റിയാദ് മെട്രോ ഈ വര്‍ഷം ഓടിത്തുടങ്ങും
ഹുദ ഹബീബ്
റിയാദ് മെട്രോ ഈ വര്‍ഷം അവസാനത്തോടെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് സൗദി ഗതാഗത മന്ത്രി എന്‍ജിനീയര്‍ സാലിഹ് അല്‍ ജസര്‍ വ്യക്യതമാക്കി.അടുത്ത വര്‍ഷം അവസാനത്തോടെ റിയാദ് മെട്രോ പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിക്കാനാണു ഉദ്ദേശിക്കുന്നത്.സൗദിയിലെ റോഡുകളില്‍ ഫീസ് ചുമത്തുന്നത് ഉടനുണ്ടാകില്ലെന്നും ഗതാഗത മന്ത്രി അറിയിച്ചു.
അറ്റകുറ്റപ്പണിയും റോഡുകളുടെ ഗുണനിലവാരവും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മിക്ക രാജ്യങ്ങളും റോഡ് ഫീ നടപ്പാക്കുന്നുണ്ടെന്നും അതിനാല്‍ സൗദിയിലും പിന്നീട് നടപ്പാക്കിയേക്കാമെന്നും മന്ത്രി അറിയിച്ചു.പുതിയ ടെര്‍മിനലുകളും റണ്‍വേകളും ഉള്‍പ്പെടുന്ന ഒരു വലിയ വിമാനത്താവളം റിയാദില്‍ നിര്‍മാണം പുരോഗമിക്കുന്നുണ്ട്. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇത് ആരംഭിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നു.
സൗദിയേയും ഈജിപ്തിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം നടപ്പാക്കാനുദ്ദേശിക്കുന്ന പ്രദേശത്ത് കടലിന്റെ ആഴം 300 മീറ്ററില്‍ കൂടുതലായതിനാല്‍ സാങ്കേതിക വെല്ലുവിളികളുണ്ടെന്നും എന്നാല്‍ പദ്ധതി റദ്ദാക്കിയിട്ടില്ലെന്നും തല്‍ക്കാലം മാറ്റിവെച്ചിരിക്കുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
റൊത്താന ഖലീജിയ ചാനലില്‍ ‘ഇന്‍ ദ പിക്ചര്‍’ എന്ന പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.