റമദാനിൽ വീട്ടുജോലിക്കാരുടെ വേതനം ഇരട്ടിയിലേറെ ഉയരും
സൌദിയിൽ വീട്ടു ജോലിക്കാരുടെ വേതനം ഇരട്ടിയായി വർധിപ്പിക്കുമെന്ന് റിപ്പോർട്ട്. വിശുദ്ധ റമദാനിൽ വീട്ടു ജോലിക്കാരുടെ ആവശ്യം ഉയരുന്നതിനാലാണ് വേതനം വർധിപ്പിക്കുന്നത്. ചില പ്രദേശങ്ങളിൽ വേതനം 5000 റിയാൽ മുകളിലെത്തും. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മലയാളികളുൾപ്പെടെ വീടുകളിൽ ജോലി ചെയ്യുന്ന ഹൌസ് ഡ്രൈവർമാർ, ഹാരിസ്, അടുക്കള ജോലിക്കാർ തുടങ്ങി എല്ലാ വീട്ടു ജോലിക്കാർക്കും വർധന ലഭിക്കുമെന്നാണ് സൂചന
കഴിഞ്ഞ മാസങ്ങളിൽ റിയാദ് നഗരത്തിലെ ഗാർഹിക തൊഴിലാളികളുടെ വേതനം 1035 റിയാലായിരുന്നു. എന്നാൽ റമദാനിൽ ഇത് 4000 റിയാലായി ഉയരും. സൌദിയുടെ മറ്റു ചില പ്രദേശങ്ങളിൽ നിലവിലെ വേതനത്തിൻ്റെ ഇരട്ടിയിലെത്തും. .
ജിസാനിൽ സാധാരണ സമയങ്ങളിൽ 1500 റിയാലാണ് ഗാർഹിക തൊഴിലാളികളുടെ വേതനം. റമദാൻ മാസം അടുക്കുന്നതോടെ ഇത് 2773 റിയാലിലെത്തി, അബഹ നഗരത്തിൽ ഇപ്പോൾ തന്നെ 3,000 റിയാലിലെത്തി, റമദാനിൽ വേതനത്തിൽ 500 റിയാൽ കൂടി വർധിക്കാനിടയുണ്ട്.
മദീനയിൽ, സാധാരണ ദിവസങ്ങളിൽ ഒരു സ്ത്രീ തൊഴിലാളിയുടെ വേതനം 2,990 ആയി കണക്കാക്കപ്പെടുന്നു, അത് റമദാനിൽ 5,000 റിയാലായി ഉയരും. അതേസമയം ജിദ്ദയിൽ നിലവിൽ 2500 റിയാലുള്ള വേതനം റമദാനിൽ 3980 ലെത്തും.