വഖഫ് നിയമനം: മുഖ്യമന്ത്രി മുസ്ലിം സംഘടനകളുടെ യോഗം വിളിക്കുന്നു
വഖഫ് നിയമനം പി.എസ്.സിക്ക് വിടുന്ന വിഷയത്തിൽ മുഖ്യമന്ത്രി മുസ്ലിം സംഘടനകളുടെ യോഗം വിളിക്കും. തിരുവനന്തപുരത്ത് വെച്ച് അടുത്ത മാസം 20ന് യോഗം നടത്തുവാനാണ് തീരുമാനം. വഖഫ് നിയമനം പി.എസ്.സി ക്ക് വിടുന്ന വിഷയത്തിൽ മുസ്ലിം സംഘടനകളുടെ ഭാഗത്ത് നിന്നുള്ള എതിർപ്പുകൾ ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് യോഗം വിളിക്കുന്നത്.
വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് കഴിഞ്ഞ ദിവസം മന്ത്രി അബ്ദുറഹ്മാൻ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. ആശങ്ക അറിയിച്ച സംഘടനകളുമായി ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞിരുന്നു. എന്നാൽ ഇതിനെതിരെ സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങൾ തന്നെ രംഗത്ത് വന്നു. മന്ത്രിയുടെ പ്രസ്താവന മുഖ്യമന്ത്രി നൽകിയ ഉറപ്പിന് വിരുദ്ധമാണെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.
വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തിനെതിരെ മുസ്ലിം ലീഗിന്‍റെ നേതൃത്വത്തിൽ നേരത്തെ പ്രതിഷേധമുയർത്തിയിരുന്നു. സമരനീക്കവുമായി മുസ്ലിം ലീഗ് മുന്നോട്ട് പോകുന്നതിനിടെ സമസ്ത പിൻമാറിയത് ലീഗിന് തിരിച്ചടിയാകുകയും ചെയ്തു. ചർച്ച ചെയ്ത് പരിഹാരമുണ്ടാക്കാമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഉറപ്പിലാണ് സമസ്ത സമരത്തിൽ നിന്ന് പിൻമാറിയത്.
എന്നാൽ, വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി അബ്ദുറഹ്മാൻ പ്രഖ്യാപിച്ചത് മുസ്ലിം സംഘടനകളിൽ അമർഷത്തിനിടയാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി മുസ്ലിം സംഘടനകളുടെ യോഗം വിളിക്കുന്നത്.
വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം