മദീനയിലെ പ്രവാചക പള്ളിയിൽ സുജൂദിനിടെ വിശ്വാസി മരിച്ചോ ? യാഥാർത്ഥ്യം ഇതാണ്.
മദീന: മദീനിലെ മസ്ജിദു നബവിയിൽ സുജൂദിൽ കഴിയുന്നതിനിടെ വിശ്വാസി മരിച്ചതായി വന്ന വാർത്ത തെറ്റാണെന്ന് സൌദി റെഡ് ക്രസൻ്റ് അതോറ്റി വ്യക്തമാക്കി. 18-03-2022ന് മദീനയിലെ മസ്ജിദു നബവയിൽ ജുമുഅ നിസ്കാരത്തിനിടെ, വിശ്വാസി സുജൂദിലിരിക്കെ മരണം സംഭവിച്ചതായാണ് വാർത്ത പ്രചരിച്ചിരുന്നത്. മരിച്ച വ്യക്തിയെ നിസ്കരിക്കുന്ന പരവതാനി കൊണ്ട് മൂടിയ നിലയിലുള്ള ഫോട്ടോയും വാർത്തയോടൊപ്പം പ്രചരിച്ചിരുന്നു.
എന്നാൽ വിശ്വാസി മരിച്ചിട്ടില്ലെന്നും നിസ്കാരത്തിനിടെ ബോധക്ഷയം സംഭവിച്ചതാണെന്നും പിന്നീട് റെഡ് ക്രസൻ്റ് അതോറിറ്റി മദീന ശാഖയുടെ വക്താവ് ഖാലിദ് അൽ സാഹലി വ്യക്തമാക്കി. ഇദ്ദേഹത്തെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റിയതായും അദ്ദേഹം പറഞ്ഞു.
സുജൂദ് ചെയ്യുന്നതിനിടെ ബോധക്ഷയം സംഭവിച്ച വിശ്വാസിയുടെ മേൽ നിസ്കാരത്തിനുപയോഗിക്കുന്ന പരവാതാനി ഉപയോഗിച്ച് മൂടിയതോടെയാണ് ഇദ്ദേഹം മരിച്ചതായി വാർത്ത പ്രചരിച്ചത്. ആദ്യം സമൂഹ മാധ്യമങ്ങളിലാണ് വാർത്ത പ്രത്യക്ഷപ്പെട്ടതെങ്കിലും, പിന്നീട് ചില പ്രാദേശി ഓണ്ലൈൻ മാധ്യമങ്ങളും ഇത് വാർത്തയാക്കിയിരുന്നു. തുടർന്നാണ് റെഡ് ക്രസൻ്റ് അതോറിറ്റി ഇത് സംബന്ധിച്ച കാര്യത്തിൽ വ്യക്തത വരുത്തിയത്.