ഇഅതികാഫ് അവസാന പത്ത് ദിവസം മാത്രം
മക്ക: രണ്ട് വര്‍ഷത്തിന് ശേഷം മക്കയിലും മദീനയിലുമുള്ള ഹറം പള്ളികളില്‍ ഇഅതികാഫിന് അനുമതി ലഭിക്കുമ്പോള്‍ അത് റമദാനിലെ അവസാന പത്ത് ദിവസം മാത്രമായിരിക്കുമെന്ന് ഹറം കാര്യവിഭാഗം ശൈഖ് അബ്ദുറഹ്മാന്‍ സുദൈസ് വ്യക്തമാക്കി. ഇഅതികാഫിന് റജിസ്റ്റര്‍ ചെയ്യാനുള്ള വഴികളും നിബന്ധനകളും ഉടന്‍ പ്രഖ്യാപിക്കും.
മക്കയിലെ മസ്ജിദുല്‍ ഹറാമിലും മദീനയിലെ മസ്ജിദുന്നബവിയിലും ഈ റമദാനില്‍ ഇഅതികാഫ് ഇരിക്കാനുള്ള പെര്‍മിറ്റ് വിശ്വാസികള്‍ക്ക് നല്കുമെന്ന് ശൈഖ് അബ്ദുറഹ്മാന്‍ സുദൈസ് നേരത്തെ അറിയിച്ചിരുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്നു കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും ഹറം പള്ളിയില്‍ ഇഅതികാഫിന് അനുമതി ഉണ്ടായിരുന്നില്ല.
വ്യവസ്ഥകള്‍ക്ക് വിധേയമായി ഹറംകാര്യവിഭാഗത്തിന്‍റെ വെബ്സൈറ്റ് വഴിയായിരിക്കും പെര്‍മിറ്റ് നല്കുക.
കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് കൂടുതല്‍ തീര്‍ഥാടകര്‍ക്ക് പ്രവേശനം നല്‍കിയതോടെയാണ് ഇഅതികാഫിനുള്ള അനുമതി വീണ്ടും നല്‍കുന്നത്. ഇഫ്താര്‍ സുപ്രകളും 2 വര്‍ഷത്തിന് ശേഷം ഈ റമദാനില്‍ ഹറം പള്ളികളില്‍ തിരിച്ചെത്തുകയാണ്.