ബസ് ചാർജ് വർധിപ്പിക്കാൻ തീരുമാനം: മിനിമം ചാര്‍ജ് 10 രൂപ, ഓട്ടോ, ടാക്സി നിരക്കും കൂടും

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ എല്‍.ഡി.എഫ് യോഗത്തില്‍ ധാരണ. മിനിമം ചാര്‍ജ് 10 രൂപയാകും. മിനിമം ചാർജ് ദൂരത്തിനുശേഷം ഓരോ കിലോമീറ്ററിനും ഒരു രൂപ വീതം ഈടാക്കും. വിദ്യാർഥികളുടെ കണ്‍സഷന്‍ നിരക്ക് വർധിപ്പിക്കുന്നത് പുനഃപരിശോധിക്കും. ഇതിനായി പ്രത്യേക സമിതിയെ നിയോഗിക്കും. നിരക്ക് ഉയർത്തണമെന്ന് ബസ് ഉടമകളുടെ ആവശ്യം ന്യായമാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.

സംസ്ഥാനത്തെ ഓട്ടോറിക്ഷ/ടാക്സി നിരക്കു വർധിപ്പിക്കാനും തീരുമാനമായി. ഓട്ടോറിക്ഷയ്ക്ക് മിനിമം ചാർജ് 30 രൂപയാക്കി. അധികം വരുന്ന ഓരോ കിലോമീറ്ററിനും 15 രൂപ നൽകണം. 1500 സിസിയിൽ താഴെയുള്ള ടാക്സികൾക്ക് മിനിമം ചാർജ് 200 രൂപയാക്കി. 1500 സിസിയിൽ മുകളിലുള്ള ടാക്സികൾക്ക് അഞ്ച് കിലോമീറ്റർ വരെ 225 രൂപയാണ് മിനിമം ചാർജ്. പിന്നീട് ഓരോ കിലോമീറ്ററിനും 20 രൂപ നൽകണം. വെയ‌്റ്റിങ് ചാർജിൽ മാറ്റമില്ല.

സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കാൻ ബുധനാഴ്ച വൈകിട്ടു ചേർന്ന എൽഡിഎഫ് യോഗം അനുമതി നൽകിയിരുന്നു. ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.

ബസ് ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട് സ്വകാര്യ ബസ് ഉടമകള്‍ നടത്തിയ സമരം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് പിന്‍വലിച്ചിരുന്നു. നിരക്ക് വര്‍ധിപ്പിക്കുന്നതടക്കമുള്ള ബസ് ഉടമകളുടെ ആവശ്യം അംഗീകരിക്കുമെന്ന ഉറപ്പിന്‍മേലാണ് സമരം അവസാനിപ്പിച്ചത്.

മിനിമം ചാര്‍ജായ 8 രൂപയില്‍ നിന്ന് 10 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. മിനിമം നിരക്ക് 12 രൂപയാക്കണം, കിലോമീറ്ററിന് ഒരു രൂപ പത്തു പൈസ വര്‍ധിപ്പിക്കണം, വിദ്യാര്‍ത്ഥികളുടെ നിരക്ക് 6 രൂപയാക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ബസ് ഉടമകള്‍ സമരം നടത്തിയത്. നിരക്ക് വര്‍ധന ഉടന്‍ നടപ്പാക്കുമെന്ന സര്‍ക്കാര്‍ ഉറപ്പില്‍ സ്വകാര്യ ബസ് ഉടമകള്‍ സമരം പിന്‍വലിക്കുകയായിരുന്നു.

വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/LUZAzz0xgyiIdj0abQ0OCc

Share
error: Content is protected !!