പ്രവാസിയുടെ വീടും സ്ഥലവും സർക്കാർ ഏറ്റെടുത്തു; 12 വർഷമായിട്ടും നഷ്ടപരിഹാരം ലഭിച്ചില്ല
നാൽപ്പത് വർഷത്തോളം ഗൾഫിൽ ജോലിചെയ്ത് സമ്പാദിച്ച വീടും സ്ഥലവും സർക്കാർ ഏറ്റെടുത്തിട്ട് പന്ത്രണ്ട് വർഷം കഴിഞ്ഞു. ഇത് വരെ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. തൃശൂര്‍ കൊടുങ്ങല്ലൂർ സ്വദേശി കുട്ടനാണ് ഈ ഹതഭാഗ്യൻ. കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യം കൊണ്ട് ഭൂമി വാങ്ങി. അതിൽ വീട് പണി നടന്ന് കൊണ്ടിരിക്കെയാണ് സുനാമി പുനരധിവാസത്തിനായി സര്‍ക്കാര്‍ കുട്ടൻ്റെ ഭൂമിയും ഏറ്റെടുത്തത്. അതോടെ വീട് പണി പാതിവഴിയിൽ നിറുത്തി.
കൊടുങ്ങല്ലൂരിന് സമീപം എടവിലങ്ങാണ് കുട്ടന്റെ വീട്. അനാഥപ്രേതം പോലെ വീട് കിടക്കാൻ തുടങ്ങിയിട്ട് വര്‍ഷം 12 ആയി. എടവിലങ്ങ് സ്വദേശി കുട്ടൻ 40 വര്‍ഷം ഗള്‍ഫില്‍ പണിയെടുത്തതിൻറെ ആകെ സമ്പാദ്യമാണ് 79 സെൻറ് സ്ഥലവും വീടും. 50 സെൻറ് സ്ഥലത്ത് കൃഷി ചെയ്ത് ജീവിക്കാനായിരുന്നു പദ്ധതി. ബാക്കി 29 സെൻറ് സ്ഥലത്ത് 2008ല്‍ മകന് വേണ്ടി വീട് പണി തുടങ്ങി. 10 ലക്ഷം രൂപ ചെലവാക്കി.
കുറച്ച് മാസങ്ങള്‍ക്ക് ശേഷം സുനാമി പുനരധിവാസത്തിന് സർക്കാർ ഭൂമി ഏറ്റെടുത്തെന്ന വിജ്ഞാപനം വന്നതോടെ പണി നിന്നു. എന്നാല്‍ ഇത് സംബന്ധിച്ച് രേഖകള്‍ ലഭിക്കുന്നത് 2010 മാര്‍ച്ചിലായിരുന്നു. 12 വർഷം പിന്നിട്ടിട്ടും നഷ്ടപരിഹാരമായി അഞ്ച് പൈസ പോലും സർക്കാരിൽ നിന്ന് കിട്ടിയില്ല.
ഇപ്പോള്‍ അന്നന്നത്തെ ഭക്ഷണത്തിനു പോലും വകയില്ലാതെയാണ് കുട്ടന്റെ ജീവിതം. അയല്‍വാസികളുടെ വിറകു സൂക്ഷിക്കാനും തുണിയുണക്കാനുമുളള ചായ്പ് മാത്രമായി മാറി ഈ വയോധികൻ ഒരായുസ് കൊണ്ട് നേടിയ സമ്പാദ്യം. സ്ഥലത്തിൻറെ ഉടമസ്ഥാവകാശം ഇപ്പോഴും കുട്ടന് തന്നെയാണ്. എന്നാല്‍ നികുതി അടക്കാനോ ഇടപാടുകള്‍ നടത്താനോ കഴിയാത്ത സ്ഥിതിയാണ്. നികുതി അടക്കാൻ കഴിയുമോയെന്ന് അറിയാൻ എല്ലാ വര്‍ഷവും സർക്കാർ ഓഫീസുകള്‍ കയറിയിറങ്ങുന്നു. സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയെന്നാണ് ഓഫീസുകളിൽ നിന്നുളള സ്ഥിരം മറുപടി.