മക്ക ബസ് പദ്ധതിയിലൂടെ ഇത് വരെ ഒരു ലക്ഷത്തിലധികം പേർ യാത്ര ചെയ്തു
മക്ക പൊതുഗതാഗത പദ്ധതിയുടെ ഭാഗമായ മക്ക ബസ് പദ്ധതിയിയുടെ പരീക്ഷണ ഓട്ടത്തിലൂടെ ഇത് വരെ ഒരു ലക്ഷത്തോളം പേർ യാത്ര ചെയ്തതായി അധികൃതർ അറിയിച്ചു. ഫെബ്രുവരി 15ന് ആരംഭിച്ച ആദ്യ പരീക്ഷണ ഓട്ടം മുതൽ ഇത് വരെ 6, 7, 12, 7A എന്നീ നാല് റൂട്ടുകളിലാണ് പരീക്ഷണ ഓട്ടം നടത്തിയത്.
ദിവസേന 40-ലധികം ബസുകൾ പരീക്ഷണാടിസ്ഥാനത്തിൽ വിവിധ റൂട്ടുകളിൽ ഓടുന്നുണ്ട്. യാത്രക്കാരുടെ എണ്ണം വർധിക്കാൻ സാധ്യതയുള്ള സീസണുകളിൽ ഉപയോഗിക്കുന്നതിനായി 40 ബസുകൾ കൂടി തയ്യാറാക്കിയിട്ടുണ്ട്. നിലവിലെ റൂട്ടുകളില്‍ റമദാനിലും ഹജ്ജ് സീസണിലും തീര്‍ഥാടകര്‍ക്ക് വേണ്ടി ബസ് സര്‍വീസ് നടത്തും.
ദിവസവും 22 മണിക്കൂറാണ് ബസുകളുടെ പ്രവർത്തന സമയം. പുലർച്ചെ 4 മണിക്ക് ആരംഭിക്കുന്ന ബസ് സർവീസ് അടുത്ത ദിവസം പുലർച്ചെ 2 മണിക്ക് അവസാനിക്കും. ഡ്രൈവർമാർ, ഓപ്പറേറ്റിംഗ് ടീം, മെക്കാനിക്ക് സ്റ്റാഫുകൾ, സപ്പോർട്ട് ടീം, സാങ്കേതിക വിദഗ്ധർ എന്നിവരുൾപ്പെടെ അഞ്ഞൂറോളം ജീവനക്കാരാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്.
400-ലധികം ബസുകൾ ഉൾക്കൊള്ളുന്ന ഒരു പുതിയ പൊതുഗതാഗത സംവിധാനമാണിത്. 85 സീറ്റുകൾ വരെ ഉൾക്കൊള്ളാൻ കഴിയുന്ന 240 സാധാരണ ബസുകളും 125 സീറ്റുകളുള്ള 160 ബസുകളും പദ്ധതിയിൽ ഉൾപ്പെടും.
യൂറോ-4 കാർബൺ ബഹിർഗമനം കുറയ്ക്കുന്ന പരിസ്ഥിതി സംരക്ഷണ സംവിധാനങ്ങൾ, ബസിനുള്ളിലും പുറത്തും നിരീക്ഷണ ക്യാമറകൾ വഴിയുള്ള സംരക്ഷണ സംവിധാനങ്ങൾ, കൂട്ടിയിടി ഒഴിവാക്കൽ സംവിധാനം, എത്തിച്ചേരേണ്ട സ്ഥലം കാണിക്കുന്ന ഇലക്ട്രോണിക് സ്‌ക്രീനുകൾ, കൂടാതെ ഹൈഡ്രോളിക് സംവിധാനം എന്നിവ ബസുകളിൽ സജ്ജീകരിക്കും.
വാഹനങ്ങളിൽ വൈഫൈ സേവനങ്ങളും യാത്രക്കാർക്ക് യാത്രാ വിവരങ്ങൾ പ്രദർശിപ്പിക്കുന്ന ഓഡിയോ വിഷ്വൽ സംവിധാനവും ഉണ്ടായിരിക്കും.
അടുത്ത രണ്ട് മാസത്തിനുള്ളിൽ വിശുദ്ധ നഗരമായ മക്കയിലെ പുതിയ റൂട്ടുകളിലൂടെയും സർവീസ് നടത്താനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ.
2022-ൽ പദ്ധതി പൂർത്തിയാക്കുകയാണ് ലക്ഷ്യം. അതിനാൽ മക്ക ബസ് പ്രോജക്റ്റ് അതിന്റെ എല്ലാ ട്രാക്കുകളിലും പരീക്ഷണം പൂർത്തിയാക്കുവാനുള്ള ഒരുക്കത്തിലാണ്.