ഷാർജയിൽ 15 വയസ്സുകാരൻ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു
ഷാർജയിലെ അൽ താവുൻ ഏരിയയിൽ 15 വയസുകാരനെ കെട്ടിടത്തിൽ നിന്നു വീണു മരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. സിറിയൻ ബാലനാണ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചത്.
പിതാവുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടതിനെ തുടർന്ന് റസിഡൻഷ്യൽ കെട്ടിടത്തിൻ്റെ 12-ാം നിലയിൽ നിന്ന് ചാടി കൗമാരക്കാരൻ ജീവനൊടുക്കിയതാണെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.
കുടുംബാംഗങ്ങളോടു ജീവിതം ആസ്വദിക്കൂ എന്ന് കുടുംബ വാട്സ്ആപ്പ് ഗ്രൂപ്പിൽ സന്ദേശം അയച്ച ശേഷമായിരുന്നു ബാലൻ കടുംകൈ ചെയ്തത്. ഫ്ലാറ്റിന്റെ ബാൽക്കണി വഴിയാണു കൗമാരക്കാരൻ താഴേക്കു ചാടിയതെന്ന് ബുഹൈറ പൊലീസ് പറഞ്ഞു. സംഭവം കണ്ട ആളുകളാണ് പൊലീസിൽ വിവരം അറിയിച്ചത്.
രാത്രി വൈകിയും കൂട്ടുകാരോടൊപ്പം സമയം ചെലവഴിച്ച ശേഷം വീട്ടിൽ തിരിച്ചെത്തിയ ബാലൻ പിതാവുമായി വഴക്കിട്ടതായാണു കരുതപ്പെടുന്നത്. പിന്നീട് അസ്വസ്ഥനായി അപ്പാർട്ട്മെന്റിന്റെ ബാൽക്കണിയിൽ നിന്നു ചാടി മരിക്കുകയായിരുന്നു. മിക്ക ദിവസങ്ങളിലും കൗമാരക്കാരൻ വൈകിയായിരുന്നു വീട്ടിലെത്തിയിരുന്നത്.
അവധിക്കു ശേഷം സ്കൂൾ തുറന്നിട്ടും ഇതാവർത്തിച്ചതിനാല്‍ പിതാവ് വഴക്കു പറഞ്ഞിരുന്നു. പുലർച്ചെ രണ്ടിനായിരുന്നു പൊലീസിൽ വിവരം ലഭിച്ചത്. ഉടൻ പൊലീസും ഫോറൻസിക് വിഭാഗവും സംഭവസ്ഥലത്തെത്തി. ഗുരുതര പരുക്കേറ്റ കൗമാരക്കാരനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്കു മാറ്റി. കുട്ടിയുടെ മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്തു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക