മലയാളി യുവാവ്​ കുവൈത്തിൽ ലിഫ്​റ്റിൽ കുടുങ്ങി മരിച്ചു

മലപ്പുറം ജില്ലയിലെ തിരൂർ ചമ്രവട്ടം സ്വദേശി തെക്കെവളപ്പിൽ മുഹമ്മദ് ഫാസിൽ എന്ന ഷാഫി (36) ആണ്​ ലിഫ്റ്റിൽ കുടുങ്ങി മരിച്ചത്. നോമ്പിന്റെ ആദ്യദിനമായ ശനിയാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം. മംഗഫ് ബ്ലോക് നാലിൽ ബഖാല ജീവനക്കാരനായ ഇദ്ദേഹം സാധനങ്ങൾ ഡെലിവറി ചെയ്യാനെത്തിയ കെട്ടിടത്തിലെ ലിഫ്റ്റിലാണ് കുടുങ്ങിയത്. അഗ്നിശമന സേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

നോമ്പു തുറന്ന ശേഷം രാത്രി എട്ടു മണിയോടെയാണ് ഷാഫി ഓർഡറുമായി കെട്ടിടത്തിലെത്തിയത്. ട്രോളിയിൽ സാധനങ്ങൾ വെച്ച് മൂന്ന് നില കെട്ടിടത്തിലേക്ക് ഡെലിവറി ചെയ്യാൻ പോയതായിരുന്നു. പഴയ മോഡൽ ലിഫ്റ്റായിരുന്നതിനാൽ പുറത്തുനിന്നുള്ള ഒറ്റ ഡോർ മാത്രമാണ് ലിഫ്റ്റിനുണ്ടായിരുന്നത്. ട്രോളി ലിഫ്റ്റിൽ കുടുങ്ങിയ വേളയിൽ അത് ശരിയാക്കാനായി ഷാഫി തല പുറത്തേക്കിട്ടു. ആ സമയം അബദ്ധത്തിൽ ലിഫ്റ്റ് മുകളിലേക്ക് പൊങ്ങി അപകടമുണ്ടാകുകയായിരുന്നു.  ഷാഫിയുടെ ദാരുണമായ അപകട മരണം ഉൾക്കൊള്ളാനാകാതെ കഴിയുകയാണ് സുഹൃത്തുക്കൾ

ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഷാഫി നാട്ടിൽ വന്ന് തിരിച്ച് പോയത്. ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരികയാണ്. പിതാവ് തെക്കേവളപ്പിൽ മുഹമ്മദ് കുട്ടി. മാതാവ് ഉമ്മാച്ചു. ഖമറുന്നീസയാണ് ഭാര്യ. മക്കൾ: ഷാമിൽ (ഒമ്പത് വയസ്സ്), ഷഹ്‌മ (നാലു വയസ്സ്), ഷാദിൽ (മൂന്നു മാസം). സഹോദരങ്ങൾ: റിയാസ് ബാബു, ലൈല, റംല, റഹീം.

കൂടുതൽ വാർത്തകൾ അറിയാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ

 

 

Share
error: Content is protected !!