ആർ എസ് സി ‘തർതീൽ 22’; ഹോളി ഖുർആൻ മത്സരങ്ങൾക്ക്‌ തുടക്കമായി

റിയാദ്: ഖുർആൻ വാർഷിക മാസം എന്നറിയപ്പെടുന്ന പുണ്യ റമളാനിൽ ‘തർതീൽ-’22’ എന്ന പേരിൽ ആർ എസ്‌ സി  ഗൾഫ് രാജ്യങ്ങളിലുടനീളം സംഘടിപ്പിക്കുന്ന വിശുദ്ധ ഖുർആൻ മത്സരങ്ങൾക്കും അനുബന്ധ പരിപാടികൾക്കും ഔദ്യോഗിക തുടക്കമായി. തൊള്ളായിരത്തി പതിനാറ്‌ പ്രാദേശിക യൂനിറ്റ് കേന്ദ്രങ്ങളിൽ സമാരംഭിച്ച തർതീൽ സെക്ടർ, സെൻട്രൽ മത്സരങ്ങൾക്ക്‌‌ ശേഷം മെയ് ആദ്യവാരം ഓരോ രാജ്യങ്ങളിലും നടക്കുന്ന ഫൈനൽ മത്സരത്തോടെ പരിസമാപ്‌തിയാകുക. മനുഷ്യനെ നേർവഴിയിൽ നയിക്കാനും സമാധാന പാത പുൽകാനും വഴികാട്ടിയായ ഖുർആൻ അവതരിച്ച വ്രത മാസത്തിൽ സംഘടന ആചരിക്കുന്ന ‘വിശുദ്ധ റമളാൻ; വിശുദ്ധ ഖുർആൻ’ എന്ന ക്യാംപയിനിന്റെ ഭാഗമായാണ്‌ തർതീൽ സംഘടിപ്പിക്കുന്നത്‌.

വിദ്യാർഥികൾക്കും യുവാക്കൾക്കും ഖുർആൻ പഠനത്തിനും പാരായണത്തിനും അവസരം ഒരുക്കുന്നതോടൊപ്പം ഈ രംഗത്ത്‌ മികവ്‌ തെളിയിക്കുന്നവരെ അംഗീകരിക്കാനുള്ള വാർഷികപരിപാടിയായി സംഘടിപ്പിക്കുന്ന തർതീലിന്റെ അഞ്ചാമത്‌ പതിപ്പാണ്‌ ഇക്കൊല്ലം നടക്കുന്നത്‌.  ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിലായി തിലാവത് (പാരായണ ശാസ്ത്രം), ഹിഫ്ള് (മനഃപാഠം), രിഹാബുൽ ഖുർആൻ (ഗവേഷണ പ്രബന്ധം), ഖുർആൻ സെമിനാർ, ഖുർആൻ ക്വിസ് എന്നിവയാണ്‌ പ്രധാന മൽസര ഇനങ്ങൾ. കൂടാതെ ഖുർആൻ പ്രഭാഷണങ്ങൾ, ഇഫ്‌താർ എന്നിവയും മത്സരത്തോടനുബന്ധിച്ച്‌ നടക്കും.

സൗദി വെസ്റ്റ്, സൗദി ഈസ്റ്റ്, യു എ ഇ, ബഹ്‌റൈൻ, ഒമാൻ, കുവൈത്ത്, ഖത്തർ എന്നിവിടങ്ങളിലായി നടക്കുന്ന പരിപാടികളിൽ മത്സരാർഥികളായി മാത്രം അയ്യായിരം പേർ പങ്കാളികളാകുമെന്ന് സംഘാടകർ അറിയിച്ചു.

മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പ്രത്യേകം തയാറാക്കിയ പോർട്ടൽ വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്. വിശദ വിവരങ്ങൾക്ക് 00966 538713461എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണെന്ന് സംഘാടകർ അറിയിച്ചു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ

വാർത്തകൾ അയക്കാൻ
ഇമെയിൽ: malayalamdeskmail@gmail.com
വാട്സ്ആപ്പ്: 00919605796832, 00918714323705

Share
error: Content is protected !!