7 മേഖലകളില്‍ കൂടി നാളെ മുതല്‍ സൌദിവല്‍ക്കരണം
റിയാദ്: പ്രധാനപ്പെട്ട 7 മേഖലകളില്‍ നാളെ (മാര്‍ച്ച് 28, തിങ്കള്‍) മുതല്‍ സൌദിവല്‍ക്കരണം പ്രാബല്യത്തില്‍ വരും. ഭക്ഷണശാലകളിലും സൂപ്പർമാർക്കറ്റുകളിലുമുള്ള സൌദിവല്‍ക്കരണത്തിന്റെ രണ്ടാം ഘട്ടമാണ് നാളെ പ്രാബല്യത്തില്‍ വരുന്നത്. ഒരു വർഷം മുമ്പാണ് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹമ്മദ് അൽ-റാജ്ഹി പുറപ്പെടുവിച്ച ഈ മേഖലകളില്‍ സൌദിവല്‍ക്കരണം പ്രഖ്യാപിച്ചത്.
നാളെ ആരംഭിക്കുന്ന രണ്ടാം ഘട്ടത്തിൽ, ഡിപ്പാർട്ട്‌മെന്റ് സൂപ്പർവൈസർ, അക്കൗണ്ടിംഗ് ഫണ്ട് സൂപ്പർവൈസർ, കസ്റ്റമർ സർവീസ്, കസ്റ്റമർ അക്കൗണ്ടന്റ് എന്നീ തസ്തികകളില്‍ 100% ശതമാനം സൌദിവല്‍ക്കരണം നടപ്പിലാക്കണം. കൂടാതെ ബ്രാഞ്ച് മാനേജർ, അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ, ഡിപ്പാർട്ട്മെന്റ് മാനേജർ എന്നീ തസ്തികകളില്‍ 50% ശതമാനം സൌദിവല്‍ക്കരണവും നടപ്പിലാക്കണം.
മന്ത്രാലയം അനുവദിച്ച 360 ദിവസത്തെ ഗ്രേസ് പിരീഡ് അവസാനിച്ചതിന് ശേഷമാണ് തീരുമാനത്തിന്റെ രണ്ടാം ഘട്ടം നടപ്പിലാക്കുന്നത്. പദ്ധതി നടപ്പിലാക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.
300 ചതുരശ്ര മീറ്ററിൽ കുറയാത്ത വിസ്തീർണ്ണമുള്ള എല്ലാ കാറ്ററിംഗ് സ്റ്റോറുകള്‍ക്കും 500 ചതുരശ്ര മീറ്ററിൽ കുറയാത്ത വിസ്തീർണ്ണമുള്ള സൂപ്പർമാർക്കറ്റുകള്‍ക്കുമാണ് സൌദിവല്‍ക്കരണം ബാധകമാകുക. പാക്ക് ചെയ്ത ഭക്ഷ്യവസ്തുക്കൾ, ബോഡി കെയർ ടൂളുകൾ, ഡിറ്റർജന്റുകൾ, പ്ലാസ്റ്റിക്, പേപ്പർ ഉൽപ്പന്നങ്ങൾ തുടങ്ങിയവ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ ഈ പരിധിയില്‍ പെടും.
വിവിധ പ്രദേശങ്ങളിലെ സൌദി യുവതി-യുവാക്കള്‍ക്ക് അനുയോജ്യവും സുസ്ഥിരവുമായ തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുക, തൊഴിൽ വിപണിയിൽ അവരുടെ പങ്കാളിത്തം ഉയർത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ തീരുമാനമെന്ന് മന്ത്രാലയം വ്യക്തമാക്കി. തൊഴിൽ വിപണിയിലെ സാഹചര്യങ്ങളും തൊഴിലന്വേഷകരുടെ എണ്ണവും പരിഗണിച്ചാണ് ഈ തീരുമാണെമെന്നും മന്ത്രാലയം അറിയിച്ചു.