പക്ഷിപ്പനി: സൗദിയിൽ ചില രാജ്യങ്ങളിൽ നിന്നുള്ള കോഴി ഇറിച്ചിയുടേയും മുട്ടയുടേയും ഇറക്കുമതി നിരോധിച്ചു

അമേരിക്ക, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ നിന്നുമുള്ള കോഴിയിറച്ചി, മുട്ടകൾ, അവയുടെ ഉൽപ്പന്നങ്ങൾ  എന്നിവ ഇറക്കുമതി ചെയ്യുന്നതിന് സൗദി അറേബ്യ വിലക്കേർപ്പെടുത്തി. അമേരിക്കയിലും ഫ്രാൻസിലും പക്ഷിപ്പനി വ്യാപകമായ സാഹചര്യത്തിലാണ് ഇറക്കുമതിക്ക് വിലക്കേർപ്പെടുത്തിയത്. സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി, ചേംബർ ഓഫ് കൊമേഴ്‌സിനയച്ച സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അമേരിക്കയിലെ ഡെലവെയർ, കെന്റക്കി, ഫ്രാൻസിലെ മായൻ മേഖല എന്നിവിടങ്ങളിൽ നിന്നുള്ള കോഴി ഇറച്ചിയും അവയുടെ ഉൽപ്പന്നങ്ങളും രാജ്യത്ത് നിരോധിച്ചതായി സർക്കുലറിൽ വ്യക്തമാക്കുന്നു.

ലോക രാജ്യങ്ങളിലെ ഭക്ഷ്യ സുരക്ഷയെക്കുറിച്ചുള്ള അന്താരാഷ്ട്ര റിപ്പോർട്ടുകൾ അനുസരിച്ച്, വേൾഡ് ഓർഗനൈസേഷൻ ഫോർ അനിമൽ ഹെൽത്ത് (OIE) പുറപ്പെടുവിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ; അമേരിക്കയിലും ഫ്രഞ്ച് മേഖലയിലും പക്ഷിപ്പനി രോഗം വളരെ മാരകമാണ്.

ഈ വർഷം ആദ്യം, സൗദി അറേബ്യ ഡെന്മാർക്കിലെ സെൻട്രൽ ഡെൻമാർക്ക് മേഖലയിൽ നിന്നും റഷ്യൻ ഫെഡറേഷനിലെ സ്റ്റാവ്‌റോപോൾ മേഖലയിൽ നിന്നും കോഴിയിറച്ചി, മുട്ടകൾ, അവയുടെ ഉൽപ്പന്നങ്ങൾ എന്നിവ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചിരുന്നു. അത്യധികം മാരകമായ ഏവിയൻ ഇൻഫ്ലുവൻസയുടെ ആവിർഭാവം കാരണമായിരുന്നു നിരോധനം ഏർപ്പെടുത്തിയത്.

കഴിഞ്ഞ ഒക്‌ടോബർ അവസാനത്തിലാണ് ഡെൻമാർക്ക് കോഴിയിറച്ചിയിൽ മാരകമായ രോഗങ്ങൾക്ക് വഴിവെക്കുന്ന ഏവിയൻ ഇൻഫ്ലുവൻസയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തത്. 

ഇറ്റലി, ഡെൻമാർക്ക്, സ്വീഡൻ, ബ്രിട്ടൻ, റഷ്യയിലെ ചില പ്രദേശങ്ങൾ എന്നിവയുൾപ്പെടെ പല യൂറോപ്യൻ രാജ്യങ്ങളിലും കഴിഞ്ഞ ശൈത്യകാലത്ത് രോഗം സ്ഥിരീകരിച്ചിരുന്നു. 

 

കൂടുതൽ വാർത്തകൾക്ക് വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/LUZAzz0xgyiIdj0abQ0OCc

Share
error: Content is protected !!