നാളെ മുതൽ ഇന്ത്യയിൽ നിന്ന് അന്താരാഷ്ട്ര വിമാന സർവീസുകൾ ആരംഭിക്കുന്നു. യാത്ര നിയന്ത്രണങ്ങളിൽ കേന്ദ്ര സര്‍ക്കാര്‍ ഇളവ് വരുത്തി

കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി വിമാനസര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍  നാളെ (മാർച്ച് 27) മുതൽ പൂർണ്ണമായും ഇല്ലാതാകും.  മാര്‍ച്ച് 27 മുതല്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ സാധാരണ നിലയിലാകുമെന്ന് വ്യോമയാന മന്ത്രാലയം നേരത്തെ തന്നെ അറിയിച്ചിരുന്നു. രോഗ്യമന്ത്രാലയത്തിന്‍റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാകും യാത്ര ക്രമീകരണങ്ങളെന്ന് വ്യോമയാനമന്ത്രാലയം അറിയിച്ചു. രണ്ട് വര്‍ഷത്തിന് ശേഷമാണ് രാജ്യാന്തര വിമാന സര്‍വീസ് സാധാരണ നിലയിലാകുന്നത്.

രാജ്യാന്തര വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിൻ്റെ ഭാഗമായി വിമാന യാത്രക്കാർക്ക് ഏർപ്പെടുത്തിയിരുന്ന കോവിഡ് നിയന്ത്രണങ്ങളിൽ കേന്ദ്ര സർക്കാർ ഇളവ് വരുത്തി. വിമാന ജീവനക്കാര്‍ പിപിഇ കിറ്റ് ധരിക്കണമെന്ന നിബന്ധന സർക്കാർ ഔദ്യോഗികമായി നീക്കി. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയാണ് ഇക്കാര്യം വ്യക്തമാക്കി ഉത്തരവിറക്കിയത്.

വിമാനത്താവളത്തിലെ ദേഹപരിശോധന വീണ്ടും ആരംഭിക്കും. വിമാനത്താവളങ്ങളിലും വിമാനത്തിനകത്തും മാസ്‌ക് ധരിക്കുന്നത് തുടരണം. അന്താരാഷ്ട്ര വിമാനങ്ങളില്‍ സാമൂഹ്യ അകലം പാലിക്കുന്നതിനായി സീറ്റുകള്‍ ഒഴിച്ചിടുന്ന രീതി ഒഴിവാക്കിയതായും എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു.

നാളെ മുതലാണ് ഇന്ത്യയിൽ നിന്ന് വീണ്ടും അന്താരാഷട്ര വിമാന സർവ്വീസുകൾ പുനരാരംഭിക്കുന്നത്. രണ്ട് വർഷത്തിന് ശേഷം ആരംഭിക്കുന്ന വിമാന സർവ്വീസകളെ പ്രതീക്ഷയോടെയാണ് പ്രവാസ ലോകം കാത്തിരിക്കുന്നത്.

ഇന്ത്യ-സൗദി സെക്ടറിൽ റഗുലർ വിമാന സർവീസുകളുടെ ബുക്കിംഗ് നേരത്തെ തന്നെ ആരംഭിച്ചിരുന്നു. കേരളത്തിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസാണ് സൗദിയിലെ വിമാനത്താവളങ്ങളിലേക്ക് സർവീസ് നടത്തുക. കോഴിക്കോട്-ജിദ്ദ സെക്ടറിൽ തിങ്കൾ, ബുധൻ, വെള്ളി, ഞായർ എന്നിങ്ങിനെ ആഴ്ചയിൽ നാല് സർവീസുകളും, കൊച്ചി-ജിദ്ദ സെക്ടറിൽ വെള്ളിയാഴ്ചയും എയർ ഇന്ത്യ എക്‌സ് പ്രസ് സർവീസ് നടത്തും. കോഴിക്കോട് – റിയാദ് സെക്ടറിൽ തിങ്കൾ, ചൊവ്വ, ബുധൻ, വെള്ളി, ശനി ദിവസങ്ങളിലും കണ്ണൂർ റിയാദ് സെക്ടറിൽ വ്യാഴം ഞായർ ദിവസങ്ങളിലുമാണ് സർവ്വീസുണ്ടാകുക. ഞായർ, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലാണ് കോഴിക്കോട്- ദമ്മാം സെക്ടറിൽ സർവീസ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്.

7 കിലോ ഹാന്റ് ബാഗിന് പുറമെ 20, 30 കിലോ വീതം ലഗേജുകളനുവദിക്കുന്ന വ്യത്യസ്ത ഫെയറുകളാണ് എയർ ഇന്ത്യ എക്സ്പ്രസ് ഓഫർ ചെയ്യുന്നത്. കൂടാതെ 100 റിയാലിന് 5 കിലോ എന്ന തോതിൽ കൂടുതൽ ബാഗേജുകളും കൊണ്ട് പോകാനാകും. കേരളത്തിൽ നിന്ന് സൗദിയിലേക്ക് പുറപ്പെടുന്ന യാത്രക്കാർക്ക് ഹാന്റ് ബാഗിന് പുറമെ 20 കിലോ ബാഗേജാണ് അനുവദിക്കുക. മറ്റു സ്വകാര്യ വിമാന കമ്പനികളും ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

ഞങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/LUZAzz0xgyiIdj0abQ0OCc

Share
error: Content is protected !!