സൗദിയിൽ ലെവി ഇളവ് അടുത്ത വർഷം അവസാനിക്കും
സൌദി അറേബ്യയിൽ ചെറുകിട സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ലെവിയിൽ നൽകി വന്നിരുന്ന ഇളവ് അടുത്ത വർഷം അവസാനിക്കും. മൂന്ന് വർഷത്തേക്കായിരുന്നു ലെവിയിൽ ഇളവ് അനുവദിച്ചിരുന്നത്. 2020 ഏപ്രിൽ മാസത്തിൽ ആരംഭിച്ച ഇളവ് 2023 മാർച്ച് മാസത്തിൽ അവസാനിക്കും.
പ്രതിമാസം 800 റിയാൽ അഥവാ വർത്തിൽ 9,600 റിയാലാണ് സൌദിയിൽ വിദേശ തൊഴിലാളികൾക്ക് ഏർപ്പെടുത്തിയിട്ടുള്ള ലെവി. ഇതിന് പകരമായി ചെറുകിട സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് 100 റിയാലാക്കിയായിരുന്നു ലെവിയിൽ ഇളവ് അനുവദിച്ചിരുന്നത്.
ഒമ്പതോ അതിൽ കുറവോ ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങളിലെ നാല് വരെ തൊഴിലാളികൾക്കാണ് നിലവിൽ ഇളവ് ലഭിക്കുന്നത്. ഇതിന് തൊഴിലുടമ മുഴുസമയവും സ്ഥാപനത്തിൽ ജോലി ചെയ്യണമെന്നും വ്യവസ്ഥയുണ്ട്. തൊഴിലുടമക്ക് പുറമെ ഒരു സ്വദേശി കൂടി സ്ഥാപനത്തിൽ ജോലി ചെയ്യുന്നുണ്ടെങ്കിൽ നാല് വിദേശ തൊഴിലാളികൾക്ക് ലെവി അടക്കേണ്ടതില്ല. ഈ ഇളവുകളാണ് അടുത്ത വർഷം മുതൽ അവസാനിക്കുക. ഒമ്പതോ അതിൽ കുറവോ ജീവനക്കാരുള്ള 576,312 സ്ഥാപനങ്ങൾ സൌദിയിലുണ്ടെന്നാണ് കണക്ക്.