ഫോൺവഴി ബാങ്കിംങ് തട്ടിപ്പ് വ്യാപകം. മലയാളി പ്രവാസിക്ക് പണം നഷ്ടമായി
ഫോണിലൂടെ ബാങ്ക് അക്കൌണ്ട് വിവരങ്ങൾ കൈമാറിയ മലയാളിക്ക് 7,810 റിയാൽ നഷ്ടമായി. സൌദി അറേബ്യയിലെ യാംമ്പുവിൽ ജോലി ചെയ്യുന്ന കോട്ടയം സ്വദേശിക്കാണ് അക്കൌണ്ടിലുള്ള തുക പൂർണമായും നഷ്ടമായത്. ബാങ്കിങ് വിശദാംശങ്ങൾ കൈക്കലാക്കിയുളള തട്ടിപ്പ് സൌദിയിൽ വ്യാപകമായി നടന്ന് വരുന്നുണ്ട്. ഇക്കാര്യത്തെ കുറച്ച് അധികൃതർ മുന്നറിയിപ്പ് ആവർത്തിച്ച് കൊണ്ടിരിക്കുന്നതിനിടെയാണ് മലയാളിക്ക് ഇത്രയും തുക നഷ്ടമായത്.
ബാങ്ക് അക്കൌണ്ട് അപ്ഡേറ്റ് ചെയ്യുന്നതിനായി അക്കൌണ്ട് നമ്പറും എടിഎം പിൻ നമ്പറും ആവശ്യപ്പെട്ട്, ബാങ്ക് ഉദ്യോഗസ്ഥരാണെന്ന വ്യാജേനയാണ് ഫോൺ കോളുകൾ വന്നത്. ബാങ്ക് ഉദ്യോഗസ്ഥനാണ് വിളിക്കുന്നത് എന്ന് കരുതിയാണ് തട്ടിപ്പിനിരയായ കോട്ടയം സ്വദേശി എ.ടി.എം കാർഡിൻ്റെ വിവരങ്ങളും ഫോണിലേക്ക് വന്ന ഒ.ടി.പി യും കൈമാറിയത്. ഉടൻ തന്നെ അക്കൌണ്ടിലുള്ള മുഴുവൻ തുകയും പിൻവലിച്ചതായുള്ള മെസേജ് വന്നു. അപ്പോഴാണ് താൻ തട്ടിപിനിരയായ കാര്യം ഇദ്ദേഹം അറിയുന്നത്.
ബാങ്ക് അക്കൌണ്ട് വിവരങ്ങൾ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ ബാങ്കിങ് സേവനങ്ങൾ മരവിപ്പിക്കുമെന്നും അക്കൌണ്ടിലെ പണം നഷ്ടമാകുമെന്നും തെറ്റിദ്ധരിപ്പിച്ചാണ് ഇദ്ദേഹത്തിൽ നിന്ന് അക്കൌണ്ട് വിവരങ്ങൾ ചോർത്തിയെടുത്തത്. വിവിധ ഭാഷകൾ അനായാസം സംസാരിക്കാൻ കഴിയുന്ന വൻ സംഘമാണ് തട്ടിപ്പിന് പിന്നിൽ. ഇത്തരത്തിൽപെട്ട നിരവധി പേരെ സുരക്ഷാ ഉദ്യോഗസ്ഥർ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ബാങ്ക് അക്കൌണ്ടുകളിൽ താമസരേഖ വിവരങ്ങളും മറ്റും അപ്ഡേറ്റ് ചെയ്യാൻ അതത് ബാങ്കുകളുടെ വെബ്സൈറ്റിൽ തന്നെ സംവിധാനമുൾപ്പെടുത്തിയിട്ടുണ്ട്. ഇതിനും പുറമെ ബാങ്കുകളിൽ നിന്ന് നേരിട്ടും ചെയ്യാം. ഈ സേവനമാണ് ഫോണിലൂടെ ചെയ്യാമെന്ന് തെറ്റിദ്ധരിപ്പിച്ച് വിളിക്കുന്നത്. ബാങ്ക് വിവരങ്ങൾ അന്വോഷിച്ച് ഒരിക്കലും ബാങ്കുകളിൽ നിന്ന് ഫോണിലേക്ക് വിളിക്കില്ലെന്നും, ഫോണിലൂടെ ആർക്കും വിവരങ്ങൾ കൈമാറരുതെന്നും അധികൃതർ നിരന്തരം ഓർമ്മിപ്പിക്കാറുണ്ട്. അതിനിടയിലാണ് മലയാളികളുൾപ്പെടെ തട്ടിപ്പിനിരയാകുന്നത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