വീടിൻ്റെ മുകൾ നിലയിൽ കൊലപാതകം: വീട്ടുകാരറിയുന്നത് പുലർച്ചെ മൂന്ന് മണിക്ക് പൊലീസെത്തിയപ്പോൾ
വയനാട് പനമരം പഞ്ചായത്തിലെ കുണ്ടാലയിലെ ടാക്സി ഡ്രൈവറായ മൂന്നാംപ്രവൻ അബ്ദുല്‍ റഷീദിന്റെ വീട്ടിന് മുന്നിൽ ഒട്ടും പ്രതീക്ഷിക്കാതെയാണ് പുലർച്ചെ മൂന്ന് മണിക്ക് പോലീസ് വാഹനമെത്തുന്നത്. അസമയത്ത് എത്തിയ പോലീസിനെ കണ്ട് വീട്ടുകാർ ഞെട്ടി. എന്താണ് സംഭവമെന്നറിയാതെ വീട്ടുകാർ പരസ്പരം നോക്കുന്നു.
പോലീസ് എത്തിയ ഉടനെ വീട്ടുടമസ്ഥനായ റഷീദിനോട് ഇവിടെ മറ്റാരെങ്കിലും ഉണ്ടോ എന്ന് ചോദിച്ചു. മറുപടിക്ക് കാത്തിരിക്കാതെ പോലീസ് നേരെ വീടിൻ്റെ മുകളിലെ നിലയിലേക്ക് കയറി. കൃത്യമായ വിവരങ്ങൾ അറിഞ്ഞ് തന്നെയാണ് പോലീസ് വന്നത് എന്ന് അവരുടെ ഇടപെടലുകളിൽ നിന്ന് വ്യക്തമായിരുന്നു. പോലീസുകാർക്ക് പിറകെ മുകളിലെ നിലയിലെത്തിയ വീട്ടുകാർ ആ കാഴ്ച കണ്ട് ഞെട്ടി. കഴിഞ്ഞ ദിവസം വിരുന്നെത്തിയ ബന്ധുവായ യുവതി കട്ടിലിൽ മരിച്ച് കിടക്കുന്നു. ഭർത്താവായ കോഴിക്കോട് സ്വദേശി വാകേരി അബൂബക്കർ സിദ്ദിഖ് 2 വയസ്സുള്ള കുട്ടിയെ തോളിലിട്ട് ഭാവവ്യത്യാസങ്ങളൊന്നുമില്ലാതെ സോഫയിൽ ഇരിക്കുന്നു. പോലീസിനെ കണ്ടിട്ടും അയാൾക്ക് യാതൊരു ഭാവ വ്യത്യാസവും ഉണ്ടായിരുന്നില്ല. ഈ കാഴ്ച കണ്ട് എന്താണ് സംഭവിച്ചതെന്നറിയാതെ വീട്ടുകാർ ഞെട്ടിത്തരിച്ചു.
ഈ വാർത്ത പൊടുന്നനെയാണ് നാട്ടുകാർക്കിടയിൽ പ്രചരിച്ചത്. ഇതോടെ റഷീദിൻ്റെ വീട്ടിലേക്ക് ജനങ്ങളുടെ ഒഴുക്കായിരുന്നു. മൂന്നാംപ്രവൻ അബ്ദുല്‍ റഷീദിന്റെ വീട്ടിൽ ഇത്തരമൊരു സംഭവം നടന്നെന്നു വിശ്വസിക്കാൻ ആരും ആദ്യം തയാറായില്ല. അബ്ദുല്‍ റഷീദിന്റെ ഭാര്യാസഹോദരന്റെ മകളായ നിതാ ഷെറിനും ഭർത്താവ് അബൂബക്കര്‍ സിദ്ദീഖും കുട്ടിയും കൂടി ബൈക്കിൽ കുണ്ടാലയിലെ ബന്ധുവീട്ടിൽ എത്തിയത് ഞായറാഴ്ച വൈകിട്ടായിരുന്നു. നിതയും അബൂബക്കറും 4 വർഷം മുൻപാണു വിവാഹിതരായത്. മൈസൂരുവിലേക്കു വിനോദയാത്രയ്ക്കായി പോകും വഴിയാണ് അവർ റഷീദിൻ്റെ വീട്ടിൽ കയറിയത്.
എന്നാൽ, അതിർത്തിയിലെ ഗേറ്റ് നേരത്തെ അടയ്ക്കുമെന്നതിനാൽ യാത്ര രാവിലെ തുടരാമെന്ന് റഷീദിൻ്റെ വീട്ടുകാർ പറഞ്ഞപ്പോൾ വിരുന്നെത്തിയവർ അന്ന് അവിടെ തങ്ങുകയായിരുന്നു. രാത്രി ഭക്ഷണം കഴിച്ച ശേഷം മുകൾനിലയിലെ വിശ്രമമുറിയിലേക്ക് അവർ പോയി. കളി ചിരിയോടെ ഇരുവരും സംസാരിക്കുന്നത് കണ്ടാണ് വീട്ടുകാർ താഴത്തെ നിലയിലേക്ക് പോന്നത്. പിന്നീട് പൊലീസ് എത്തുംവരെ മറ്റു ബഹളങ്ങളൊന്നും മുകൾനിലയിൽ നിന്നു കേട്ടില്ലെന്നു വീട്ടുകാർ പറയുന്നു.
കൃത്യം നിർവഹിച്ച ശേഷം ഭർത്താവായ പ്രതി തന്നെ കോഴിക്കോടുള്ള സഹോദരനെ അറിയിക്കുകയായിരുന്നു. സഹോദരൻ അപ്പോൾ തന്നെ പോലീസിനെ അറിയിച്ചു. വഴി തെറ്റാതിരിക്കാൻ അവർ താമസിക്കുന്ന സ്ഥലത്തേക്ക് എത്തുന്നതിനുള്ള റൂട്ട് മാപ്പും പ്രതി തന്നെ അയച്ചുകൊടുക്കുകയും ചെയ്തു. ഭാര്യയെക്കുറിച്ചുള്ള സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് പറയപ്പെടുന്നു.
ജില്ലാ പൊലീസ് മേധാവി അരവിന്ദ് സുകുമാർ, മാനന്തവാടി ഡിവൈഎസ്പി എ.പി. ചന്ദ്രൻ, പനമരം എസ്ഐ. അജീഷ്കുമാർ, മാനന്തവാടി തഹസിൽദാർ എന്‍.ഐ. അഗസ്റ്റിന്‍, പനമരം പഞ്ചായത്ത് പ്രസിഡന്റ് പി.എ. ആസ്യ അടക്കമുളളവർ സ്ഥലത്തെത്തി.
തുടർനടപടികൾക്കു ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. വിദഗ്ധ പരിശോധനയ്ക്കായി പ്രതിയെയും കോഴിക്കോട്ടേക്ക് കൊണ്ടുപോയിട്ടുണ്ട്. ഭാര്യയെ ശ്വാസംമുട്ടിച്ചു കൊന്നു എന്ന കേസിൽ ഭർത്താവായ കൊളത്തറ വാകേരി വി.അബൂബക്കർ സിദ്ദിഖ് (29) പോലീസ് അറസ്റ്റ് ചെയ്തു. പുലർച്ചെ ഒന്നരയോടെയാണ് ഇയാൾ ഭാര്യയായ നിതാ ഷെറിൻ (22) ശ്വാസം മുട്ടിച്ച് കൊന്നത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക