ഷവർമ കഴിച്ച് വിദ്യാർഥിനി മരിച്ച സംഭവം: കൂൾബാറിന്റെ വാഹനം കത്തിച്ചു. വിദേശത്തുള്ള കട ഉടമയെ പോലീസ് വിളിച്ച് വരുത്തും
കാസർകോട്: ചെറുവത്തൂരിൽ ഷവർമ്മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് 16 കാരി മരിച്ച സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ. ചെറുവത്തൂർ ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന ഐഡിയൽ കൂൾബാർ എന്ന സ്ഥാപനത്തിലെ മൂന്ന് ജീവനക്കാരെയാണ് ചന്തേര പൊലീസ് കസ്റ്റഡിയിലെടുത്തത്. മാനേജിങ് പാർട്ണർ മംഗളൂരു സ്വദേശിയായ മുള്ളോളി അനക്സ്, എം.ഡി. അഹമ്മദ്, ഷവർമ മേക്കർ നേപ്പാൾ സ്വദേശി സന്ദേശ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്.
അതേസമയം, വിദ്യാർഥിനിയുടെ മരണത്തെ തുടർന്ന് കൂൾബാറിന്റെ വാഹനം കത്തിച്ചു. ആരാണ് തീയിട്ടതെന്നതിനെക്കുറിച്ച് സൂചനയില്ല. ഇതേതുടർന്ന് വാഹനം ചന്തേര പൊലീസ് സ്റ്റേഷനിലെക്ക് മാറ്റിയിരിക്കുകയാണ്. ഇന്നലെ കൂൾബാർ എറിഞ്ഞുതകർത്തിരുന്നു.
ഷവർമ കഴിച്ചു വിഷബാധയേറ്റ് പ്ലസ് വൺ വിദ്യാർഥിനി മരിച്ച സംഭവത്തിൽ വിദേശത്തുള്ള കടയുടമ മുഹമ്മദിനെ പൊലീസ് വിളിച്ചുവരുത്തും. അന്വേഷണത്തിന്റെ ഭാഗമായി മുഹമ്മദിനെ ചോദ്യം ചെയ്യണ്ടതുണ്ടെന്നു പൊലീസ് അറിയിച്ചു. ഷവർമ ഉണ്ടാക്കുന്ന നേപ്പാൾ സ്വദേശി സന്ദേശ് റായ്, സ്ഥാപനം നടത്തിപ്പുകാരൻ ഉള്ളാളിലെ അനസ് എന്നിവരെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് കടയുടമയെ വിളിച്ചു വരുത്താൻ പൊലീസ് തീരുമാനിച്ചത്.
വിദ്യാർഥിനി മരിച്ചതിനെ തുടർന്ന് ബസ് സ്റ്റാൻഡ് പരിസരത്തെ ഐഡിയല്‍ ഫുഡ്പോയിന്റ് എന്ന സ്ഥാപനം ജില്ലാ ഭരണകൂടം ഇടപെട്ട് അടപ്പിച്ചിരുന്നു. ഐഡിയല്‍ ഫുഡ്പോയിന്റെ വടക്കു ഭാഗത്ത് റോഡിനോട് ചേർന്ന് നിർത്തിയിട്ടിരുന്ന വാഹനം തീവച്ച് നശിപ്പിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലും അന്വേഷണം പുരോഗമിക്കുകയാണ്. ആരാണ് വാന്‍ കത്തിച്ചത് എന്ന് സൂചനയില്ല, സിസിടിവി പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു.
കരിവെള്ളൂർ പെരളം പൊതുവിതരണ കേന്ദ്രത്തിനു സമീപം പരേതനായ ചന്ത്രോത്ത് നാരായണന്റെയും ഇ.വി.പ്രസന്നയുടെയും ഏക മകൾ ഇ.വി.ദേവനന്ദ (16) ആണു മരിച്ചത്. കരിവെള്ളൂർ എ.വി. സ്മാരക ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്. പിലിക്കോട് മട്ടലായിയിലെ ബന്ധുവീട്ടിലായിരുന്നു താമസം.
കഴിഞ്ഞ വെള്ളിയാഴ്ച ചെറുവത്തൂർ ബസ് സ്റ്റാൻഡ് പരിസരത്തെ കൂൾബാറിൽ നിന്നു ദേവനന്ദ സുഹൃത്തുക്കൾക്കൊപ്പം ഷവർമ കഴിച്ചിരുന്നു. ഇതേ കൂൾബാറിൽ നിന്നും ഷവർമ കഴിച്ച 30 പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. ഇന്നലെ രാവിലെ ഇവരിൽ പലർക്കും ശാരീരിക അസ്വസ്ഥതകളുണ്ടായി. ഇവരെ ചെറുവത്തൂർ ഗവ. സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഉച്ചയോടെ കുട്ടികളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ദേവനന്ദയെ രക്ഷിക്കാനായില്ല. ചന്തേര പൊലീസിന്റെ അന്വേഷണം ഊർജിതമാണ്. ഇതോടൊപ്പം ആരോഗ്യ, ഭക്ഷ്യസുരക്ഷാ വകുപ്പുകളും അന്വേഷണം നടത്തുന്നുണ്ട്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/IVNr7uCNZq9KwJlm1nff5T