ഗൾഫ് വിമാന യാത്ര വീണ്ടും സജീവമാകുന്നു. വിമാന കമ്പനികൾ ഷെഡ്യൂൾ പ്രഖ്യാപിച്ചു

ഇന്ത്യ അന്താരാഷ്ട്ര വിമാന സർവ്വീസുകൾ പുനരാരംഭിക്കുന്നതോടെ ഗൾഫ് സെക്ടർ വീണ്ടും സജീവമാകുന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് നിറുത്തി വെച്ചിരുന്ന സർവീസുകൾ മാർച്ച് 27 മുതൽ പുനരാരംഭിക്കുകയാണ്. ഇന്ത്യ-സൌദി സെക്ടറുകളിലും, ഇന്ത്യ-യു.എ.ഇ സെക്ടറുകളിലും വിമാന കമ്പനികൾ സാധാരണ സർവീസുകൾ ഷെഡ്യൂൾ ചെയ്ത് കഴിഞ്ഞു. വരും ദിവസങ്ങളിൽ മറ്റു രാജ്യങ്ങളിലേക്കും വിമാന യാത്ര ഷെഡ്യൂൾ ചെയ്യും.

യു.എ.ഇ വിമാന സർവീസ്

ഷാർജ – കോഴിക്കോട് എയർ ഇന്ത്യ സർവീസ് മാർച്ച് 28 മുതൽ പുനരാരംഭിക്കും. ആഴ്ചയിൽ എല്ലാ ദിവസവുമുള്ള ഈ സർവീസ് പ്രവാസികൾക്ക് ഏറെ അനുഗ്രഹമായിരുന്നു. വർഷങ്ങളായി ഇന്ത്യൻ എയർലൈൻസ് വിമാനങ്ങളാണ് സർവീസ് നടത്തിയിരുന്നത്. പിന്നീട് അത് എയർഇന്ത്യ ആയി മാറി. എന്നാൽ, കോവിഡ് വ്യാപനത്തെ തുടർന്ന് വിമാനസർവീസുകൾക്ക് നിയന്ത്രണങ്ങൾ വന്നതോടെ എയർഇന്ത്യയുടെ ഈ സർവീസുകൾ നിർത്തലാക്കുകയായിരുന്നു. ഇപ്പോൾ അന്താരാഷ്ട്ര വിമാന വിലക്ക്​ മാറിയതോടെയാണ്​ എയർ ഇന്ത്യ വീണ്ടും എത്തുന്നത്​.

എല്ലാദിവസവും രാത്രി ഒന്നിന്​ ഷാർജയിൽ നിന്നും പുറപ്പെട്ട് ഇന്ത്യൻ സമയം രാവിലെ 6:35നാണ് ഈ വിമാനം കോഴിക്കോട് എത്തിച്ചേരുക. കോഴിക്കോടുനിന്നും രാത്രി 10ന് പുറപ്പെട്ട് രാത്രി 12:05ന് ഷാർജയിൽ എത്തും. തുടക്കത്തിൽ ഷാർജയിൽനിന്നും കോഴിക്കോട്ടേക്ക് 430 ദിർഹമാണ് ഏറ്റവും കുറഞ്ഞ നിരക്ക്. എക്കണോമി ക്ലാസിൽ 40കിലോ ബാഗേജും ബിസിനസ് ക്ലാസിൽ 45 കിലോ ബാഗേജും കൊണ്ടുപോകാമെന്ന് പ്രത്യേകതയുമുണ്ട്.

