ഹൂത്തി ആക്രമണം: എണ്ണ വില ഉയർന്നു. ജിദ്ദയിൽ പുക മേഘങ്ങൾ കുറഞ്ഞ് തുടങ്ങി
ജിദ്ദയിലെ എണ്ണ വിതരണ കേന്ദ്രത്തിന് നേരെ ഹൂതികൾ വെള്ളിയാഴ്ച നടത്തിയ ആക്രമണത്തെ തുടർന്ന് ജിദ്ദയുടെ ആകാശത്ത് രൂപപ്പെട്ട പുക മേഘങ്ങൾ കുറഞ്ഞു തുടങ്ങി. മണിക്കൂറുകൾക്ക് ശേഷമാണ് രണ്ട് എണ്ണ ടാങ്കുകളിലേയും തീ നിയന്ത്രണ വിധേയമാക്കിയത്. എങ്കിലും അപകടസ്ഥലത്ത് നിന്ന് കൂടുതൽ മേഖലയിലേക്ക് തീ പടരുന്നത് തടയാനും അഗ്നി ശമന സേനക്ക് സാധിച്ചു.
ആക്രണത്തെ തുടർന്ന് പ്രദേശത്തെ ജനങ്ങളിൽ ആശങ്ക പടർന്നിരുന്നുവെങ്കിലും ഇപ്പോൾ സ്ഥിതിഗതികൾ സാധാരണ നിലയിലെത്തിയിട്ടുണ്ട്. ഏറ്റവും പുതിയ ഉപകരണങ്ങളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന സമ്പൂർണ അഗ്നിശമന സേനയാണ് അരാംകോയുടേത്. അതിനാൽ തന്നെ തീ മറ്റു ടാങ്കുകളിലേക്ക് പടരാതിരിക്കാനുള്ള കുറ്റമറ്റ പ്രവർത്തനങ്ങൾ നടത്താനായി.
ഒരു ദശലക്ഷം ബാരൽ ശേഷിയുള്ള ടാങ്കുകൾക്കാണ് തീ പിടിച്ചത്. ഹൂതികളുടെ മിസൈൽ ആക്രമണത്തിന് പിന്നാലെ എണ്ണ വില വീണ്ടും ബാരലിന് 120 ഡോളറിന് മുകളിലെത്തി. അരാംകോക്ക് നേരെയുണ്ടായ ആക്രമണം സൌദിയുടെ എണ്ണ ഉൽപാദനത്തേയും വിതരണത്തേയും ബാധിച്ചിട്ടുണ്ട്. ആക്രമണത്തെ തുടർന്ന് യെമനിലെ ഹൂതികൾക്ക് നേരെ സൌദി സഖ്യസേന കടുത്ത പ്രത്യാക്രമണവും ആരംഭിച്ചു. സൌദിക്ക് നേരയുണ്ടായ ആക്രമണത്തെ അമേരിക്കയുൾപ്പെടെയുള്ള ലോക രാജ്യങ്ങൾ അപലപിച്ചു.
ഹൂതികൾ നടത്തിവരുന്ന ആക്രമണത്തെ സൌദിക്ക് നേരെ മാത്രമായുള്ള ആക്രമണമായി കാണരുതെന്നും, ആഗോള എണ്ണ വിതരണം തകർക്കുന്നതിന് വേണ്ടിയാണ് സൌദിക്ക് നേരെ ആക്രമണം നടത്തുന്നതെന്നും സൌദി സഖ്യസേന അറിയിച്ചു.
ഞങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/LUZAzz0xgyiIdj0abQ0OCc