ദിലീപിന് വീണ്ടും തിരിച്ചടി. നടിയെ ആക്രമിച്ച കേസിൻ്റെ തുടരന്വേഷണത്തിന് കൂടുതൽ സമയം അനുവദിച്ചു
ഹൈക്കോടതിയിൽ നടൻ ദിലീപിനു വീണ്ടും തിരിച്ചടി. നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിനു ഹൈക്കോടതി കൂടുതൽ സമയം അനുവദിച്ചു. ഒന്നര മാസം കൂടിയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് അനുവദിച്ചിരിക്കുന്നത്. മേയ് 30നു മുൻപ് അന്വേഷണം പൂർത്തിയാക്കണമെന്നാണ് നിർദേശം. ഇനി കൂടുതൽ സമയം അനുവദിക്കില്ലെന്നും, മെയ് 30-നകം അന്വേഷണം പൂര്‍ത്തിയാക്കുമെന്ന് ഡി.ജി.പി. ഉറപ്പ് നല്‍കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
അന്വേഷണ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്നും കോടതി നിർദേശിച്ചു. അന്വേഷണ വിവരങ്ങൾ മാധ്യമങ്ങളുമായി പങ്കുവയ്ക്കുന്നതിനാണു വിലക്ക്. മാധ്യമങ്ങൾക്കു വിവരങ്ങൾ ചോർത്തി നല്‍കുന്നില്ലെന്നു ഡിജിപി ഉറപ്പു വരുത്തണമെന്നും ഉത്തരവിൽ പറയുന്നു. മാധ്യമ വിചാരണ തടയണം എന്നാവശ്യപ്പെട്ടുള്ള പ്രതി സുരാജിന്റെ ഹർജിയിൽ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. മൂന്നാഴ്ചത്തേയ്ക്കു മാധ്യമങ്ങൾ വാർത്ത നൽകുന്നതിനാണ് വിലക്ക്.
നേരത്തെ ഏപ്രില്‍ 14-നകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു കോടതിയുടെ നിര്‍ദേശം. എന്നാല്‍ കേസില്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തിയതിനാലും ഇതിന്റെ ഫോറന്‍സിക് പരിശോധന ഉള്‍പ്പെടെ നടത്തേണ്ടതിനാലും കൂടുതല്‍ സമയം അനുവദിക്കണമെന്നായിരുന്നു അന്വേഷണസംഘത്തിന്റെ ആവശ്യം. അന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്നുമാസത്തെ സമയം വേണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഈ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. തുടര്‍ന്നാണ് മെയ് 30 വരെ സമയം നീട്ടിനല്‍കി ഉത്തരവിട്ടത്. മെയ് 30-നകം അന്വേഷണം പൂര്‍ത്തിയാക്കി വിചാരണ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.
എന്നാൽ തുടരന്വേഷണത്തിനു സമയം നീട്ടി നൽകരുത് എന്ന നിലപാടാണ് ദിലീപ് കോടതിയിൽ സ്വീകരിച്ചത്. കള്ളത്തെളിവുണ്ടാക്കാനാണ് പ്രോസിക്യൂഷൻ അന്വേഷണ സമയം നീട്ടി ചോദിച്ചിരിക്കുന്നത് എന്നായിരുന്നു പ്രതികളുടെ വാദം.
അതിനിടെ, വധഗൂഢാലോചനാ കേസിലെ എഫ്.ഐ.ആര്‍. റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയും ഹൈക്കോടതി ചൊവ്വാഴ്ച തള്ളിയിരുന്നു. കേസില്‍ ക്രൈംബ്രാഞ്ചിന് അന്വേഷണം തുടരാമെന്ന് വ്യക്തമാക്കിയാണ് ദിലീപിന്റെ ഹര്‍ജി കോടതി തള്ളിയത്. കേസ് സി.ബി.ഐ. അന്വേഷിക്കണമെന്ന ആവശ്യവും ഹൈക്കോടതി അംഗീകരിച്ചില്ല.
കൂടുതൽ വാർത്തകൾക്ക് വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/DXQKEOO2hmYK5l78SOMrkd