സൗദിയിൽ ജാഗ്രതാ നിർദ്ദേശം; ബുധനാഴ്ച മുതൽ മിന്നലും മഴയും ശക്തമായ കാറ്റുമുണ്ടാകും
സൌദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ നാളെ (ബുധനാഴ്ച) മുതൽ ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കാലാവസ്ഥ കേന്ദ്രത്തിൽ നിന്നുള്ള അറിയിപ്പിൻ്റെ അടിസ്ഥാനത്തിൽ എല്ലാവരും ജാഗ്രത പുലർത്തണമെന്ന് സിവിൽ ഡിഫൻസ് വിഭാഗം മുന്നറയിപ്പ് നൽകി.
റിയാദ്, മക്ക, മദീന, അൽ ബഹ, അസീർ, ജസാൻ, നജ്‌റാൻ, ഖാസിം, ഹായിൽ, ഷർഖിയ എന്നീ പ്രദേശങ്ങളിൽ മതിമായ രീതിയിൽ മഴ പെയ്യുമെന്നും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ഇത്തരമൊരു അന്തരീക്ഷത്തിൽ ഉണ്ടായേക്കാവുന്ന അപകടങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നും കുത്തിയൊഴുക്കിനും വെള്ളച്ചാട്ടത്തിനും സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് മാറിനിൽക്കണമെന്നും സിവിൽ ഡിഫൻസ് ജനങ്ങളോട് ആവശ്യപ്പെട്ടു. കാലാവസ്ഥ സംബന്ധിച്ച് വിവിധ മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയ സൈറ്റുകളിലൂടെയും സിവിൽ ഡിഫൻസ് വിഭാഗം നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്ന് സിവിൽ ഡിഫൻസ് വക്താവ് ലഫ്റ്റനന്റ് കേണൽ മുഹമ്മദ് അൽ ഹമ്മാദി എല്ലാവരോടും ആഹ്വാനം ചെയ്തു.
കൂടുതൽ വാർത്തകൾക്കും അറിയിപ്പുകൾക്കും വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക