സ്വന്തം മകനേയും കുടുംബത്തേയും ചുട്ടു കൊന്നത് എന്തിന്. നാട്ടുകാർ പറയുന്നു
അലക്കിത്തേച്ച വൃത്തിയുള്ള വേഷത്തിൽ മാത്രമേ മകനേയും കുടുംബത്തേയും ചുട്ട് കൊന്ന ഹമീദിനെ നാട്ടുകാർ പുറത്തു കണ്ടിട്ടുള്ളൂ. കയ്യിൽ ധാരാളം കാശുള്ള ആൾ, പക്ഷേ, മക്കളുമായി നിരന്തരം വഴക്ക്. ചീനിക്കുഴി എന്ന ചെറിയ പട്ടണത്തിലെ നാട്ടുകാർ പറഞ്ഞത് ഹമീദിന്റെ ജീവിതത്തെക്കുറിച്ചായിരുന്നു. ചീനിക്കുഴിയിൽ ആലിയക്കുന്നേൽ തറവാട്ടിൽ ജനിച്ചു വളർന്ന ഹമീദ് പൊടിമില്ലും അരിക്കച്ചവടവുമായാണ് ജീവിച്ചിരുന്നത്. പാരമ്പര്യമായി ഭൂമിയും കടമുറികളും സ്വത്തായുള്ള കുടുംബമായിരുന്നു ആലിയക്കുന്നേൽ. ഹമീദ് നാട്ടുകാരോട് അധികം ഇടപഴകാറില്ല. പൊതുവെ പ്രശ്നക്കാരനല്ലെങ്കിലും വീട്ടിൽ പ്രശ്നങ്ങളൊഴിഞ്ഞ നേരമില്ലെന്ന് അയൽക്കാർ പറയുന്നു. ചെറിയ പ്രശ്നങ്ങൾക്ക് പോലും മക്കൾക്കെതിരെ കേസ് കൊടുക്കാമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
20 വർഷം മുൻപ് ഭാര്യയെയും 3 മക്കളെയും ഉപേക്ഷിച്ച് ഹമീദ് ഇടുക്കി കരിമ്പനിൽ മറ്റൊരു സ്ത്രീക്കൊപ്പമായിരുന്നു താമസം. കുടുംബത്തെ ഉപേക്ഷിച്ച് പോയതോടെ ഹമീദിന്റെ പിതാവ് സ്വത്തു മുഴുവൻ ഹമീദിന്റെ മൂന്നു മക്കളുടെയും പേരിലേക്ക് ഇഷ്ടദാനമായി എഴുതിവച്ചു. അഞ്ചു വർഷം മുൻപ് കരിമ്പനിലുള്ള വീട്ടിൽ നിന്ന് തെറ്റിപ്പിരിഞ്ഞ് ചീനിക്കുഴിയിലേക്ക് തിരികെ വന്നു. ഇതിനിടെ ഹമീദിന്റെ മകൾ ഷൈനി ജീവനൊടുക്കിയിരുന്നു. മൂന്നു വർഷം മുൻപ് ഭാര്യ ഫാത്തിമയും മരിച്ചു.
തറവാട്ട് വീടുള്ള 3 ഏക്കർ സ്ഥത്ത് ഇളയമകൻ ഫൈസലും കുടുംബവുമായിരുന്നു താമസം. ഹമീദ് ഇവിടേക്കാണ് തിരികെ എത്തിയത്.പേരക്കുട്ടികളെ ഉപദ്രവിക്കുന്നതായി പരാതി വന്നു. പണം പലിശയ്ക്ക് കൊടുത്താണ് ഹമീദ് ഉപജീവന മാർഗം കണ്ടെത്തിയത്. മക്കൾ തന്നെ സ്വീകരിക്കുന്നില്ലെന്ന പരാതിയുമായി ഇതിനിടെ ഹമീദ് കോടതിയെ സമീപിച്ചു. ഇതോടെ 18 സെന്റ് സ്ഥലം ഇയാൾക്ക് തിരികെ ലഭിച്ചു. മൂന്നു നേരം ഭക്ഷണവും കിടക്കാൻ ഒരു മുറിയും ഹമീദിനു നൽകാൻ കോടതി ഉത്തരവിടുകയും ചെയ്തു. കൂടുതൽ ഭൂമി വേണമെന്നും ജീവനാംശം വേണമെന്നും പറഞ്ഞു തർക്കം പതിവായിരുന്നു. ഇതോടെ ഹമീദിന് തറവാട്ടുവീട് കൊടുത്ത് പുതിയ വീട്ടിലേക്ക് കുടുംബത്തോടൊപ്പം താമസം മാറാനായിരുന്നു ഫൈസലിന്റെ പദ്ധതി.
തന്നെ തനിച്ചാക്കി പോകാൻ ആലോചിക്കുന്ന മകനെയും കുടുംബത്തെയും പുതിയ വീട്ടിൽ ജീവിക്കാൻ അനുവദിക്കില്ലെന്നും ഹമീദ് ഭീഷണി മുഴക്കിയിരുന്നതായി ഇന്നലെ നാട്ടുകാർ പൊലീസിനോടു പറഞ്ഞു.പിതാവിന്റെ വധഭീഷണിക്കെതിരെ കഴിഞ്ഞ ഫെബ്രുവരി 25നു ഫൈസൽ തൊടുപുഴ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. രണ്ടു മക്കൾക്കുമെതിരെ ഹമീദും പൊലീസ് സ്റ്റേഷനിൽ പല തവണ പരാതി നൽകിയിരുന്നു. പിതാവിന്റെ ഭീഷണി ഫൈസൽ പേടിച്ചിരുന്നു എന്നാണ് പരിചയക്കാർ പറയുന്നത്. മക്കളെ പിതാവ് ഉപദ്രവിക്കുമെന്ന് ഭയന്ന് രണ്ടു മക്കളെയും തന്റെ കൂടെ മുറിയിൽത്തന്നെയാണ് ഫൈസൽ ഉറങ്ങാൻ കിടത്തിയിരുന്നത്.
ഞങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം https://chat.whatsapp.com/DXQKEOO2hmYK5l78SOMrkd