ദുബൈയിൽ നിന്ന്​ എല്ലാ ദിവസവുമുള്ള എയർഇന്ത്യയുടെ കോഴിക്കോട്, കൊച്ചി, ചെന്നൈ, ഹൈദരാബാദ്, മുംബൈ, ഡൽഹി വിമാന സർവീസുകളുടെ വേനൽക്കാല ഷെഡ്യൂളും ശനിയാഴ്ചകളിലെ ദുബൈ – ഇൻഡോർ, ആഴ്ചയിൽ നാലു ദിവസങ്ങളിൽ സർവീസുള്ള ദുബൈ – ഗോവ-ബംഗളൂരു, എല്ലാ ദിവസവുമുള്ള അബൂദബി – മുംബൈ സർവീസുകളുടെയും വേനൽക്കാല ഷെഡ്യൂളും എയർ ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ ഡൽഹി, കൊച്ചി, മുംബൈ സെക്ടറിൽ ഡ്രീംലൈനർ വിമാനങ്ങളാണ് ഉപയോഗിക്കുകയെന്നും എയർ ഇന്ത്യ അറിയിച്ചു. എയർഇന്ത്യയുടെ വെബ്സൈറ്റ് മുഖേനയോ ട്രാവൽ ഏജൻസികൾ വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാം.

സൌദി വിമാനങ്ങളുടെ സമയക്രമം

രാജ്യാന്തര വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിൻ്റെ ഭാഗമായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്പ്രസും റഗുലർ സർവീസുകളുടെ ബുക്കിംഗ് ആരംഭിച്ചു. മാർച്ച് 27 മുതൽ തന്നെ സർവീസുകൾ പുനരാരംഭിക്കും. കേരളത്തിൽ നിന്ന് സൗദിയിലേക്ക് എയർ ഇന്ത്യ എക്‌സ്പ്രസ് ആണ് സർവീസ് നടത്തുക.

കോഴിക്കോട്-ജിദ്ദ സെക്ടറിൽ തിങ്കൾ, ബുധൻ, വെള്ളി, ഞായർ എന്നിങ്ങിനെ ആഴ്ചയിൽ നാല് സർവീസുകളും, കൊച്ചി-ജിദ്ദ സെക്ടറിൽ വെള്ളിയാഴ്ചയും എയർ ഇന്ത്യ എക്‌സ് പ്രസ് സർവീസ് നടത്തും.

കോഴിക്കോട് – റിയാദ് സെക്ടറിൽ തിങ്കൾ, ചൊവ്വ, ബുധൻ, വെള്ളി, ശനി ദിവസങ്ങളിലും കണ്ണൂർ റിയാദ് സെക്ടറിൽ വ്യാഴം ഞായർ ദിവസങ്ങളിലുമാണ് സർവ്വീസുണ്ടാകുക.

ഞായർ, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലാണ് കോഴിക്കോട്- ദമ്മാം സെക്ടറിൽ സർവീസ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്.

7 കിലോ ഹാന്റ് ബാഗിന് പുറമെ 20, 30 കിലോ വീതം ലഗേജുകളനുവദിക്കുന്ന വ്യത്യസ്ഥ ഫെയറുകൾ യാത്രക്കാർക്ക് തെരഞ്ഞെടുക്കാം.

കൂടാതെ 100 റിയാലിന് 5 കിലോ എന്ന തോതിൽ കൂടുതൽ ബാഗേജുകളും കൊണ്ട് പോകാനാകും.

കേരളത്തിൽ നിന്ന് സൗദിയിലേക്ക് പുറപ്പെടുന്ന യാത്രക്കാർക്ക് ഹാന്റ് ബാഗിന് പുറമെ 20 കിലോ ബാഗേജാണ് അനുവദിക്കുക.  കോഴിക്കോട് നിന്ന് ജിദ്ദ, റിയാദ് എന്നീ സെക്ടറുകളിൽ ഏകദേശം 29,000 രൂപ മുതലും, കോഴിക്കോട്-ദമ്മാം സെക്ടറിൽ 26,000 രൂപ മുതലുമാണ് ടിക്കറ്റ് നിരക്ക്.

ടിക്കറ്റുകൾ ഓണൈലൈനിലും ല്ഭ്യമാണ്. ഗോ എയർ ഉൾപ്പെടെയുള്ള മറ്റു സ്വകാര്യ വിമാന കമ്പനികളും സർവീസുകൾ ഷെഡ്യൂൾ ചെയ്ത് തുടങ്ങി. അടുത്ത ദിവസങ്ങളിൽ കൂടുതൽ വിമാന കമ്പനികൾ യാത്ര ക്രമീകരിക്കുമെന്നാണ് വിവരം

Share
error: Content is protected !!