വ്ളോഗർ റിഫ മെഹ്നുവിൻ്റെ പോസ്റ്റ് മോർട്ടം പൂർത്തിയായി. കൊലപാതകമെന്ന് സംശയം; കഴുത്തിൽ ആഴത്തിലുള്ള അടയാളം കണ്ടെത്തി
ദുബായിയിൽ ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ വ്ളോഗർ റിഫ മെഹ്നുവിന്റെ മരണം കൊലപാതകമെന്ന് സംശയം. റിഫയുടെ കഴുത്തിൽ ആഴത്തിലുള്ള അടയാളം കണ്ടെത്തിയതാണ് കൊലപാതക സാധ്യത സംശിക്കാൻ അന്വോഷണ സംഘത്തെ പ്രേരിപ്പിക്കുന്നത് . കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇന്ന് നടന്ന പോസ്റ്റ് മോർട്ടത്തിന്റെ പ്രാഥമിക വിവരങ്ങൾ പോലിസിന് ലഭിച്ചു. രണ്ട് ദിവസത്തിനകം വിശദമായ റിപ്പോർട്ട് പോലീസിന് ലഭിക്കും. രണ്ട് മാസം മുമ്പ് മറവ് ചെയ്ത റിഫയുടെ മൃതദേഹം ഇന്ന് വീണ്ടും പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്തിരുന്നു. ദുബായിലെ താമസ സ്ഥലത്ത് വെച്ചാണ് റിഫയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ദുബായിൽ വെച്ച് പോസ്റ്റ്‌മോർട്ടം ചെയ്യാതെയാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുവന്ന് സംസ്‌കരിച്ചത്.
തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ന് പാവണ്ടൂർ ജമു മസ്ജിദ് ഖബർ സ്ഥാനിൽ നിന്ന് മൃതദേഹം പുറത്തെടുത്ത് കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് പോസ്റ്റ്‌മോർട്ടം നടത്തി. റിഫയുടെ കഴുത്തിൽ ആഴത്തിലുള്ള അടയാളം കണ്ടെത്തിയതിനെ തുടർന്നാണ് പോസ്റ്റ് മോർട്ടം മെഡിക്കൽ കോളേജിൽ വെച്ചാക്കിയതെന്നാണ് റിപ്പോർട്ട്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം മറവ് ചെയ്തു.
കഴുത്തിലെ ആഴത്തിൽ കണ്ടെത്തിയ അടയാളം കൊലപാതകമാണെന്ന് അന്വോഷണ സംഘം സംശയിക്കുന്നതുണ്ട്. എന്നാൽ ഇത് കൊലപാതക ശ്രമമാണോ അതോ തൂങ്ങിമരിച്ചതിലൂടെ സംഭവിച്ചതാണോ തുടങ്ങിയ കാര്യങ്ങൾ രണ്ട് ദിവസത്തിനകം പോലീസിന് ലഭിക്കുന്ന വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലൂടെ മാത്രമേ സ്ഥിരീകരിക്കാനാകൂ. കൊലപാതകമാണെന്ന് സ്ഥിരീകരിച്ചാൽ തെളിവെടുപ്പുൾപ്പെടെയുള്ള കാര്യത്തിന് മരണം നടന്ന ദുബായിലേക്ക് അന്വോഷണം വ്യാപിപ്പിക്കേണ്ടിവരും. കൂടുതൽ തെളിവുകളും സംശയങ്ങളുമുണ്ടെന്ന് റിഫയുടെ കുടുംബം നേരത്തെ തന്നെ ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തിയത്. പോസ്റ്റ്‌മോര്ട്ടത്തിന് ഫോറൻസിക് മേധാവി തന്നെയാണ് നേതൃത്വം നൽകിയത്.
മരണ ശേഷം ദുബായിൽ നടത്തിയ ഫൊറൻസിക് പരിശോധന പോസ്റ്റ്മോർട്ടമാണെന്നു വരുത്തിത്തീർത്തതായും കുടുംബത്തിനു പരാതിയുണ്ട്. നാട്ടിലെത്തിച്ച മൃതദേഹം അരമണിക്കൂറിനുള്ളിൽ കബറടക്കാനും കുടുംബത്തിനുമേൽ സമ്മർദമുണ്ടായിരുന്നതായി പിതാവ് റാഷിദ് പറഞ്ഞു. റിഫയുടെ കുടുംബത്തിന്റെ പരാതിയിൽ ഭർത്താവ് മെഹ്നാസിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. എന്നാൽ മെഹ്നാസിനെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല.
വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/IVNr7uCNZq9KwJlm1nff5T