ഇലക്ട്രിക് സ്കൂട്ടറിലെ ബാറ്ററി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. അച്ഛനും മകളും മരിച്ചു
ചെന്നൈ: ഇലക്ട്രിക് സ്കൂട്ടറിലെ ബാറ്ററി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ച് അച്ഛനും മകളും മരിച്ചു. സ്റ്റുഡിയോ ഉടമ വെല്ലൂര്‍ ചിന്ന അല്ലാപുരം ബലരാമന്‍ മുതലിയാര്‍ തെരുവില്‍ ദുരൈവര്‍മ (49), മകള്‍ മോഹനപ്രീതി (13) എന്നിവരാണ് മരിച്ചത്.
വീടിൻ്റെ വരാന്തയിൽ ഇലക്ട്രിക് സ്കൂട്ടർ ചാര്‍ജ് ചെയ്യാന്‍ വെച്ച് ദുരൈവര്‍മയും മകളും കിടന്നുറങ്ങുകയായിരുന്നു. ജനലുകളില്ലാത്ത ആസ്ബറ്റോസ് മേല്‍ക്കുരയോടുകൂടിയ ചെറിയ രണ്ട് മുറി വീടാണ് ഇവരുടേത്. ശനിയാഴ്ച പുലര്‍ച്ച രണ്ടരയോടെ സ്കൂട്ടറിന്‍റെ ബാറ്ററി പൊട്ടിത്തെറിച്ച് തീ ആളിപടരുകയായിരുന്നു.
ആളിപ്പടരുന്ന തീയും പുകയും കാരണം ദുരൈവര്‍മയും മോഹനപ്രീതിയും പുറത്തുവരാനാവാതെ മുറിക്കുള്ളില്‍നിന്ന് കുടുങ്ങി. സമീപവാസികള്‍ രക്ഷാപ്രവര്‍ത്തനത്തിയെങ്കിലും രക്ഷപ്പെടുത്താനായില്ല. ശ്വാസംമുട്ടിയാണ് ഇരുവരും മരിച്ചത്. പഴയ സോക്കറ്റിലാണ് ഇ- സ്കൂട്ടറിന്‍റെ ചാര്‍ജ് പ്ലഗ് ചെയ്തിരുന്നത്. അതിനാൽ ഷോര്‍ട്ട് സര്‍ക്യൂട്ടാവാം അപകടകാരണമെന്ന് കരുതുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ദുരൈവര്‍മയുടെ ഭാര്യ മരണപ്പെട്ടിരുന്നു. 10 വയസുള്ള മകന്‍ അവിനാഷ് തൊട്ടടുത്ത ബന്ധു വീട്ടില്‍ വിരുന്നു പോയിരുന്ന ദിവസമാണ് അപകടമുണ്ടായത്. തൊട്ടടുത്ത് നിര്‍ത്തിയിട്ട മറ്റൊരു ബൈക്കിനും വീടിനും തീപിടിച്ചു.
ഞങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/LUZAzz0xgyiIdj0abQ0OCc