സൗദിയിൽ നാളെ മുതൽ സ്‌കൂളുകൾ സാധാരണ നിലയിൽ പ്രവർത്തിക്കും

രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം, നാളെ (ഞായറാഴ്ച) മുതൽ സൌദി അറേബ്യയിലെ സ്കൂളുകളിൽ അസംബ്ലി പുനരാരംഭിക്കും. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം. നാളെ മുതൽ മൂന്നാം സെമസ്റ്റർ ആരംഭിക്കുന്നതോടെ മുഴുവൻ വിദ്യാർഥികളും സ്കൂളിലെത്തും. ഇതോടെ സ്കൂളും പരിസരവും കോവിഡിന് മുമ്പുള്ള സാഹചര്യത്തിലേക്ക് തിരിച്ചെത്തും.

പ്രൈമറി ക്ലാസുകളിലേയും കിന്റർ ഗാർട്ടനുകളിലെയും മുഴുവൻ വിദ്യാർത്ഥികളും ഹാജരാകുന്നതിന് ആവശ്യമായ  എല്ലാ ക്രമീകരണങ്ങളും സ്കൂളുകളിൽ ഒരുക്കാൻ വിദ്യാഭ്യാസ മന്ത്രാലയം വിവിധ മേഖലകളിലെ ഗവർണറേറ്റുകളോടാവശ്യപ്പെട്ടു. ക്ലാസ് മുറികളിൽ വിദ്യാർഥികൾ തമ്മിൽ അകലം പാലിക്കേണ്ടതില്ല. കൂടാതെ അസംബ്ലിയിലും പ്രാർത്ഥനക്കും, ക്ലാസ് മുറികൾക്ക് പുറത്തും മറ്റു പാഠ്യേതര സാഹചര്യങ്ങളിലും അകലം പാലിക്കാതെ തന്നെ കുട്ടികൾക്ക് ഇടപഴകാം.

 

 

വിദ്യാഭ്യാസ ഭരണസംവിധാനങ്ങളുടെ മേൽനോട്ട സമിതികൾ സ്കൂളുകളിലെ ക്രമീകരണങ്ങൾ ഉറപ്പ് വരുത്തുന്നതിനായി പരിശോധന നടത്തി. മക്ക മേഖലയിലെ 1,522 സ്കൂളുകൾ പ്രവർത്തനത്തിന് പൂർണ്ണ സജ്ജമായതായി അധികൃതർ അറിയിച്ചു. ഏകദേശം 3,88,000 വിദ്യാർഥികൾ നാളെ മക്ക മേഖലയിൽ മാത്രം സ്കൂളുകളിലേക്ക് മടങ്ങിയെത്തും.

അധ്യാപകർ, വിദ്യാർഥികൾ, സന്നദ്ധ സംഘടനകൾ, ഭരണകൂട സംഘം എന്നിവരുടെ പങ്കാളിത്തത്തോടെ മടങ്ങി വരുന്ന വിദ്യാർഥികളെ സ്വീകരിക്കുന്നതിനായി വിപുലമായ ആഘോഷ പരിപാടികളൊരുക്കുമെന്ന് മേഖലയിലെ വിദ്യാഭ്യാസ ഡയറക്ടർ ഡോ. അഹമ്മദ് അൽ-സെയ്ദി സ്ഥിരീകരിച്ചു.

12 വയസ്സിന് മുകളിലുള്ള വിദ്യാർത്ഥികൾക്ക് പ്രതിരോധ  കുത്തിവെപ്പെടുക്കണമെന്ന വ്യവസ്ഥ മാറ്റമില്ലാതെ തുടരും. സ്കൂളും പരിസരങ്ങളും അണുവിമുക്തമാക്കുന്നതുൾപ്പെടെയുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

റിയാദിൽ മൂന്നാം സെമസ്റ്റർ ആരംഭിക്കുന്നതോടെ എല്ലാ പൊതു, സ്വകാര്യ സ്‌കൂളുകളുടെയും വേനൽക്കാല ഷിഫ്റ്റ് ആരംഭിക്കുന്നതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു, നാളെ ഞായറാഴ്ച; രാവിലെ 6:30 ന് സ്കൂളിൽ ഹാജരാകണം, ആദ്യ സെഷൻ രാവിലെ 6:45 ന് ആരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

 

വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം

https://chat.whatsapp.com/DXQKEOO2hmYK5l78SOMrkd

 

 

 

Share
error: Content is protected !!