്കണം. തെറ്റായ വിവരങ്ങൾ നൽകുന്നവർക്കും സർട്ടിഫിക്കറ്റ് അനുവദിക്കില്ല.

വിലാസം തിരിച്ചറിയാനായി ഇതിലേതെങ്കിലും രേഖയുടെ പകർപ്പ് സമർപിക്കണം: റേഷൻ കാർഡ്, വോട്ടേഴ്സ് ഐഡി, എസ്എസ്എൽസി സർട്ടിഫിക്കറ്റ്, ആധാർ കാർഡ്. തിരിച്ചറിയൽ രേഖ: കേന്ദ്ര–സംസ്ഥാന സ്ഥാപനങ്ങളിലെ തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ്, വോട്ടേഴ്സ് ഐഡി, ഡ്രൈവിങ് ലൈസൻസ്. കേസുകളില്ലെന്ന സർട്ടിഫിക്കറ്റ് വേണമെന്ന് അപേക്ഷിക്കാനുള്ള സാഹചര്യം വ്യക്തമാക്കുന്ന രേഖ.(ജോലിയുടെ പരസ്യം, സ്ഥാപനങ്ങളുടെ കത്ത്).

കഴിഞ്ഞവര്‍ഷം ആഗസ്റ്റിലെ ഹൈകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍നിന്ന് പൊലീസ് പിന്‍വാങ്ങിയത്.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!